HOME
DETAILS

ഭാഗ്യം വന്ന വഴി

  
backup
May 09 2016 | 06:05 AM

%e0%b4%ad%e0%b4%be%e0%b4%97%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%b4%e0%b4%bf
രാഷ്ട്രീയം തലക്കുപിടിച്ച ഒരു ഗ്രാമത്തിലാണു ഞാന്‍ ജനിച്ചു വളര്‍ന്നത്. ചെറുപ്പം മുതല്‍ക്കേ തെരഞ്ഞെടുപ്പ് എനിക്കൊരു ഹരമായിരുന്നു. തെരഞ്ഞെടുപ്പ് എന്റെ നാട്ടുകാര്‍ക്ക് ഉത്സവം തന്നെയായിരുന്നു. ചുമരെഴുത്ത്, ജാഥ, നോട്ടീസ് വിതരണം, കൊടിതോരണങ്ങള്‍, മൈക്ക് അനൗണ്‍സ്‌മെന്റ് എല്ലാറ്റിന്റെയും കൂടെ ഞങ്ങള്‍ കുട്ടികളുമുണ്ടാകും. സോഷ്യലിസ്റ്റും കവിയും ചിത്രകാരനുമായ സ്‌കൂളിലെ ഞങ്ങളുടെ കുഞ്ഞോയി മാസ്റ്റര്‍ (കെ.സി.കെ നെടിയനാട്) കോണ്‍ഗ്രസിനെതിരില്‍ ചുമരായ ചുമരുകളിലെല്ലാം 'ആവടി സോഷ്യലിസം, പള്ളകടി സോഷ്യലിസം' എന്ന്എഴുതി നിറച്ചതും കുടില്‍ ചിഹ്‌നം വരച്ചുവച്ചതുമെല്ലാം എന്റെ ഓര്‍മയിലുണ്ട്. തെരഞ്ഞെടുപ്പ് വന്നാല്‍ പിന്നെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്നതു വരെയും വിജയാഹ്ലാദ പരിപാടികള്‍ വരെയും എനിക്ക് ഹരഹരോഹരം. ഏതുകൂട്ടര്‍ ജയിച്ചാലും. ജോലി കിട്ടി 'പൊതുജന സേവനം' ദിനചര്യയായതോടെയാണു തെരഞ്ഞെടുപ്പില്‍ ഹരം മാത്രമല്ല, ചില ബുദ്ധിമുട്ടുകളുമുണ്ടെന്നു മനസിലായത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ രൂപത്തിലാണു പ്രയാസങ്ങളുടെ അവതാരം. പക്ഷേ, അതും ഏറെ ബാധിച്ചിരുന്നില്ല. മാഷുമാര്‍ക്കും മറ്റു സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും ഇലക്ഷന്‍ ഡ്യൂട്ടിയുണ്ടാവാറുണ്ടെങ്കിലും ഞങ്ങള്‍ ബാങ്കുജീവനക്കാരെ അതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സുഹൃത്തുക്കളായ സര്‍ക്കാരുദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പിന്റെ തലേരാത്രി ചോര്‍ന്നൊലിക്കുന്ന സ്‌കൂള്‍ കെട്ടിടത്തില്‍ കൊതുകു കടിയേറ്റ് ഉറങ്ങാതെ കിടക്കുന്നതിന്റെയും വോട്ടെടുപ്പു തീരുവോളം ടെന്‍ഷന്‍ അനുഭവിക്കുന്നതിന്റെയും പ്രയാസങ്ങളെപ്പറ്റി പറയുമ്പോള്‍ ഞാന്‍ 'കൂള്‍ക്കൂളായി' ഇരിക്കും. ഞങ്ങള്‍ ബാങ്കുജീവനക്കാര്‍ ഭാഗ്യശാലികള്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടി എന്ന ഡെമോക്ലസിന്റെ വാള്‍ ഞങ്ങളുടെ തലക്കു മുകളിലില്ല. പക്ഷേ, പില്‍ക്കാലത്ത് ഇലക്ഷന്‍ കമ്മിഷന്‍ ഞങ്ങളെയും തേടിവരാന്‍ തുടങ്ങി. 1991ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്താണ് ആദ്യമായി ഞാന്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടത്. വടകര ലോക്‌സഭാ മണ്ഡലത്തിലെ ഒരു ഉള്‍നാടന്‍ ബൂത്തിലായിരുന്നു ഡ്യൂട്ടി. നാദാപുരം മേഖലയിലെ ഒരു പ്രശ്‌നകലുഷിത പ്രദേശം. അറിയിപ്പു കിട്ടിയതു രാവിലെ പത്തുമണിക്ക്. അവസാന ഘട്ടത്തിലാണ് ബാക്കിവന്ന ബൂത്തിലേക്ക് ബാങ്കുകാരെ നിയോഗിച്ചത്. അതുകൊണ്ടായിരിക്കാം അറിയിപ്പു കിട്ടാന്‍ വൈകിയത്. ഏതായാലും ഓടിപ്പിടിച്ച് ഇലക്ഷന്‍ ക്ലാസു നടക്കുന്ന വടകര ബി.ഇ.എം സ്‌കൂളിലെത്തിയപ്പോള്‍ ക്ലാസ് കുറേ പുരോഗമിച്ചുകഴിഞ്ഞിരുന്നു. പിന്‍ബെഞ്ചില്‍ സീറ്റുകിട്ടിയ എനിക്കാണെങ്കില്‍ ഒന്നും കേള്‍ക്കാന്‍ വയ്യ. പേപ്പര്‍, സെന്റര്‍ വോട്ട്, ചലഞ്ച് വോട്ട് എന്നൊക്കെയുള്ള ചില വായ്ത്താരികള്‍ കേട്ടതോര്‍മയുണ്ട്. ബാലറ്റ് പെട്ടി തുറക്കുന്നതും അടയ്ക്കുന്നതും പരിശീലിച്ചു. ഏറെക്കാലമായി ഉപയോഗിക്കാതെ തുരുമ്പെടുത്ത് കിടക്കുന്ന പെട്ടി തുറക്കാന്‍ തന്നെ വലിയ പാടായിരുന്നു. പെട്ടുപോയല്ലോ എന്ന വിചാരത്തോടെ വിഷണ്ണനായി നില്‍ക്കുന്ന എന്നെ ക്ലാസെടുത്ത ഉന്നതോദ്യോഗസ്ഥന്‍ (തഹസില്‍ദാരോ മറ്റോ ആണ്) സമാധാനിപ്പിച്ചു. ''നിങ്ങള്‍ ഒട്ടും പേടിക്കേണ്ട, ഈ ബുക്കൊന്ന് മനസ്സിരുത്തി വായിച്ചാല്‍ മതി''. പ്രിസൈഡിങ് ഓഫിസേഴ്‌സ് മാന്വലിലേക്ക് കണ്ണുംനട്ട് നെടുവീര്‍പ്പിട്ടുകൊണ്ടിരുന്ന എന്നെ അദ്ദേഹം വീണ്ടും സമാധാനിപ്പിച്ചു. ''ആദ്യതവണയായതു കൊണ്ടാണ് ഈ പേടി. നിങ്ങളുടെ ഫസ്റ്റ് പോളിങ് ഓഫീസര്‍ കൃഷ്ണന്‍ മാഷ് ഇക്കാര്യത്തിലൊക്കെ വളരെ 'തറോ' ആണ്. ഡ്യൂട്ടിക്കു പോയി നല്ല എക്‌സ്പീരിയന്‍സ് ഉണ്ട്. ഒക്കെ മാഷ് നോക്കിക്കൊള്ളും''. അപ്പോഴാണ് എനിക്ക് ശ്വാസം വീണത്. കൃഷ്ണന്‍ മാഷുണ്ടല്ലോ. ഞാന്‍ കക്ഷി എവിടെയാണെന്നന്വേഷിച്ചു. തലേദിവസമായിരുന്നു മൂപ്പരുടെ ക്ലാസ്. അടുത്ത പ്രദേശത്തുകാരനാണ്. തെരഞ്ഞെടുപ്പിന്റെ തലേന്ന് സാധനങ്ങള്‍ ഏറ്റുവാങ്ങാന്‍ വരുമ്പോള്‍ ആളെ കാണാം. രാത്രി മുഴുവന്‍ കുത്തിയിരുന്ന് മാന്വല്‍ വായിച്ചപ്പോള്‍ സംഗതിയുടെ ഗൗരവം ബോധ്യപ്പെട്ടു. പ്രിസൈഡിങ് ഓഫിസറുടെ ഉത്തരവാദിത്വങ്ങളും അധികാരങ്ങളും ചെയ്തുതീര്‍ക്കേണ്ട നടപടിക്രമങ്ങളുമെല്ലാം വായിച്ചു തീര്‍ന്നപ്പോള്‍ ഒരുകാര്യം ഉറപ്പായി. വല്ലാത്ത കുരിശാണു ചുമക്കേണ്ടത്. തടിക്കു കേടില്ലാതെ തിരിച്ചു വീടണയണമെങ്കില്‍ കൃഷ്ണന്‍ മാഷ് തന്നെ കനിയണം. ഞാന്‍ 'കൃഷ്ണഭഗവാനെ' ധ്യാനിച്ചു രാത്രി മുഴുവന്‍ തിരിഞ്ഞും മറിഞ്ഞും ഉറങ്ങാതെ കിടന്നു. വല്ലപ്പോഴുമൊന്നു കണ്ണടഞ്ഞു പോകുമ്പോള്‍ മാന്വലിലെ ഓരോരോ കേസുകള്‍ പേക്കിനാവായി വന്ന് പല്ലിളിച്ചു കാട്ടുകയും ഞാന്‍ ഞെട്ടിയുണരുകയും ചെയ്തുകൊണ്ടിരുന്നു. ചുരുക്കത്തില്‍ ഒരു കാളരാത്രി. തെരഞ്ഞെടുപ്പിന്റെ തലേദിവസം ഇലക്ഷന്‍ സാമഗ്രികള്‍ വാങ്ങാന്‍ വടകര ടൗണ്‍ഹാളിലെത്തിയപ്പോള്‍ കൃഷ്ണന്‍ മാഷ് എന്നെ സമാധാനിപ്പിച്ചു. ഒരു പ്രശ്‌നവുമില്ല, എല്ലാം ഞാന്‍ നോക്കിക്കൊള്ളാം. സാറ് ബാലറ്റ് പേപ്പറില്‍ ഒപ്പിട്ടു വെറുതെയിരുന്നാല്‍ മതി. ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ വരുന്നതിനു മുന്‍പ് അതായിരുന്നു നടപ്പ്. ഓരോ ബാലറ്റ് പേപ്പറിനു പിറകുവശത്തും പ്രിസൈഡിങ് ഓഫിസര്‍ ഒപ്പിടണം. കാര്യമായി അതേയുള്ളൂ പണിയെങ്കില്‍ എന്തിനാണ് ബേജാറാകുന്നത്? കൃഷ്ണന്‍ മാഷിനു പുറമേ മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഊര്‍ജസ്വലരായ ചെറുപ്പക്കാര്‍. മിക്കവാറും പേരും അടുത്ത നാട്ടുകാര്‍. ഞാന്‍ മാത്രമേയുള്ളൂ പരദേശി. ഒരു പാടത്തിന്റെ ഓരത്ത് ഞങ്ങളെ ഇറക്കി 'ഇലക്ഷന്‍ അര്‍ജന്റ് ' ബസ് തിരിച്ചുപോയപ്പോള്‍ സംഗതി വിചാരിച്ച പോലെ എളുപ്പമല്ല എന്നു വീണ്ടും മനസിലായി. ഡ്യൂട്ടിയുള്ള സ്‌കൂളിലെത്താന്‍ വയല്‍ വരമ്പത്തുകൂടി ഒന്നര കിലോമീറ്റര്‍ നടക്കണം. ഇലക്ഷന്‍ സാമഗ്രികളും കെട്ടിപ്പേറിയാണു നടത്തം. പിറ്റേന്ന് സന്ധ്യമയങ്ങിയ ശേഷമായിരിക്കുമല്ലോ ബാലറ്റു പേപ്പറുകള്‍ നിറച്ച ഭാരമേറിയ പെട്ടിയുമായുള്ള തിരിച്ചുനടത്തം. അതു കുറേക്കൂടി വിഷമകരമായിരിക്കുമെന്ന് അപ്പോഴേ ഉറപ്പിച്ചു. ഇനി ബൂത്തിലെത്തിയാലോ, അവിടെ ബെഞ്ചുകള്‍ കൂട്ടിയിട്ട് ഉറങ്ങാമെന്നു വയ്ക്കാം. പക്ഷേ, 'ഒന്നിനും രണ്ടിനും' പോകാന്‍ സൗകര്യമുണ്ടാകുമോ? രാവിലെയൊന്നു കുളിക്കാനാവുമോ? വരുന്നതു വരട്ടെയെന്നു വച്ചു ഞാനും സംഘവും മുന്നോട്ടുനീങ്ങി. ജനാധിപത്യ പ്രക്രിയ സുഗമമായി പൂര്‍ത്തിയാക്കുന്നതില്‍ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടല്ലോ. ബൂത്തിലെത്തിയപ്പോള്‍ കാര്യങ്ങള്‍ വിചാരിച്ച പോലെയൊക്കെത്തന്നെ. ഓടിട്ട ഒരു ഷെഡിലാണ് ബൂത്ത് എന്നത് മാത്രം സാമാധാനം. സാമഗ്രികള്‍ സൂക്ഷിക്കാനുള്ള അടച്ചുറപ്പൊന്നുമില്ല. കക്കൂസില്ല. ആകെക്കൂടിയുള്ളത് പൊട്ടിപ്പൊളിഞ്ഞ ഒരു മൂത്രപ്പുര. പക്ഷേ, കിണറ്റില്‍ സമൃദ്ധമായി വെള്ളമുണ്ട്. സ്‌കൂളിനോടു ചേര്‍ന്നു വിശാലമായ പറമ്പാണ്. നേരത്തേയെണീറ്റാല്‍ പറമ്പിലേക്കു പോയി കാര്യം സാധിക്കാം. ഇങ്ങനെയൊക്കെ പ്ലാന്‍ ചെയ്തു ഞാന്‍. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തന്നെ പൊരിച്ചു തിന്നണമല്ലോ. പക്ഷേ, വൈകുന്നേരമായപ്പോഴേക്കും കൃഷ്ണന്‍ മാഷിന്റെ മട്ടുമാറി. ഫസ്റ്റ് പോളിങ് ഓഫിസറാണ് മാഷ്. സാധന സാമഗ്രികളുടെ ജോയിന്റ് കസ്‌റ്റോഡിയനാണ് മൂപ്പര്‍. അടച്ചുറപ്പില്ലാത്ത ഷെഡില്‍ ബാലറ്റു പേപ്പറും മറ്റും എവിടെ സൂക്ഷിക്കും? അതായിരുന്നു മാഷിന്റെ വേവലാതി. മൂപ്പര്‍ സാധനങ്ങള്‍ ഇറക്കിവച്ച മേശക്കരികില്‍ ഒരേ ഇരുത്തം. ക്രമേണ ശാന്തസുന്ദരമായ ആ മുഖത്ത് ഞരമ്പുകള്‍ വലിഞ്ഞുമുറുകുന്നത് ഞാന്‍ കണ്ടു. കണ്ണുകളില്‍ വന്യമായ ഏതോ ഭാവം. മാഷ് എന്തൊക്കെയോ പിറുപിറുക്കാന്‍ തുടങ്ങി. ആള്‍ വയലന്റാവുകയാണോ? തേര്‍ഡ് പോളിങ് ഓഫിസര്‍ അഷ്‌റഫ് എന്റെ ചെവിയില്‍ പറഞ്ഞു- ''മാഷ്‌ക്ക് ചെറിയൊരു പ്രോബ്ലമുണ്ട്. ടെന്‍ഷന്‍ വന്നാല്‍ ആള്‍ ചിലപ്പോള്‍ കുഴപ്പമുണ്ടാക്കിയേക്കും.'' അഷ്‌റഫിന് മാഷെ നേരത്തേ അറിയാം. പ്രശ്‌നമില്ലാതെ കാര്യങ്ങള്‍ നീങ്ങുമെന്ന പ്രതീക്ഷയോടെ എന്നെ അറിയിക്കാതിരുന്നതാണ്. പക്ഷേ, അയാളുടെ കണക്കുകൂട്ടല്‍ തെറ്റിയിരിക്കുന്നു. ആരെയാണാവോ രാവിലെ കണികണ്ടത്. ഒരു മുന്‍പരിചയവുമില്ലാത്ത ഞാന്‍ ആകപ്പാടെ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളത് കൃഷ്ണന്‍ മാഷിലാണ്. മനുഷ്യനാണ് മനസിന്റെ സമനില തെറ്റിയപോലെ പെരുമാറുന്നത്. ഒരു മാനസിക രോഗിയെയും വച്ച് എങ്ങനെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവും? ''എനിക്കു വീട്ടില്‍ പോവണം''. പൊടുന്നനെ മാഷ് പറഞ്ഞു. തനിക്കു വല്ലാത്ത അസ്വാസ്ഥ്യം തോന്നുന്നുവെന്നും ശാന്തമായി വീട്ടില്‍ പോയി ഒന്നുറങ്ങിയാല്‍ പ്രശ്‌നം തീരുമെന്നും അതിരാവിലെ എത്തിക്കൊള്ളാമെന്നും മാഷ് പറഞ്ഞു. അടുത്താണ് മാഷിന്റെ വീട്. രാവിലെ എത്താവുന്നതേയുള്ളൂ. മാഷെ പോവാനനുവദിക്കുന്നതു തന്നെയാണു നല്ലതെന്നായിരുന്നു സഹ ഉദ്യോഗസ്ഥന്മരുടെയും അഭിപ്രായം. അങ്ങനെ ചെയ്യാമെന്നു വിചാരിച്ചപ്പോള്‍ ഇലക്ഷന്‍ മാന്വലിലെ നൂറായിരം നിബന്ധനകള്‍ എന്നെ തുറിച്ചുനോക്കാന്‍ തുടങ്ങി. ബൂത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു ഉദ്യോഗസ്ഥനെ വീട്ടില്‍ തിരിച്ചയക്കാന്‍ എനിക്ക് അധികാരമുണ്ടോ? പക്ഷേ, മാഷെ പറഞ്ഞയക്കുന്നതു തന്നെയാണ് ബുദ്ധി. മാനസിക വിഭ്രാന്തി മൂത്ത് പഹയന്‍ നട്ടപ്പാതിരക്കെങ്ങാനും ബാലറ്റു പേപ്പര്‍ കീറിയെറിഞ്ഞാലോ. വെറുതെയിരുന്നു മടുത്തപ്പോള്‍ ഞാനൊന്ന് അങ്ങാടിയിലേക്കിറങ്ങി. മാഷ് വീട്ടില്‍ പോയിക്കഴിഞ്ഞു. മറ്റുള്ളവര്‍ സ്‌കൂളില്‍ തന്നെ ഉരുപ്പടികള്‍ക്കു കാവല്‍. ഏതാനും കടകള്‍ മാത്രമുള്ള ചെറിയ അങ്ങാടിയാണ് തൊട്ടടുത്ത്. അങ്ങാടിയുടെ നടുവില്‍ തന്നെ പള്ളിയുണ്ട്. നിസ്‌കരിച്ചു കഴിഞ്ഞു പുറത്തിറങ്ങാന്‍ നേരം സൗഹൃദച്ചിരിയുമായി കുറച്ചുപേര്‍ എന്നെ നോക്കിനില്‍ക്കുന്നു. ഇലക്ഷന്‍ നടത്താന്‍ വന്ന ഉദ്യോഗസ്ഥന്‍ പള്ളിയില്‍ കയറിയത് അവര്‍ക്കു നല്ലപോലെ പിടിച്ചു എന്നു തോന്നുന്നു. നമ്മളുടെ ആളാണ് എന്ന തോന്നല്‍ സൃഷ്ടിച്ച അടുപ്പം ആ ചിരിയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു. അതവിടെ കിടന്നുകൊള്ളട്ടെ എന്ന് ഞാനും കരുതി. വൈകുന്നേരം ബൂത്ത് ഏജന്റുമാര്‍ പരിചയപ്പെടാന്‍ വന്നു. ഞാന്‍ ബാങ്കുജീവനക്കാരുടെ ട്രേഡ് യൂനിയന്റെ സജീവ പ്രവര്‍ത്തകനായിരുന്നുവല്ലോ. ഇടതുപക്ഷ യൂനിയനാണ് എന്റേത്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ആന്റിനകള്‍ വളരെ ശക്തമായിരുന്നതിനാല്‍ എന്നെക്കുറിച്ച് അവര്‍ക്കു കൃത്യമായ ധാരണകളുണ്ടായിരുന്നു. താഴെ തട്ടിലേക്ക് എന്നെക്കുറിച്ചുള്ള വിവരണങ്ങള്‍ കൈമാറി വന്നുകാണണം. പേടിക്കാനില്ല. നമ്മുടെ ആളാണ് എന്ന ആശ്വാസം അവര്‍ക്കുണ്ടായിരിക്കണം. ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ ഏജന്റ് നല്‍കിയ ഹസ്തദാനത്തിലും അയാളുടെ ഭാവത്തിലും ഈ ആത്മവിശ്വാസം ഏറെ പ്രകടം. രണ്ടുകൂട്ടര്‍ക്കും വേണ്ടപ്പെട്ടവനാകയാല്‍ കുഴപ്പമില്ലാതെ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാം എന്നായിരുന്നു എന്റെ ഉള്ളില്‍. അതിരാവിലെ എഴുന്നേറ്റു പ്രഭാത കര്‍മങ്ങള്‍ നിര്‍വഹിച്ചു തയാറാകാമെന്നും കൃത്യം ഏഴുമണിക്കു തന്നെ പോളിങ് തുടങ്ങാമെന്നും ഞങ്ങള്‍ നിശ്ചയിച്ചു. അന്ന് മൊബൈല്‍ അലാറമൊന്നുമില്ല. എങ്കിലും കൃത്യസമയത്ത് ഉണരാമെന്ന പ്രതീക്ഷയുണ്ടായിരുന്നു എനിക്ക്. പക്ഷേ, പുറത്ത് ഒച്ചയും ബഹളവും കേട്ടാണ് ഉണര്‍ന്നത്. വെള്ളകീറിയിട്ടില്ല. നാലു മണിയോ മറ്റോ ആയിക്കാണണം. അപ്പോഴേ വന്ന് ക്യൂവില്‍ സ്ഥലം പിടിച്ചിരിക്കുന്നു വോട്ടര്‍മാര്‍. ഇത്തിരി ദൂരെ സ്ഥിതിചെയ്യുന്ന മലമ്പ്രദേശങ്ങളില്‍ കൃഷിപ്പണിക്കു പോകേണ്ട കര്‍ഷകത്തൊഴിലാളികളായിരുന്നു ക്യൂവില്‍. നേരത്തേ വന്നു ക്യൂവില്‍ സ്ഥലംപിടിച്ചാല്‍ നേരത്തേ വോട്ടു ചെയ്തു പണിക്കു പോവാം. അതായിരുന്നു നേരം വെളുക്കുന്നതിനു മുന്‍പേ തന്നെ വന്ന് ബൂത്തിനു മുന്നില്‍ സ്ഥലം പിടിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. പക്ഷേ, കുഴപ്പത്തിലായത് ഞങ്ങളാണ്. സ്‌കൂള്‍ വരാന്തയില്‍ തടിച്ചുകൂടി നില്‍ക്കുന്ന ഇവരുടെ മുന്നിലൂടെ എങ്ങനെയാണു പാട്ടയും വെള്ളവുമായി ഒന്നിനും രണ്ടിനും പോകുന്നത്? എങ്ങനെയാണ് കിണറ്റിന്‍ കരയില്‍ നിന്ന് വെള്ളിത്തൊട്ടി വലിച്ചുകയറ്റി കുളിക്കുന്നത്? പക്ഷേ, ദൈവസഹായത്താല്‍ എല്ലാം നടന്നു എന്നു വച്ചോളൂ. കൃഷ്ണന്‍ മാഷ് വരാന്‍ പത്തുമണിയായി എന്നതും വന്നപാടേ മൂപ്പര്‍ ഒരു മൂലയില്‍ മുനിതുല്യനായി ഒരേയിരുപ്പില്‍ തന്നെ കഴിഞ്ഞു എന്നതും ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാം ശുഭം. ഓരോ വോട്ടറും ആരെയാണു പിന്തുണക്കുന്നതെന്ന് ഏതാണ്ടു കൃത്യമായി ഏതൊരാള്‍ക്കും ഊഹിക്കാവുന്ന അന്തരീക്ഷമായിരുന്നു അവിടെ നിലനിന്നത്. മാവുള്ള പറമ്പത്ത് കണാരന്‍ കയറി വരുമ്പോഴേ അറിയാം വോട്ട് ഇടതുപക്ഷത്തിനാണെന്ന്. തൈവളപ്പില്‍ കുഞ്ഞമ്മദ് ഉറച്ച ലീഗാണെന്നറിയാന്‍ ആരോടും ചോദിക്കണ്ട. രയരോത്ത് കേളപ്പന്‍ നമ്പ്യാര്‍ മന്ദം മന്ദം അടിവച്ചടിവച്ച് എത്തുമ്പോള്‍ മാത്രം സന്ദേഹമുണരും. ആള്‍ കോണ്‍ഗ്രസോ അതോ ബി.ജെ.പിയോ? കെ.പി ഉണ്ണികൃഷ്ണനും അഡ്വ. രത്‌നസിങുമാണ് സ്ഥാനാര്‍ഥികള്‍. കെ.പി ഉണ്ണികൃഷ്ണന്‍ ഇടതു സ്ഥാനാര്‍ഥി. ഉണ്ണികൃഷ്ണനെ തോല്‍പ്പിക്കണമെന്ന ദൃഢനിശ്ചയവുമായി കോണ്‍ഗ്രസും മുസ്‌ലിം ലീഗും നിര്‍ത്തിയ സ്ഥാനാര്‍ഥിയായിരുന്നു അഡ്വ. രത്‌നസിങ്. രത്‌നസിങിനെ എന്തു വിലകൊടുത്തും ജയിപ്പിച്ചേ അടങ്ങൂവെന്ന വാശിയിലായിരുന്നു ലീഗുകാര്‍. തോല്‍പ്പിച്ചേ തീരൂ എന്ന് സി.പി.എമ്മും. ആ വാശി ബൂത്തിലും പ്രതിഫലിച്ചു. മുസ്‌ലിംലീഗുകാര്‍ വോട്ടുചെയ്യാനെത്തുമ്പോഴേക്കും തടസവുമായി ഇടതുപക്ഷത്തിന്റെ ഏജന്റ് എഴുന്നേറ്റുനില്‍ക്കും. മറിച്ചും. സ്ലിപ്പുമായി ഒരു ചെറുപ്പക്കാരി പോളിങ് ഓഫിസറുടെ മുന്‍പില്‍ നില്‍ക്കുന്നു. താഴേക്കുനിയില്‍ കുഞ്ഞാമി... ഉദ്യോഗസ്ഥന്‍ വിരലില്‍ മഷിപുരട്ടാനൊരുങ്ങുന്നതേയുള്ളൂ, ഏജന്റിന്റെ തടസവാദം. ''ഈ കുഞ്ഞാമി ആ കുഞ്ഞാമിയല്ല, ഓള് ഓര്‍ക്കാക്കേരിയില്‍ പുയ്യാപ്ലന്റെ പൊരേലാ''. ''ആര് പറഞ്ഞു? പുയ്യാപ്ലന്റെ പൊരേന്ന് വോട്ട് ചെയ്യാന്‍ പോന്നതാ ഇവള് ''- ഉടന്‍ വന്നു മറുപടി. ''അക്കുഞ്ഞാമി ഇക്കുഞ്ഞാമിയല്ല, കള്ളവോട്ടാ'' വാശിമൂത്തുവരുന്നു. അന്ന് ഐഡന്റിറ്റി കാര്‍ഡൊന്നും പ്രാബല്യത്തില്‍ വന്നിട്ടില്ല. യഥാര്‍ഥ വോട്ടറാണോ, കള്ളവോട്ടറാണോ എന്നൊക്കെ തീരുമാനിക്കേണ്ടത് പ്രിസൈഡിങ് ഓഫിസര്‍ തന്നെ. ഞാന്‍ നിന്നു വിയര്‍ത്തു. ഇത്തരം പോരാട്ടങ്ങള്‍ പയന്തോങ്ങില്‍ സൂപ്പിയും പാണരുകണ്ടി കുങ്കറും കൊളങ്ങര പറമ്പത്ത് അയിച്ചുവും താഴെപുരക്കല്‍ കുഞ്ഞിക്കണ്ണനുമൊക്കെ വോട്ടുചെയ്യാന്‍ വന്നപ്പോള്‍ തുടര്‍ന്നു. നിരന്തരം വാടാ പോടാ വിളികള്‍ ഉയര്‍ന്നു. വാഗ്വാദങ്ങള്‍ അടിപിടിയുടെ വക്കത്തെത്തി. പക്ഷേ, വോട്ടിങ് തുടര്‍ന്നുകൊണ്ടേയിരുന്നു. എങ്ങനെയൊക്കെയോ ഇലക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങള്‍ കൊണ്ടുനടക്കാന്‍ ഞാന്‍ ശീലിച്ചുകഴിഞ്ഞിരുന്നു അതിനകം. സഹഉദ്യോഗസ്ഥരോടാണ് അതിനു നന്ദിപറയേണ്ടത്. ഇടക്ക് പോളിങ് നിര്‍ത്തിവച്ചും ഏജന്റുമാരെ പറഞ്ഞു സമാധാനിപ്പിച്ചും പുറത്തു ബഹളംകൂട്ടുന്നവരെ കണ്ടില്ലെന്നു നടിച്ചുമൊക്കെ ഒരുവിധം കാര്യങ്ങള്‍ ഒപ്പിച്ചുപോയി. കര്‍മണ്യേവാധികാരസ്യേ മാഫലേഷ്ഠകഭാചന എന്ന ഗീതാ ശ്ലോകത്തിന്റെ അര്‍ഥധ്വനികള്‍ ഞാന്‍ ശരിക്കും മനസിലാക്കിയത് അന്നേ ദിവസമാണ്. വോട്ടിങ് പുരോഗമിക്കുന്നതിനിടയില്‍ വിചിത്രമായ ഒരു സംഗതി എന്നെ അമ്പരപ്പിച്ചു. വോട്ടുചെയ്യാന്‍ വരുന്നവരില്‍ ഒരുപാട് പേര്‍ കണ്ണുകാണാത്തവരാണ്. അതും സ്ത്രീവോട്ടര്‍മാര്‍. അവരില്‍ കൂടുതലും മുസ്‌ലിം സ്ത്രീകള്‍. മുതുമുത്തശ്ശിമാര്‍ കണ്ണു കാണുന്നില്ല എന്നു പറഞ്ഞാല്‍ ഉള്‍ക്കൊള്ളാനാവും. പക്ഷേ, ഒന്നാന്തരം യുവതികള്‍ അങ്ങനെ പറഞ്ഞാലോ? കൂടെയുള്ള ആളാണ് അവര്‍ക്കു വേണ്ടി വോട്ടുചെയ്യുക. കൂട്ടത്തില്‍ ഈ സഹായിയും വോട്ട് ചെയ്തു മടങ്ങും. ബ്ലൈന്‍ഡ് വോട്ടര്‍മാരുടെ ഓപണ്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഒരു പ്രത്യേക ഫോറത്തില്‍ ഒപ്പിടിക്കേണ്ടതും അതിന്റെ കണക്കു വയ്‌ക്കേണ്ടതും സ്‌റ്റേറ്റ്‌മെന്റ് നല്‍കേണ്ടതുമൊക്കെയുണ്ട്. മൊത്തത്തില്‍ തൊന്തരവ് പിടിച്ച പണി. അതിനാല്‍ ഓപണ്‍ വോട്ട് രേഖപ്പെടുത്തുന്നതു കുറയ്ക്കണമെന്ന് ഏത് പ്രിസൈഡിങ് ഓഫിസറും സ്വാഭാവികമായും ആഗ്രഹിക്കും. കണ്ണുകാണാത്ത പെണ്ണുങ്ങള്‍ ധാരാളമായി വോട്ടുചെയ്യാനെത്തിക്കൊണ്ടിരിക്കുന്ന സമയം. ഞാന്‍ സൂത്രത്തില്‍ എന്റെ കൈയിലിരുന്ന പേന ഒരിക്കല്‍ താഴെയിട്ടു.story-1-216x300 ''ഉമ്മാ ആ പെന്നൊന്ന് എടുത്തു തരാമോ'? മേശക്കടിയിലൂടെ തെന്നിത്തെറിച്ചുപോകുന്ന പേന കുനിഞ്ഞു കൃത്യമായി എടുത്തു തന്നു ആ സ്ത്രീ. അപ്പോള്‍ ഞാന്‍ ചോദിച്ചു. ''നിങ്ങള്‍ക്ക് കണ്ണു കാണാമല്ലോ. നിലത്ത് നിന്ന് പേന എടുത്തു തന്നില്ലേ.'' അതിനു കര്‍ക്കശ സ്വരത്തില്‍ മറുപടി പറഞ്ഞത് കൂടെ വന്ന സഹായിയാണ്. ''അത് ഇങ്ങള് നോക്കണ്ട. ഓക്ക് കണ്ണുകാണൂല. ഓളേ മാപ്പളയാ ഞാന്‍, ഞാനാ പറയ്ണത് ''. ''ഓളെ കാര്യം ഓളെ മാപ്പള പറയട്ടെ, സാറെന്തിനാ അതില്‍ ഇടപെടുന്നത് ''? കോണ്‍ഗ്രസ്, ലീഗ് ഏജന്റ് ഏറ്റുപിടിച്ചു. അയാള്‍ സംസാരിക്കേണ്ട താമസം, ഇടതുകാരന്‍ രോഷാകുലനായി എന്നെ സഹായിക്കാന്‍ എഴുന്നേറ്റു. ചിലപ്പോള്‍ തിരിച്ചും സംഭവിക്കും. ഇതായിരുന്നു ബൂത്തിലെ പൊതുശീതോഷ്ണ നില. എങ്ങനെയൊക്കെയോ ഉച്ചയൂണു പോലും കഴിക്കാതെ ഞാന്‍ പ്രിസൈഡ് ചെയ്തുകൊണ്ടിരുന്നു. ബഹളംമൂലം ഇടയ്ക്കു പലവട്ടം പോളിങ് നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നു. ശരശയ്യ എന്നൊക്കെ പറയുമല്ലോ അതുതന്നെ. ഓപണ്‍ വോട്ടിന്റെ രഹസ്യം പിന്നീട് സഹപോളിങ് ഓഫിസറായ അഷ്‌റഫാണ് തന്നത്. അഡ്വ. രത്‌നസിങ് ബി.ജെ.പി സ്ഥാനാര്‍ഥിയാണെന്നും അദ്ദേഹത്തിനു വോട്ടുചെയ്യരുതെന്നും ഇടതുപക്ഷം മുസ്‌ലിംകള്‍ക്കിടയില്‍ വീടുവീടാന്തരം കയറി പ്രചാരണം നടത്തിയിരുന്നു. ഈ പ്രചാരണം ഒട്ടൊക്കെ ഏശുകയും ചെയ്തു. കടുത്ത മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ വീടുകളില്‍പോലും സ്ത്രീകള്‍ക്കിടയില്‍ അഡ്വ. രത്‌നസിങിനെതിരായി ഒരു അടിയൊഴുക്ക് നിലനിന്നിരുന്നു. പെണ്ണെങ്ങാനും ചതിച്ചാലോ എന്ന് ലീഗുകാര്‍ പേടിച്ചു. അതിനെ പ്രതിരോധിക്കാനുള്ള തന്ത്രമായിരുന്നു ഓപണ്‍ വോട്ട്. കെട്ടിയവനെയും ബാപ്പയെയും പരസ്യമായി മാപ്പിളപ്പെണ്ണ് ധിക്കരിക്കുകയില്ല. പ്രസ്തുത ആനുകൂല്യത്തിന്റെ ബലത്തില്‍ സ്വന്തം സ്ഥാനാര്‍ഥിക്ക് വോട്ടുറപ്പിക്കാന്‍ ഇടതുവിരുദ്ധര്‍ ഈ തന്ത്രം പ്രയോഗിക്കുകയായിരുന്നു. മറ്റൊരു ഗുണം കൂടി അതിനുണ്ട്. ക്യൂ നില്‍ക്കാതെ സഹായിക്കും കൂട്ടത്തില്‍ വോട്ട് രേഖപ്പെടുത്താം. ഏതായാലും ഒരു കാര്യം എനിക്കു തീര്‍ച്ചപ്പെട്ടു. ഞാന്‍ ഡ്യൂട്ടിയെടുത്ത ദേശത്ത് അന്ധത വ്യാപകമാണ്. ഒരുവിധം പോളിങ് അവസാനിപ്പിച്ച് ബാലറ്റു പേപ്പറുകള്‍ പെട്ടിയില്‍ നിറച്ച് അതും ചുമന്ന് മെയിന്‍ റോഡിലേക്കു നടക്കുന്നതിനിടയില്‍ ഒപ്പം നടന്ന ഏജന്റുമാരിലാരോ പറയുകയാണ്- സാറ് ഏതായാലും ഭാഗ്യവാനാണ് കേട്ടോ. 'എന്താ കാര്യം?' 'അതേയ്, കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിലുണ്ടല്ലോ, ഇവിടുത്തെ പ്രിസൈഡിങ് ഓഫീസര്‍ക്ക് ഞെരിവട്ടം തല്ലുകിട്ടിയിരുന്നു. ഞങ്ങള്‍ നല്ലോണം കൊടുത്തു. ഇക്കുറി അടികിട്ടാതെ സാറ് രക്ഷപ്പെട്ടില്ലേ?' ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ എങ്ങനെയൊക്കെയാണ് ഓരോരുത്തരുടെ മേലും വന്നുപതിക്കുന്നത്, അല്ലേ?  


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago