ഒരുപാട് തലമുറകള്‍ക്ക് വെളിച്ചം നല്കി ഒരു തൂക്കുവിളക്ക്
വെങ്കിടങ്ങ്: ഒരാണ്ടിലേറെയായി ഒരുപാട് തലമുറകള്‍ക്ക് വെളിച്ചം നല്കിയ തൂക്ക് വിളക്ക് പുതുതലമുറയിലും വഴികാണിച്ച് പഴയ കാലത്തെ ഓര്‍മിച്ച് കത്തികൊണ്ടിരിക്കുന്നു. തൊയക്കാവ് സി.സി മില്‍സിനടുത്ത് ചൂനാമനയിലേക്ക് പോകുന്ന വഴിയരികില്‍ താമസിച്ചിരുന്ന ഓത്തുള്ളി കുഞ്ഞുമോനാണ് വിളക്ക് കത്തിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ മരണ ശേഷം ഓത്തുള്ളി അബ്ദുള്ളയുടെ കുടുംബം ഇത് തുടര്‍ന്ന് വന്നു. അന്നത്തെകാലത്തെ കഷ്ടപ്പാടുകള്‍ക്കിടയിലും കൂട്ടിവെച്ച് സ്വരൂപിച്ചുണ്ടാക്കിയ അണകള്‍ കൊണ്ട് വാങ്ങിയ മണ്ണണ്ണയൊഴിച്ചാണ് ഒരു ദേശത്തെ ജനങ്ങള്‍ക്ക് അദ്ദേഹം വെളിച്ചം നല്‍കിയിരുന്നത്. ഇന്ന് റോഡുകളില്‍ ഭൂരിഭാഗവും അന്ന് തോടായിരുന്നു. തോടിന് കുറുകെ ഒരു കല്വര്ട്ടുമുണ്ടാകും. അവിടെ രാത്രി കണ്ണ് കാണാന്‍ പോലുമാകാത്ത ഭാഗങ്ങളിലാണ് ഇത്തരം പാനീസ് വിളക്കുകള്‍ തൂണുകള്‍ സ്ഥാപിച്ച് കെട്ടിത്തൂക്കിയിരുന്നത്. ഇപ്പോള്‍ ഈ കുടുംബത്തിലെ ഹബീബും കുടുംബവുമാണ് ഇത് നിലനിര്‍ത്തിപ്പോരുന്നത്. നൂറ് വര്‍ഷത്തിലേറെയായി മുടങ്ങാതെ നാട്ടുകാര്‍ക്ക് വെളിച്ചം പകര്‍ന്ന് നില്ക്കുന്ന ഈ വിളക്ക് വീടിനും നാടിനും പ്രകാശമായി വരുംകാലങ്ങളിലും തലമുറകളായി കത്തിക്കുവാനുള്ള തീരുമാനത്തിലാണ് ഹബീബും കുടുംബവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."