മണലൂര്‍ത്താഴം പാടശേഖരത്തെ പച്ചപ്പണിയിക്കുന്ന തിരക്കില്‍ പശ്ചിമ ബംഗാളിലെ കര്‍ഷക തൊഴിലാളികള്‍
മണലൂര്‍: ഞാറ്റ് പാട്ടിന്റെ ഈരടികളോ വിശ്രമത്തിന്റെ ആലസ്യങ്ങളോ ക്ഷീണത്തിന്റെ ദീര്‍ഘനിശ്വാസങ്ങളോ ഇല്ലാതെ കൈകളില്‍ യന്ത്രത്തെ തോല്‍പ്പിക്കുന്ന വേഗതയോടെ മണലൂര്‍ത്താഴം പാടശേഖരത്തെ പച്ചപ്പണിയിക്കുന്ന തിരക്കിലാണ് പശ്ചിമ ബംഗാളിലെ കര്‍ഷക തൊഴിലാളികള്‍. മണലൂര്‍ത്താഴം പാടശേഖരത്തിലെ ബ്രാട്ടിത്തറയിലെ വാടാനപ്പള്ളി സ്വദേശി സുരേഷ് മാത്തുക്കാട്ടിലിന്റെ 15 ഏക്കറില്‍ ഇവര്‍ ഞാറ് നട്ട് തീര്‍ത്തത് ഒരൊറ്റ ദിവസം കൊണ്ടാണ്. നമ്മുടെ നാടന്‍ നടീലിന് ഒരേക്കര്‍ പൂര്‍ത്തിയാക്കാന്‍ 25 കൂലി വന്നിരുന്ന സ്ഥാനത്താണ് കൊല്‍ക്കത്തയിലെ മുര്‍ശിദാബാദ് സ്വദേശിയായ സുല്‍ഫിക്കറിന്റെ നേതൃത്വത്തില്‍ വംഗനാട്ടിലെ കര്‍ഷക തൊഴിലാളികള്‍ നമ്മുടെ പാടശേഖരങ്ങളില്‍ മിന്നല്‍ നടീല്‍ പരീക്ഷിച്ച് വിജയം കൊയ്തത്. 100 പേരടങ്ങുന്ന ഒരു ടീം ആണ് സുള്‍ഫിക്കറിന്നുള്ളത്. ഏക്കറിനിന് 4500 എന്നതാണ് ഇവരുടെ കൂലി രീതി. ഞാറ് പറിക്കലും നടീലും ഇവരുടെ ശൈലി വേറിട്ടതാണ്. ഒരു മണിക്കൂറിനുള്ളില്‍ ഇത്രയേക്കര്‍ നട്ട് തീര്‍ക്കുമെന്ന് പറഞ്ഞാല്‍ അത് തീര്‍ത്തിരിക്കുമെന്ന് അനുഭവസ്ഥനായ സുരേഷ് പറയുന്നു. ജോലിയൊന്നും കിട്ടാതെ കേരളത്തിലെത്തി കിട്ടിയ ജോലിയെടുക്കുകയെന്ന പതിവ് രീതിയിലുള്ള ബംഗാളികളല്ലയിവര്‍. മുര്‍ശിദബാദിലെ കര്‍ഷക തൊഴിലാളികള്‍ തന്നെയാണിവരെല്ലാം. കേരളത്തിലെ കോള്‍ പണിയുടെ സീസണാകുമ്പോള്‍ കഴിഞ്ഞ ഒമ്പത് കൊല്ലമായി ഇവര്‍ മുറതെറ്റാതെയെത്തുന്നുണ്ട്. കോള്‍ ബണ്ടില്‍ മോട്ടോര്‍ തറയോട് ചേര്‍ന്ന് താല്‍കാലികമായി പായ കൊണ്ട് വലിച്ചുകെട്ടിയ ഷെഡിലാണ് ഇവരുടെ താമസം. ഭക്ഷണമുണ്ടാക്കാന്‍ അവരുടെ നാട്ടില്‍ നിന്ന് രണ്ട് പാചക വിദഗ്ധരെയും ഒപ്പം കൂട്ടിയിട്ടുണ്ട്. ബംഗാളിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള ചോദ്യങ്ങളോട് കര്‍ഷക തൊഴിലാളികളുടെ ലീഡറായ സുള്‍ഫിക്കറിന്റെ നയതന്ത്ര പരമായ മറുപടി ഒരു ചിരിയിലൊതുങ്ങി. കേരളത്തില്‍ ഞങ്ങള്‍ക്ക് ഒരാള്‍ക്ക് ഒരു ദിവസം അല്ലലില്ലാതെ ജീവിക്കണമെങ്കില്‍ 100 രൂപ തികയാതെ വരും, എന്നാല്‍ മുര്‍ശിദാബാദില്‍ 10 അംഗ കുടുംബത്തിന് നല്ലപോലെ ഭക്ഷണം കഴിച്ച് ജീവിക്കണമെങ്കില്‍ 100 രൂപ ഒരു ദിവസിന് മതിയാകുമെന്ന് സംശയത്തിന്റെ ലാഞ്ചനയേതുമില്ലാതെ സുള്‍ഫിക്കര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."