പൊലിസ് ഓഫിസറുടെ മകന്‍ ഓടിച്ച ബൈക്കിടിച്ച് വയോധികക്ക് ഗുരുതര പരുക്ക് 64 കാരിക്ക് പൊലിസ് നീതി നിഷേധിക്കുന്നതായി പരാതി
വടക്കാഞ്ചേരി: മണ്‍പാത്രങ്ങള്‍ വിറ്റ് ഉപജീവനം നടത്തുന്ന വയോധികയെ ഇടിച്ച് വീഴ്ത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ച യുവാക്കളെ വടക്കാഞ്ചേരി പൊലിസ് സംരക്ഷിക്കുന്നതായി പരാതി. വയോധികയെ ഭീക്ഷണിപ്പെടുത്തി പരാതി പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുന്നതായും ആരോപണം.
കുമരനല്ലൂര്‍ ചെട്ടികുന്ന് കുംഭാര കോളനിയില്‍ താമസിക്കുന്ന ഉത്തണ്ടന്റെ ഭാര്യ മുത്തു (64)വിനാണ് വാഹനാപകടത്തില്‍ സാരമായി പരുക്കേറ്റത്. കഴിഞ്ഞ മാസം 12നാണ് അപകടം.
മണ്‍പാത്രങ്ങള്‍ തലയിലേറ്റി വില്‍പന നടത്തുന്ന മുത്തു കച്ചവടം കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെ എതിരെ വന്ന സ്‌കൂട്ടര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഓടികൂടിയെത്തിയ നാട്ടുകള്‍ ചേര്‍ത്ത് ഇവരെ ആദ്യം വടക്കാഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നെഞ്ചിന് ക്ഷതമേറ്റ ഇവരെ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയും എം.ആര്‍.ഐ സ്‌കാന്‍ എടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. 3500 രൂപ അടക്കാനില്ലാത്തതിനാല്‍ മടങ്ങി പോരുകയായിരുന്നു.
വടക്കാഞ്ചേരി പൊലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എസ്.ഐ രണ്ട് കൂട്ടരേയും വിളിച്ച് വരുത്തിയെങ്കിലും വാഹന ഉടമയുടെ പിതാവ് പൊലിസ് ഓഫിസറാണെന്നതിനാല്‍ ഉടമക്ക് അനുകൂലമായ നിലപാട് കൈ കൊള്ളുകയായിരുന്നുവെന്നാണ് മുത്തുവിന്റെ പരാതി. ഹൃദയ സംബന്ധമായ അസുഖങ്ങടക്കം നിരവധി രോഗികളുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മുത്തു.
തനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുത്തു ജില്ലാ പൊലിസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."