ജലനിധി കുടിവെള്ള പദ്ധതി ഉദ്ഘാടനത്തിന് മുമ്പുള്ള ട്രയല്‍ ആരംഭിച്ചു
എളവള്ളി: നാലര വര്‍ഷമായി പ്രവര്‍ത്തനം നടന്നു വന്നിരുന്ന ജലനിധി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനത്തിന് മുമ്പുള്ള ട്രയല്‍ ആരംഭിച്ചു. ലോകബാങ്കിന്റെ സഹായത്തോടെ 11.30 കോടി രൂപ ചിലവഴിച്ച് 3007 കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്.
2012 മാര്‍ച്ചില്‍ ആരംഭിച്ച പദ്ധതിയുടെ പ്രവര്‍ത്തനം വൈകുന്നതിനെതിരെ പ്രതിപക്ഷം നിരന്തരമായി സമര പരിപാടികള്‍ നടത്തിവരികയാണ്. കെ.എല്‍.ഡി.സിയുടെ അധീനതയിലുള്ള മുല്ലശ്ശേരി കനാലില്‍ കൂമ്പുള്ളി പാലത്തിന് സമീപത്തായി നിര്‍മിച്ച കിണറില്‍ നിന്നാണ് പൂച്ചക്കുന്ന് ഗന്ധിസ്മാരക കേന്ദ്രം വളപ്പില്‍ നിര്‍മ്മിച്ചിട്ടുള്ള പ്ലാന്റിലേക്ക് വെള്ളം പമ്പ്‌ചെയ്യുന്നത്.
ദിനംപ്രതി 14 ലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യുന്നതിന് സൗകര്യമുള്ള ഇവിടെ നിന്ന് ഇവിടെയുള്ള 3.75 ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ജലസംഭരണിയിലേക്കും, ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന വാക ജലസംഭരണിയിലേക്കുമെത്തിച്ച് ഇവിടെ നിന്നാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 3007 കുടുംബങ്ങളി ലേക്ക് എത്തിക്കുന്നത്.
125 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പുകള്‍ വിന്യസിച്ച് 3007 ടാപ്പുകള്‍ സ്ഥാപിച്ചതിലൂടെ വീടുകളിലേക്ക് ട്രയല്‍ വെള്ളം ഏത്തി തുടങ്ങിയിട്ടുണ്ട്. ചാലക്കുടിയിലെ അവാര്‍ഡ്‌സ് ഏജന്‍സിയുടെ നേതൃത്വത്തിലാണ് പണികള്‍ പൂര്‍ത്തിയാക്കി വരുന്നത്.
4000 രൂപ അടച്ചവര്‍ക്കാണ് കണക്ഷന്‍ നല്‍കിയിട്ടുള്ളത്. ഒരു മാസത്തില്‍ മീറ്റര്‍ പ്രകാരം വെള്ളം ഉപയോഗിക്കുന്നതിന് 10 രൂപ വരിസംഖ്യയും 80 രൂപ വെള്ളക്കരവുമായി 90രൂപയാണ് ഫീസ് ഈടാക്കുന്നത്.
കൂടുതല്‍ വെള്ളം ചെലവഴിക്കുകയാണെങ്കില്‍ അതിനനുസരിച്ച് ഫീസ് ചാര്‍ജ്ജ് വര്‍ധിക്കുകയും ചെയ്യും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കൂറിച്ച അന്നു മുതല്‍ അംഗങ്ങള്‍ വരിസംഖ്യ അടച്ചുവരുന്നുണ്ട്. എന്നാല്‍ പദ്ധതിയുടെ ട്രയല്‍ ആരംഭിച്ച് ഉദ്ഘാടനത്തിനൊരുങ്ങുമ്പോഴും പദ്ധതികളുടെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുകയാണ്.
ജലനിധി കുടിവെള്ള പദ്ധതി ആരംഭിക്കുന്നതോടെ മറ്റു പദ്ധതികള്‍ക്കായി പണം ചെലവഴിക്കാന്‍ പാടില്ലെന്ന കരാര്‍ പ്രകാരം നിലവിലുള്ള മുന്നൂറോളം പൊതുടാപ്പുകള്‍ നിര്‍ത്തലാക്കേണ്ടിവരുമെന്നതിനാല്‍ ജലനിധിയില്‍ അംഗത്വമെടുക്കാത്തവരുടെ കുടിവെള്ളം മുട്ടുമെന്നതിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."