മതിയായ ജീവനക്കാരില്ല; തുറന്ന ജയില്‍ പ്രവര്‍ത്തനം താളം തെറ്റുന്നു
ചീമേനി: ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാല്‍ ചീമേനി തുറന്ന ജയിലിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. വിവിധ പദ്ധതികളില്‍ നിന്നായി സര്‍ക്കാറിനു ലക്ഷങ്ങളുടെ ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന സംസ്ഥാനത്തെ പ്രധാന ജയിലാണ് ചീമേനിയിലേത്. 300 ഏക്കറിലധികം പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന തുറന്ന ജയിലില്‍ നിലവില്‍ 163 തടവുകാരാണുള്ളത്.
2007 തുടക്കത്തില്‍ 56 ഉദ്യോഗസ്ഥരുണ്ടായിരുന്ന ജയിലില്‍ നിലവില്‍ പകുതിയോളം പേര്‍ മാത്രമാണുള്ളത്. 2013 ല്‍ 26 തസ്തികകള്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഇതു കാരണം തടവുകാരെ ഉപയോഗിച്ചു ചെയ്തിരുന്ന പദ്ധതികളെല്ലാം തന്നെ വിപുലീകരിക്കാനാവാതെ വിയര്‍ക്കുകയാണ് ജയിലധികൃതര്‍.
ദിവസവും മുക്കാല്‍ കോടി രൂപയോളം വിറ്റുവരവുള്ള ചപ്പാത്തി, ബിരിയാണി നിര്‍മാണ യൂനിറ്റ്, പ്രധാന ഗേറ്റിനരികില്‍ പുതുതായി സ്ഥാപിച്ച കഫ്തീരിയ, ആട്, പശു, മുയല്‍, കോഴി, പന്നി തുടങ്ങി അഞ്ചോളം ഫാമുകള്‍, ചെങ്കല്ല് നിര്‍മാണ യൂനിറ്റ്, പയ്യന്നൂര്‍, ചെറുവത്തൂര്‍ ,കാഞ്ഞങ്ങാട്, പരിയാരം തുടങ്ങിയ നഗരങ്ങളില്‍ ജയിലുല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കേന്ദ്രങ്ങള്‍ തുടങ്ങിയവ ഒരേ സമയം മുന്നോട്ട് കൊണ്ടു പോകണമെങ്കില്‍ തടവുകാര്‍ മാത്രം മതിയാകില്ല. അവരുടെ എണ്ണത്തിനുസരിച്ചുള്ള ഉദ്യാഗസ്ഥരും മേലുദ്യോഗസ്ഥരും ഉണ്ടെങ്കില്‍ മാത്രമേ ഇവകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയൂ.
പതിനഞ്ചേക്കറോളം സ്ഥലത്തു നടത്തി വരുന്ന ഏഴോളം കൃഷിത്തോട്ടങ്ങളില്‍ കൃഷിപ്പണിയും തടവുകാര്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഓരോ തോട്ടത്തിലും മൂന്നിലധികം തടവുകാരാണു ജോലി ചെയ്യുന്നത്. ഇവര്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ മതിയായ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ തുടക്കത്തിലുണ്ടായിരുന്ന പൊലിവ് നിലനിര്‍ത്താനാവാത്ത സ്ഥിതിയാണുള്ളത്. അഞ്ച് മെഷീനുകളുള്ള കല്ലുവെട്ട് യൂനിറ്റില്‍ മാത്രം 20 ആള്‍ക്കാര്‍ തൊഴിലെടുക്കുന്നുണ്ട്.
തുറന്ന ജയിലിനു കീഴിലുള്ള ജീപ്പ്, ട്രാക്ടര്‍, ടിപ്പര്‍, മണ്ണുമാന്തിയന്ത്രം, കാര്‍ തുടങ്ങിയ വാഹനങ്ങളുടെ നടത്തിപ്പ്, അറ്റകുറ്റപണികള്‍, ഇന്ധനം നിറക്കല്‍, കല്ല് വെട്ട് യന്ത്രത്തിന്റെ പരിചരണം തുടങ്ങിയവക്കു മാത്രം ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വേണ്ടതുണ്ട്. തുറന്ന ജയിലിനകത്തു തന്നെ പെട്രോള്‍ പമ്പ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലുമാണ്. ഇതെല്ലാം നിലവിലെ ഉദ്യേഗസ്ഥരെ വച്ചു മുന്നോട്ടു കൊണ്ടു പോവാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഒരു കോടി ലിറ്റര്‍ കപ്പാസിറ്റിയുള്ള മഴവെള്ള സംഭരണി നിര്‍മാണത്തിന് എട്ടു ലക്ഷവും നിലവിലെ ഫാമുകള്‍ ഇരട്ടിപ്പിക്കാന്‍ 32 ലക്ഷവും അനുവദിച്ചിട്ടുണ്ട്. പുതുതായി 5000 ത്തോളം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനും പദ്ധതിയുണ്ട്.
ഒരു കൃഷി ഓഫിസറടക്കം ഉയര്‍ന്ന റാങ്കിലുള്ള ഓഫിസര്‍മാരുടെ ഏഴോളം ഒഴിവും അടിയന്തിരമായി നികത്തേണ്ടതുണ്ട്. ജനറല്‍ ഡ്യൂട്ടിക്കും ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ മാത്രമേ ജയിലില്‍ സുഗമമായ പ്രവര്‍ത്തനം നടക്കുകയുള്ളൂ. അതേ സമയം അച്ചടക്ക നടപടിക്കു വിധേയമായവരോ താല്‍കാലിക ജോലിയില്‍ നിയമിക്കുന്നവരോ തുറന്ന ജയിലിലെത്തുന്നതു ജയിലിലെ പുരോഗതിക്കു തടസമാകുന്നതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."