HOME
DETAILS

കശ്മിര്‍: മഞ്ഞില്‍ പുതഞ്ഞ യുദ്ധഭീതി

  
backup
October 05 2016 | 19:10 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%9e%e0%b5%8d

കശ്മിര്‍ വീണ്ടും കലുഷിതമായിരിക്കുന്നു. ഉറിയിലുണ്ടായ തീവ്രവാദി ആക്രമണവും നിയന്ത്രണരേഖ മുറിച്ചുകടന്നുള്ള ഇന്ത്യയുടെ പ്രത്യാക്രമണവും ലോകശ്രദ്ധ കശ്മിരിലേയ്ക്കു തിരിച്ചുവിട്ടിരിക്കുകയാണ്.
മഞ്ഞണിഞ്ഞ സ്വര്‍ഗഭൂമി ചോരവാര്‍ന്നൊഴുകുന്ന നരകഭൂമിയായതിന് അതിന്റെ പിറവിയോളം കാലപ്പഴക്കമുണ്ട്. ആപ്പിള്‍ത്തോപ്പുകളില്‍ കൂടുകൂട്ടിയ യുദ്ധക്കൊതിയന്മാരുടെ രക്തദാഹമാണു കശ്മിരിനെ വീണ്ടും നിണവര്‍ണമണിയിക്കുന്നത്. കഴിഞ്ഞ ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടശേഷം പൂര്‍വാധികം ശക്തമായ പ്രക്ഷോഭമാണു കശ്മിരില്‍ നടമാടുന്നത്.
പ്രക്ഷോഭം മൂന്നു മാസം പിന്നിടുമ്പോള്‍ മരണമടഞ്ഞതു നൂറിലധികം പേരാണ്. ഗുരുതരമായ പരുക്കുകളോടെ കഴിയുന്നവര്‍ പതിമൂവായിരത്തിലധികവും. 1989 നു ശേഷം മാത്രം കശ്മിരില്‍ കൊല്ലപ്പെട്ടത് 70,000 പേരാണ്. കാണാതായവരുടെ എണ്ണം 8,000 കവിയും.
കര്‍ഫ്യൂ ഏര്‍പ്പെടുത്തിയും 20 കമ്പനി സി.ആര്‍.പി.എഫിനെ കൂടുതല്‍ നിയോഗിച്ചും കശ്മിര്‍പ്രശ്‌നം പരിഹരിക്കാമെന്നതു കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ മിഥ്യാധാരണയാണ്. ഇത് കശ്മിരി ജനതയെ കൂടുതല്‍ ഒറ്റപ്പെടുത്താനേ ഉപകരിക്കൂവെന്നതാണു കലര്‍പ്പില്ലാത്ത നേര്. അവിടെ അവര്‍ക്കാവശ്യം ശാന്തിയും സമാധാനവും സ്വച്ഛന്ദമായ ജീവിതസാഹചര്യവുമാണ്.
അതു സജ്ജീകരിച്ചു കൊടുക്കാന്‍ ജനകീയസര്‍ക്കാരുകള്‍ പരാജയപ്പെടുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയുടെ കരിപടലങ്ങളില്‍ മുതലെടുപ്പു നടത്തുന്നതു വിഘടന ഗ്രൂപ്പുകളാണ്. യുവാക്കളെ ലക്ഷ്യംവച്ചു നീങ്ങുന്ന വിഘടനഗ്രൂപ്പുകളെ ഫലപ്രദമായി നേരിടാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളും സൈന്യവും പലവുരു പരാജയപ്പെടുകയായിരുന്നു.  യുദ്ധം രാഷ്ട്രീയത്തിന്റെ ഭാവഭേദമാണെന്നാണു പറയാറ്. ഇന്ത്യക്കും പാകിസ്താനും ദീര്‍ഘകാലത്തേയ്ക്കു യുദ്ധംചെയ്യാനുള്ള ശേഷിയില്ലെന്നാണു നിരീക്ഷിക്കപ്പെടുന്നത്. ഇരുരാഷ്ട്രങ്ങളുടെയും കൈവശം ചെറുതും വലുതുമായ ആണവായുധങ്ങളുള്ളത് അപകടകരവും ആത്മഹത്യാപരവുമാണ്.
അതുകൊണ്ടുതന്നെ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണു മുന്‍കൈയെടുക്കേണ്ടത്. ജമ്മുകശ്മീരില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ജനകീയപ്രക്ഷോഭത്തെ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷത്തിലൂടെ തമസ്‌കരിക്കാന്‍ ശ്രമിക്കുന്നതു വിവേകരഹിതമായിരിക്കും. ഉപഭൂഖണ്ഡത്തിലെ രണ്ടു രാജ്യങ്ങളും ദരിദ്രരും ദീര്‍ഘകാല സംഘര്‍ഷത്തിനു ശേഷിയില്ലാത്തവരുമാണെന്നതാണു യാഥാര്‍ഥ്യം.
ജനലക്ഷങ്ങള്‍ അന്നന്നത്തെ അന്നത്തിനുവേണ്ടി പെടാപ്പാടുപെടുമ്പോഴും പരസ്പരം ചുട്ടെരിക്കാനുള്ള അണ്വായുധങ്ങള്‍ ഇരു രാജ്യങ്ങളും ശേഖരിച്ചുവച്ചിട്ടുണ്ടെന്നത് അത്യന്തം വിചിത്രമാണ്. നാലഞ്ചു മിനിറ്റുകൊണ്ടു  രണ്ടു രാജ്യങ്ങളിലെയും ഏതു നഗരങ്ങളിലുമെത്താവുന്ന മിസൈലുകള്‍ ഇരുകൂട്ടരും കൈവശം വച്ചിരിക്കുന്നുവത്രെ.
സ്വന്തം പരാജയങ്ങള്‍ക്ക് മറയിടാന്‍ ഭരണാധികാരികള്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ മൂടുപടമാക്കാറുണ്ട്. ഗുരുതരമായ ആഭ്യന്തരക്കുഴപ്പങ്ങള്‍ നേരിടുന്ന പാകിസ്താനിലെ ഭരണവര്‍ഗത്തിനു യുദ്ധം പ്രശ്‌നങ്ങളില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാന്‍ സഹായിച്ചെന്നു വരും. മോദി ഭരണകൂടമാവട്ടെ വരുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്‍പായി തീവ്രരാജ്യസ്‌നേഹത്തിനു തീകൊളുത്തുന്നതില്‍ അവസരം പാര്‍ത്തിരിക്കുന്നവരുമാണ്. ജുഗുപ്‌സാവഹമായ ഹീനതന്ത്രങ്ങളിലൂടെ അണിയറില്‍ വീണ്ടുമൊരു യുദ്ധത്തിനു കോപ്പുകൂട്ടുന്നവരെ തിരിച്ചറിയാതെ പോവുന്നതു ക്ഷന്തവ്യമല്ല.
    കശ്മിര്‍പ്രശ്‌നം ഇത്ര സങ്കീര്‍ണമായതിന്റെ അടിസ്ഥാനകാരണം അതിനു രാഷ്ട്രീയപരിഹാരം കാണാനുള്ള നിരന്തരശ്രമങ്ങളുടെ അഭാവമാണ്. പ്രശ്‌നത്തെ സൈനികമായി പരിഹരിക്കാന്‍ കഴിയില്ലെന്നു സൈനികമേധാവികള്‍തന്നെ അടിവരയിട്ടു പറയുന്നുണ്ട്. കശ്മിരിന്റെ ദേശീയനേതാവായിരുന്ന ശെയ്ഖ് അബ്ദുല്ലയ്ക്കാണ് ഫ്യൂഡല്‍ ഭരണാധികാരിയായ രാജ ഹരിസിങ്ങിനേക്കാള്‍ ജനപിന്തുണയെന്നും അദ്ദേഹമാണു കശ്മിരി ജനതയുടെ ജനാധിപത്യാഭിലാഷങ്ങളെ പ്രതിനിധീകരിക്കാന്‍ എന്തുകൊണ്ടും യോഗ്യനെന്നും ജവഹര്‍ലാല്‍ നെഹ്‌റുവിനു ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശെയ്ഖ് അബ്ദുല്ല സമ്മതിച്ചശേഷമാണു ഹരിസിങ്ങുമായി ലയനക്കരാറുണ്ടാക്കാന്‍ നെഹ്‌റു തയാറായത്.
1947 ഒക്ടോബര്‍ 27ന് ഇന്ത്യ ലയനക്കരാറില്‍ ഒപ്പുവയ്ക്കുമ്പോള്‍ കശ്മിരിനു സ്വയംഭരണം ഉറപ്പുനല്‍കിയിരുന്നു. പിന്നീട് 1948 ല്‍ ഇന്ത്യാപാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാറിനു മധ്യസ്ഥതവഹിച്ച ഐക്യരാഷ്ട്രസഭയ്ക്കു പ്രവിശ്യയില്‍ ഹിതപരിശോധന നടത്താമെന്നും ഉറപ്പുനല്‍കിയതാണ്. എന്നാല്‍, ജനസംഖ്യയില്‍ 90 ശതമാനത്തിലധികം വരുന്ന മുസ്‌ലിംകള്‍ പാകിസ്താന് അനുകൂലമായി വോട്ട് ചെയ്യുമോ എന്ന ഭയമായിരുന്നു തത്വത്തില്‍ അംഗീകരിച്ചിട്ടും ഹിതപരിശോധനയില്‍നിന്നു പിന്മാറാന്‍ പ്രേരണയായത്.
1946 ഓഗസറ്റ് ആറിന് കശ്മിര്‍ സന്ദര്‍ശിച്ചശേഷം ഗാന്ധിജി നടത്തിയ പ്രസ്താവന ഇന്ന് ഏറെ പ്രസക്തമാണ്: 'ജമ്മുകശ്മിരിന്റെ ഭാവി നിശ്ചയിക്കേണ്ടത് അവിടത്തെ ജനങ്ങളുടെ ഇച്ഛയാണ്. ജനങ്ങളുടെ ഇച്ഛയെന്തെന്നു മനസിലാക്കാനുള്ള നീതിപൂര്‍ണമായ ശ്രമങ്ങളുണ്ടാവണം. എത്രത്തോളം നേരത്തേ അതു ചെയ്യുന്നുവോ അത്രത്തോളം നല്ലത് .'
അവകാശങ്ങള്‍ പരിരക്ഷിക്കുന്നതും സൈ്വര്യജീവിതം പ്രദാനം ചെയ്യുന്നതുമായ ജനാധിപത്യ സംവിധാനം നിലനിര്‍ത്താന്‍ ജനകീയ തെരഞ്ഞെടുപ്പില്‍ കശ്മീര്‍ ജനത ആവേശത്തോടെ പങ്കെടുത്തത് ലോകം ദര്‍ശിച്ചതാണ്.
ജനകീയപ്രക്ഷോഭങ്ങളെ ചെറുത്തുതോല്‍പിക്കാന്‍വേണ്ടി സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളോ കശ്മിരിലെ സൈനിക വിന്യാസത്തിലെ ഹിന്ദുത്വശക്തികളുടെ പങ്കോ ഇതേവരെ വിശദമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. താലിബാനെതിരേ ശബ്ദമുയര്‍ത്തി പ്രശസ്തയായ നൊബേല്‍ സമ്മാന ജേതാവ് മലാല യൂസുഫ് സായ് കശ്മിരിലെ അടിച്ചമര്‍ത്തലിനെതിരേ സംസാരിച്ചപ്പോള്‍ അവരെ പെട്ടെന്നു വെറുമൊരു പാകിസ്താനി പെണ്‍കുട്ടിയായി ഇകഴ്ത്തിച്ചുരുക്കുകയായിരുന്നു. ഇന്ത്യയില്‍ മലാലയെയും മലാല പ്രചരണത്തെയും പിന്തുണച്ചു സ്തുതിപാടിയവര്‍ അവരുടെ ആ വാക്കുകള്‍ തൃണവല്‍ക്കരിക്കുന്ന കാഴ്ചയാണു കണ്ടത്.
കശ്മിര്‍ പ്രവിശ്യയിലെ രാഷ്ട്രീയവും സൈനികവുമായ തെറ്റായ നടപടിക്രമങ്ങളെ ന്യായീകരിക്കാന്‍ ആവശ്യമായ വിധത്തിലാണു ഭൂരിപക്ഷംവരുന്ന ബുദ്ധിജീവികളും മനുഷ്യാവകാശപ്രവര്‍ത്തകരും മൗനവല്‍മീകം പൂകുന്നത്. ഈ മൗനം തുടരുന്നിടത്തോളം കാലം കശ്മിരും കശ്മീരികളും കശ്മിരിനെക്കുറിച്ചു സംസാരിക്കുന്നവരും സംശയത്തിന്റെ കരിനിഴലിലാവുക സ്വാഭാവികം. അവര്‍ക്ക് എളുപ്പത്തില്‍ ഭീകരവാദപട്ടം ചാര്‍ത്തപ്പെടുകയും ചെയ്യും. രൂപംകൊണ്ടു കശ്മിരിയെപ്പോലെ തോന്നുന്നുവെന്ന കാരണത്താല്‍ വിദ്യാര്‍ഥിനിക്ക് ആക്രമണം നേരിടേണ്ടിവരുന്നതും കശ്മീരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സംഘടിക്കുന്നവര്‍ക്ക് അറസ്റ്റ് നേരിടേണ്ടിവരുന്നതും അതുകൊണ്ടാണ്.
കശ്മിരില്‍ വിഘടനപ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിടുന്ന നുഴഞ്ഞുകയറ്റക്കാരെയും തീവ്രവാദഗ്രൂപ്പുകളെയും നേരിടാന്‍ നിയുക്തമായ സൈന്യത്തില്‍നിന്നു പലവിധ ക്രൂരതകള്‍ സാധാരണ ജനങ്ങള്‍ നേരിടുന്നുണ്ട്. ഇവരുടെ അതിക്രമങ്ങള്‍ അധികാരകേന്ദ്രങ്ങളെ ബോധ്യപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ പലതും ഫലപ്രാപ്തിയിലെത്തിയിതുമില്ല. സൈന്യത്തിലെ ഒരുവിഭാഗം സ്ത്രീകള്‍ക്കുനേരേ നടത്തിയ ബലാത്സംഗം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ അതിന്റേതായ ഗൗരവത്തില്‍ കേന്ദ്രഭരണകൂടം കണക്കിലെടുത്തിട്ടില്ല. വിധവകളെക്കാള്‍ അര്‍ധവിധവകളുള്ള പ്രദേശമാണിന്നു കശ്മിര്‍. അവരുടെ പുരുഷന്മാരെ ഭീകരവാദികളെന്നപേരില്‍ സൈന്യം പിടിച്ചുകൊണ്ടുപോയി. നാളിതുവരെ അവരെക്കുറിച്ച് ഒരു വിവരവുമില്ലാത്ത സ്ത്രീകള്‍ മുട്ടാത്ത വാതിലുകളില്ല. കശ്മിരിലെ പ്രശ്‌നങ്ങള്‍ ആരോഗ്യകരമായ ആശയസംവേദനത്തിലൂടെയും ക്രിയാത്മകമായ നയതന്ത്രപാടവത്തിലൂടെയുമാണു പരിഹൃതമാവേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago