വിദ്യാലയങ്ങളിലെ മുട്ട വിതരണം നിര്‍ത്തിവയ്ക്കണം
ചെറുവത്തൂര്‍: ചൈനിസ് മുട്ടകള്‍ വ്യാപകമായ സാഹചര്യത്തില്‍ വിദ്യാലയങ്ങളിലെ കോഴിമുട്ട വിതരണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്ത്. പോഷകാഹാര വിതരണത്തിന്റെ ഭാഗമായാണു സ്‌കൂളുകളിലും അങ്കണവാടികളിലും പുഴുങ്ങിയ മുട്ട വിതരണം ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ നിന്നുമെത്തിക്കുന്ന മുട്ടകളാണ് ഇപ്പോള്‍ വിദ്യാലയങ്ങളില്‍ വിതരണം ചെയ്യുന്നത്.
ചെറുവത്തൂര്‍, കാലിക്കടവ്, പിലിക്കോട് പ്രദേശങ്ങളില്‍ നിരവധിപേര്‍ക്ക് വ്യാജകോഴിമുട്ടകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചിട്ടുണ്ട്. മുട്ടകള്‍ പുഴുങ്ങിയപ്പോഴാണു പലരും വ്യാജമുട്ടകളാണെന്നു തിരിച്ചറിഞ്ഞത്. രാസവസ്തുക്കള്‍ അടങ്ങിയ ചൈനിസ് മുട്ട കഴിച്ചാല്‍ കുട്ടികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്ന വാര്‍ത്ത പരന്നതോടെയാണു രക്ഷിതാക്കള്‍ മുട്ട വിതരണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യമായി വിദ്യാലയങ്ങളില്‍ എത്തിത്തുടങ്ങിയത്. വില്‍ക്കുന്നതില്‍ വ്യാജമുട്ടകളുണ്ടോ എന്നു കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കച്ചവടക്കാരും പ്രതിസന്ധിയിലാണ്. കോഴിയുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം മുട്ടകള്‍ കൃത്രിമമായി ഉല്‍പാദിപ്പിക്കുന്നത് ചൈനയിലാണെങ്കിലും കേരളത്തിലെത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്.
ചൈനിസ് മുട്ടകളുമായി ബന്ധപ്പെട്ട പരാതികള്‍ വ്യാപകമാകുമ്പോഴും ആരോഗ്യവകുപ്പ് അധികൃതര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ഈ സാഹചര്യത്തില്‍ രക്ഷിതാക്കളും അധ്യാപകരും ഒരു പോലെ ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."