കടലില്‍ സംഘര്‍ഷം; മടക്കരയില്‍ ബോട്ടുകള്‍ കയറ്റി വച്ചു പ്രതിഷേധം
ചെറുവത്തൂര്‍: തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളും മത്സ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നു. മടക്കര തുറമുഖത്തു നിന്നു മീന്‍പിടിക്കാന്‍ പോയ തൊഴിലാളികളെ ഏഴിമല കടലില്‍ ഒരു സംഘം മര്‍ദിച്ചതിനെ തുടര്‍ന്നാണു വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. മടക്കരയിലെ എ.പി സുഗതന്റെ അയ്യപ്പന്‍, ജമാലിന്റെ സുല്‍ത്താന്‍, രഞ്ജിത്തിന്റെ മത്സ്യദീപ എന്നീ ബോട്ടുകളിലെ തൊഴിലാളികളാണ് അക്രമത്തിനിരയായത്. ജില്ലയിലെ ബോട്ടുകളിലെ തൊഴിലാളികളില്‍ ഏറെയും കര്‍ണാടകയില്‍ നിന്നുള്ളവരാണ്. കടലില്‍ പലതരത്തിലുള്ള അക്രമങ്ങള്‍ ഈ തൊഴിലാളികള്‍ക്കെതിരേ നടത്താറുണ്ടെന്നു ബോട്ടുടമകള്‍ പറയുന്നു.
കഴിഞ്ഞ ദിവസം എഴിമലയില്‍ ഓടത്തിലെത്തിയവരാണ് അക്രമം കാട്ടിയത്. ഇവര്‍ തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ കടലില്‍ എറിയുകയും വിലപിടിപ്പുള്ള മീനുകള്‍ കടത്തിക്കൊണ്ടു പോവുകയും ചെയ്തു. മൊബൈലുകള്‍ നശിപ്പിച്ചതിനാല്‍ ചൊവ്വാഴ്ച രാത്രി മടക്കരയില്‍ തിരികെ എത്തിയപ്പോള്‍ മാത്രമാണ് അക്രമ വിവരം മറ്റുള്ളവര്‍ അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ മടക്കരയില്‍ ബോട്ടുകള്‍ കടലിലിറക്കിയില്ല.
തങ്ങളെ അക്രമിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ തൊഴിലാളികള്‍ പൊലിസിനു കൈമാറിയിട്ടുണ്ട്. കോസ്റ്റല്‍ സി.ഐ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ മടക്കരയിലെത്തി തൊഴിലാളികളുമായി സംസാരിച്ചു. കടലിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി കോസ്റ്റല്‍ സി.ഐയുടെ നേതൃത്വത്തില്‍ ഇന്നു ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
സെപ്റ്റംബര്‍ 30 വരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീങ്ങി മറ്റു ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നു ബോട്ടുകള്‍ എത്തിത്തുടങ്ങിയ സമയത്താണ് അനിഷ്ടസംഭവങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കു വഴിവെക്കാതെ അടിയന്തിരമായും പ്രശ്‌ന പരിഹാരം ഉണ്ടാകണമെന്നതാണ് ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."