സമ്പൂര്‍ണ ശൗചാലയം: പതിമൂന്നിനകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം
കൊച്ചി: നവംബര്‍ ഒന്നിന് സംസ്ഥാനം തുറന്നസ്ഥലത്ത് വിസര്‍ജന രഹിതമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളില്‍ ശൗചാലയങ്ങളുടെ നിര്‍മാണം 13ന് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇന്നലെ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ജില്ലാ കലക്ടര്‍മാര്‍ക്ക് ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. കെ. ജോസും പങ്കെടുത്തു.
എറണാകുളം ജില്ലയില്‍ ചെല്ലാനം, കുട്ടമ്പുഴ, കുമ്പളം എന്നിവിടങ്ങളിലാണ് പദ്ധതി ഇഴഞ്ഞുനീങ്ങുന്നത്. ഇതില്‍ കുട്ടമ്പുഴയില്‍ 600 ലേറെ ശൗചാലയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. മലയോര മേഖലയായതിനാല്‍ അടിസ്ഥാന വസ്തുക്കള്‍ എത്തിക്കുന്നതിലുള്ള പ്രയാസം തരണം ചെയ്താണ് ഗ്രാമപഞ്ചായത്ത് പരിപാടിയില്‍ മുന്നേറ്റം സൃഷ്ടിച്ചിരിക്കുന്നത്. കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ ജില്ല ഭരണകൂടം എല്ലാവിധ സഹായവുമായി രംഗത്തെത്തിയിരുന്നു. ഇവിടെ കൂടുതല്‍ ഫണ്ട് ആവശ്യമുണ്ടെങ്കില്‍ അത് അനുവദിക്കാന്‍ ജില്ലയുടെ ചുമതലയുള്ള വ്യവസായ മന്ത്രി ഇ.പി ജയരാജനും നിര്‍ദേശിച്ചിരുന്നു.
ചെല്ലാനത്തും കുമ്പളത്തും വെള്ളക്കെട്ടാണ് പ്രയാസം സൃഷ്ടിക്കുന്നത്. ഈ രണ്ടിടങ്ങളിലും 13ന് പദ്ധതി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായി കലക്ടര്‍ അറിയിച്ചു. മാത്രമല്ല ഇവിടങ്ങളില്‍ ശൗചാലയം നിര്‍മിക്കാന്‍ കുടുംബങ്ങള്‍ക്ക് സ്ഥലമില്ലാത്തതും തടസമുണ്ടാക്കുന്നുണ്ട്. ഇവിടെയും കുമ്പളത്തും അടിസ്ഥാന നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്.
ശൗചാലയങ്ങളുടെ നിര്‍മാണം ഇവിടെ നിര്‍മിതിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. തറനിരപ്പില്‍ നിന്ന് ക്ലോസറ്റ് ഉയര്‍ത്തി സ്ഥാപിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ റോട്ടറി ക്ലബ്ബ് 100 ശൗചാലയങ്ങള്‍ സര്‍ക്കാര്‍ വിഹിതമായ 15400 രൂപയ്ക്ക് പുറമെ അധികമായി വരു തുക വഹിച്ച് നിര്‍മ്മിച്ചു നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. പൊതുസ്ഥലത്തെ വിസര്‍ജനം ഒഴിവാക്കി സംസ്ഥാനത്തെ ജീവിതനിലവാരത്തില്‍ പ്രകടമായ മാറ്റം കൊണ്ടുവരുക എന്നതാണ് സമ്പൂര്‍ണ ശൗചാലയങ്ങളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാത്രമല്ല വിനോദ സഞ്ചാരത്തിനു കൂടുതല്‍ സാധ്യതകളുള്ള തീരമേഖലയില്‍ ശുചിത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാല്‍ മാത്രമേ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയൂ.
കൂടുതല്‍ വിനോദ സഞ്ചാരികളും മറ്റും എത്തുമ്പോള്‍ അതു ഗ്രാമപഞ്ചായത്തുകള്‍ക്കും ജനങ്ങള്‍ക്കും കൂടുതല്‍ വരുമാനം സൃഷ്ടിക്കാന്‍ കഴിയും. ഇതിലുപരി പകര്‍ച്ചവ്യാധികള്‍ പോലെയുള്ള രോഗങ്ങളെ അകറ്റി നിര്‍ത്താനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."