ഷൈലമ്മയുടെ കുടുംബത്തിന് ഭൂമിയായി; ഇനി വീടൊരുങ്ങും
കുട്ടനാട് : പെണ്‍മക്കളുമൊത്ത് വാടക ഷെഡ്ഡില്‍ അന്തിയുറങ്ങിയ വിധവയായ ഷൈലമ്മയുടെ പുനരധിവാസത്തിന് സ്വന്തമായി മൂന്നരസെന്റ് ഭൂമിലഭിച്ചു. തലവടി പുതുപ്പറമ്പ് പാരേത്തോട് പുളിക്കത്തറ പരേതനായ പ്രഹ്‌ളാദന്റെ ഭാര്യ ഷൈലമ്മയാണ് രണ്ടുപെണ്‍മക്കളും ബാല്യം വിട്ടൊഴിയാത്ത മകനുമൊന്നിച്ച് അടച്ചുറപ്പില്ലാത്ത ഒറ്റമുറി വാടകഷെഡ്ഡില്‍ പതിറ്റാണ്ടുകളായി അന്തിയുറങ്ങിയിരുന്നത്. കുടുബത്തിന്റെ ദുരിതം അറിഞ്ഞതോടെ വാര്‍ഡ് മെമ്പര്‍ അജിത്ത് കുമാര്‍ പിഷാരത്ത് മുന്‍കൈയ്യെടുത്ത് പുനരധിവാസത്തിനുള്ള ശ്രമം ആരംഭിച്ചച്ചിരുന്നു.
തലവടി ഗ്രാമപഞ്ചായത്തിന്റേയും കുടുംബശ്രീ-അയല്‍ക്കൂട്ടത്തിന്റേയും നേതൃത്വത്തില്‍ അഗതി ആശ്രിത പദ്ധതിയില്‍പെടുത്തി 1.50 ലക്ഷം രൂപ ഈ കുടുംബത്തിന് നല്‍കി. നാട്ടുകാരുടെ പിന്‍തുണയും ലഭിച്ചതോടെ ഷൈലമ്മ മൂന്നരസെന്റ് ഭൂമിക്ക് ഉടമയായി തീര്‍ന്നു. തലവടി കോടാത്തുശ്ശേരി സാബുവിന്റെ ഉടമസ്ഥതയിലുള്ള വസ്തു ഷൈലമ്മക്ക് കൈമാറാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തി ആയതായി വാര്‍ഡ് മെമ്പര്‍ പറഞ്ഞു.
വസ്തുവിന്റെ തുകയായ ചെക്ക് ഇന്നലെ ഷൈലമ്മക്ക് കൈമാറി. മിശ്രവിവാഹ ദമ്പതികളായ പ്രഹ്‌ളാദനും ഷൈലമ്മയും ഡല്‍ഹിയില്‍ വെച്ചായിരുന്നു വിവാഹിതരായത്.
ആദ്യപെണ്‍കുട്ടിയുടെ ജനനത്തോടെ കേരളത്തിലെത്തിയ ഇവര്‍ ഷൈലമ്മയുടെ സ്വദേശമായ തലവടിയിലെ പുന്നശ്ശേരി സൈനബ രവികുമാറിന്റെ ഉടമസ്ഥതയിലുള്ള ഒറ്റമുറി വാടകഷെഡ്ഡിലാണ് കഴിഞ്ഞ പതിനൊന്നുവര്‍ഷമായി കഴിയുന്നത്. 2013 മെയ് പത്തിന് പ്രഹ്‌ളാദന്‍ ഹൃദയ സ്തംഭനം മൂലം മരിക്കുമ്പോള്‍ മൂത്തമകള്‍ പ്രിങ്കോ പ്രഹ്‌ളാദന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയും രണ്ടാമത്തെ മകള്‍ പ്രിഘോഷ് പ്രഹ്‌ളാദന്‍ അഞ്ചിലും, മകന്‍ പ്രണവ് രണ്ടാം ക്ലാസിലുമാണ് പഠിച്ചിരുന്നത്.
പ്രദേശവാസികളുടെ സഹായ സഹകരണത്തോടെ പഠനം തുടര്‍ന്നെങ്കിലും അടച്ചുറപ്പില്ലാത്ത കുടിലില്‍ പ്രായപൂത്തിയായ പെണ്‍മക്കളെ നെഞ്ചോടു ചേര്‍ത്താണ് യുവതിയായ വീട്ടമ്മ കഴിഞ്ഞിരുന്നത്. വീട് ലഭിക്കുന്നതിനായി തലവടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കിയെങ്കിലും സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ ഇവരുടെ അപേക്ഷ നിരസിക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."