ശമ്പളം മുടങ്ങി: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് ഇടുക്കിയിലും ശക്തം
തൊടുപുഴ: ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തുടങ്ങിയ സമരം ഇടുക്കിയിലും ശക്തം. തൊടുപുഴ ഡിപ്പോയില്‍ ഇന്നലെ രാവിലെ 11 മുതല്‍ ഐഎന്‍ടിയുസി നേതൃത്വത്തില്‍ തൊഴിലാളികള്‍ പണിമുടക്കി. പണിമുടക്കിനെ തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസുകളടക്കം മുടങ്ങി. മൂന്നാര്‍ ഡിപ്പോയിലെ ജീവനക്കാര്‍ നിരാഹാര സമരം ആരംഭിച്ചു. സി.ഐ.റ്റി.യു അനുഭാവമുള്ള കെ.എസ്.ആര്‍.ടി.ഇ.എ യുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.ആര്‍ സുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു. വി.ജി സന്തോഷ്, എം.വി സുരേഷ് എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.
സമരം കുമളി ഡിപ്പോയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചു. 53 സര്‍വീസുകളാണ് കുമളി ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. ഇതില്‍ 27 സര്‍വീസുകള്‍ മാത്രമാണ് ഇന്നലെ നടന്നത്. രാവിലെ പത്തുമണി വരെയുള്ള എല്ലാ സര്‍വീസുകളും നടത്തിയെങ്കിലും സമരാനുകൂലികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബാക്കിയുള്ള സര്‍വീസ് നടത്താന്‍ കഴിഞ്ഞില്ല. എ.ഐ.ടി.യു സി, ബി.എംഎസ്, ഐ.എന്‍.ടി.യു.സി, ഡ്രൈവേഴ്‌സ് യൂനിയന്‍ തുടങ്ങിയ സംഘടനകള്‍ സമരത്തില്‍ പങ്കെടുത്തു. സി.ഐ.ടി.യു. സമരത്തില്‍ നിന്നും വിട്ടുനിന്നു. രാത്രി വൈകിയും സമരം തുടരുകയാണ്. ഇന്ന് ശമ്പളം ലഭിച്ചില്ലെങ്കില്‍ കുമളി ഡിപ്പോയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസപ്പെടുത്താനാണ് യൂനിയനുകളുടെ തീരുമാനം.
മിന്നല്‍ പണിമുടക്കായിരുന്നതിനാല്‍ വിദൂരസ്ഥലങ്ങളില്‍ നിന്നെത്തിയ യാത്രക്കാര്‍ ബസ് സ്റ്റാന്‍ഡുകളില്‍ കുടുങ്ങി. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ പതിവിലുമധികം തിരക്ക് അനുഭവപ്പെട്ടു. കെഎസ്ആര്‍ടിസിയെ ആശ്രയിച്ച് ദൂരസ്ഥലങ്ങളിലേക്ക് പോകാന്‍ എത്തിയവരാണ് ഏറെയും ബുദ്ധിമുട്ടിലായത്. എല്ലാമാസവും അവസാനത്തെ പ്രവര്‍ത്തിദിവസമാണ് സാധാരണ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുക. പ്രസ്തുത ദിവസം കഴിഞ്ഞ് ആറു ദിനങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളം അനുവദിക്കാനുള്ള നടപടികള്‍ മാനേജ്‌മെന്റ് കൈക്കാള്ളത്തതാണ് പ്രതിഷേധത്തിനു ഇടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."