കോണ്‍ഗ്രസിന്റെ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസ് മാര്‍ച്ച് അക്രമാസക്തം
അടിമാലി: ദേശീയ പാത നിര്‍മാണം വനം വകുപ്പ് തടഞ്ഞതായാരോപിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ നേര്യമംഗലം റേഞ്ച് ഓഫിസ് ഉപരോധം അക്രമാസക്തമായി. ലാത്തിചാര്‍ജില്‍ ഏഴു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും, സമരക്കാരുടെ ആക്രമണത്തില്‍ രണ്ട് പൊലിസുകാര്‍ക്കും ഒരു വനപാലകനും പരുക്കേറ്റു.കല്ലേറില്‍ വനം വകുപ്പിന്റെ രണ്ടു വാഹനങ്ങള്‍ തകര്‍ന്നു.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിലെ മൂന്നു ഇടങ്ങളിലായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനം അടുത്തിടെ വനം വകുപ്പ് തടഞ്ഞിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അടിമാലി, ഇരുമ്പുപാലം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്ച്ചിനെത്തിനെത്തിയ പ്രവര്‍ത്തകര്‍ പൊലിസിനെ തള്ളിനീക്കി റേഞ്ചോഫിസിലേക്ക ് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു.
ഇത് അടിമാലി,കുട്ടമ്പുഴ പൊലിസിന്റെ നേതൃത്വത്തില്‍ തടഞ്ഞതോടെയാണു സംഘര്‍ഷമുണ്ടായത്.റേഞ്ച് ഓഫിസിലേക്കും പൊലിസിന് നേരെയും കല്ലേറുണ്ടായതോടെ പൊലിസ് ലാത്തി വീശി.
അടിമാലി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ശ്യംകുമാര്‍(53), കുട്ടമ്പുഴ എ.എസ്.ഐ രാധാകൃഷ്ണന്(47), ഇടുക്കി എ.ആര്.ക്യാംപിലെ മണികണ്ഠന്(27), യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മനീഷ് നാരായണന്(36), ദേവികുളം മണ്ഡലം സെക്രട്ടറി നിഷാദ് കീടത്തുംകുടി(36), പ്രവര്‍ത്തകരായ കെ.കൃഷ്ണമൂര്‍ത്തി(28), ജസ്റ്റിന് കുളങ്ങര(36), കോണ്‍ഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്റ് എം.ഐ.ജബ്ബാര്‍(40), വൈസ് പ്രസിഡന്റ് ബേബി അഞ്ചേരി(53), ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് സലീം അലിയാര്(42) എന്നിവര്‍ക്കാണ് പരുക്കേറ്റത് ഇവരെ കോതമംഗലം, അടിമാലി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കൃഷ്ണമൂര്‍ത്തിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടമ്പുഴ,അടിമാലി പൊലിസ് സ്റ്റേഷനുകളില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. റേഞ്ചോഫിസ് പടിക്കല്‍ നടന്ന ഉപരോധ സമരം ഡി.സി.സി പ്രസിഡന്റ് റോയി കെ.പൗലോസ് ഉദ്ഘാടനം ചെയ്തു.
ദേശീയപാത വികസനത്തിനു തടസം നില്ക്കുന്ന വനംവകുപ്പിനെതിരെ സമരം ശക്തമാക്കുമെന്നും ഉദ്യോഗസ്ഥര്‍ കാട്ടാള നീതി നടപ്പാക്കിയാല്‍ നേരിടുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിമാലി നഗരത്തില്‍ പ്രകടനവും യോഗവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."