ജീവനക്കാര്‍ ഡിപ്പോയില്‍ കഞ്ഞി വച്ച് പ്രതിഷേധിച്ചു
കൊല്ലം: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കൊല്ലത്ത് ജീവനക്കാര്‍ തുടങ്ങിയ പണിമുടക്ക് സമരം ജില്ലയിലെ ഗതാഗത മേഖലയെ സാരമായി ബാധിച്ചു.
കൊല്ലം ഡിപ്പോയില്‍ പണിമുടക്കിയ ജീവനക്കാര്‍ ഡിപ്പോയ്ക്കുള്ളില്‍ കഞ്ഞി വച്ച് പ്രതിഷേധിച്ചു. ഭരണകക്ഷി യൂനിയനായ എ.ഐ.ടി.യു.സി യൂനിയന്റെ നേതൃത്വത്തിലായിരുന്നു കഞ്ഞിവെയ്പ്പ്. മാസത്തിലെ അവസാന പ്രവൃത്തി ദിവസം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതാണ് പതിവ് എന്നാല്‍ അടുത്ത മാസത്തിലേക്ക് കടന്ന് നാലു ദിവസം പിന്നിട്ടിട്ടും ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ പണിമുടക്കിലേക്ക് തിരിഞ്ഞത്. ധനകാര്യ സ്ഥാനങ്ങള്‍ കെ.എസ്.ആര്.ടി.സിക്ക് വീണ്ടും പണം കടം നല്കുന്നതില് വിസമ്മതിച്ചതോടെയാണ് ഇത്തവണ ശമ്പളം മുടങ്ങിയത്. പണിമുടക്കില്‍ കൊല്ലം ഡിപ്പോയിലെ എല്ലാ യൂനിയനുകളും പങ്കെടുത്തു. ഡിപ്പോയില്‍ നിന്ന് ആരംഭിക്കേണ്ട സര്‍വിസുകളൊന്നും തന്നെ നടന്നില്ല. മറ്റ് ഡിപ്പോകളില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വിസുകള്‍ കൊല്ലം ഡിപ്പോയിലെത്തിയത് മാത്രമാണ് ജീവനക്കാര്‍ക്ക് ആശ്വാസമായത്. കൊല്ലത്ത് നിന്ന് സര്‍വിസ് നടത്തുന്ന വേണാട് ചെയിന്‍ ബസുകളും ഇന്നലെ സര്‍വിസ് നടത്തിയില്ല. ഇതോടെ ജില്ലയിലെ ഗ്രാമീണ മേഖലകളിലേക്കുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. പണിമുടക്കിന്റെ കാര്യമറിയാതെ ഡിപ്പോയിലേക്കെത്തിയ നിരവധിപേരാണ് വലഞ്ഞത്.
ഇന്നലെ വൈകിട്ടോടെ പൈസ അയക്കുമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും ശമ്പളം അക്കൗണ്ടില്‍ ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് ജീവനക്കാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."