യുവമോര്‍ച്ചയുടെ കലക്ടറേറ്റ് മാര്‍ച്ച് അക്രമാസക്തം ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു
കോഴിക്കോട്: സ്വാശ്രയ കോളജ് വിഷയത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പൊലിസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റടക്കം മൂന്നുപേര്‍ക്ക് പരുക്കേറ്റു. അപ്രതീക്ഷിതമായി കണ്ണീര്‍വാതകം പ്രയോഗിച്ചപ്പോള്‍ സിവില്‍സ്റ്റേഷന്‍ പരിസരത്തുണ്ടായിരുന്നവര്‍ക്ക് കണ്ണെരിച്ചലും അസ്വസ്ഥതയും അനുഭവപ്പെട്ടു. അരമണിക്കൂറോളം വയനാട് റോഡില്‍ ഗതാഗത തടസവുമുണ്ടായി.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. സ്വാശ്രയ കോളജ് പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായാണ് യുവമോര്‍ച്ച മാര്‍ച്ചുമായെത്തിയത്. തലേദിവസം നടന്ന എ.ബി.വി.പിയുടെ ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് അക്രമത്തില്‍ കലാശിച്ച സാഹചര്യത്തില്‍ യുവമോര്‍ച്ചയുടെ മാര്‍ച്ചിനെ നേരിടാന്‍ വന്‍ പൊലിസ് സന്നാഹം കലക്ടറേറ്റ് പടിക്കല്‍ ക്യാംപ് ചെയ്തിരുന്നു. സിവില്‍ സ്റ്റേഷന്‍ കവാടം മുഴുവന്‍ ബാരിക്കേഡ് സ്ഥാപിച്ച് അടച്ച പൊലിസ് പരിസരങ്ങളിലെല്ലാം പൊലിസുകാരെ വിന്യസിപ്പിച്ചു. അതേസമയം മുപ്പതോളം പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ഒരു പ്രവര്‍ത്തകനെ നേരിടാന്‍ 20 പൊലിസുകാരന്നെ നിലയില്‍ സേനയുണ്ടായിരുന്നു.
പ്രകടനമായെത്തിയ സമരക്കാര്‍ ഉടന്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചു. ഒരു ബാരിക്കേഡ് ഇളക്കിയിട്ടതോടെ പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ശക്തമായി വെള്ളം ചീറ്റിയിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ നിന്നപ്പോഴാണ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. അതോടെ സമരക്കാര്‍ ചിതറിയോടി. കണ്ണീര്‍ വാതകമേറ്റ് പരിസരത്ത് നിന്നിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും അസ്വസ്ഥതയുണ്ടായി. തൊട്ടടുത്ത സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനും അസ്വസ്ഥത അനുഭവപ്പെട്ടു. ജലപീരങ്കി പ്രയോഗത്തില്‍ യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റിയംഗം സുജീഷ് പുതുക്കുടിക്ക് ചെവിക്ക് പരുക്കേറ്റു. സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു, അജി തോമസ് എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ പൊലിസ് ജീപ്പില്‍ ആശുപത്രിയിലേക്ക് മാറ്റി. സംഘര്‍ഷാവസ്ഥ അവസാനിച്ച ശേഷം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണ സമരം ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."