കൊണ്ടോട്ടി വലിയതോട് മാലിന്യക്കൂമ്പാരം നീക്കിത്തുടങ്ങി; നിര്‍മാര്‍ജനത്തിന് സൗകര്യമില്ലാതെ നഗരസഭ
കൊണ്ടോട്ടി: നഗരത്തോട് ചേര്‍ന്നുള്ള വലിയതോട്ടിലെ മാലിന്യം നഗരസഭ നീക്കിത്തുടങ്ങി. പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും നിറഞ്ഞ് കടുത്ത ആരോഗ്യ ഭീതിയിലായിരുന്നു വലിയതോട്. ശുചീകരണപദ്ധതി പ്രഖ്യാപനത്തിലൊതുങ്ങിയതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. മഴക്കാലം കൂടി കഴിഞ്ഞതോടെ തോടിന്റെ പലഭാഗത്തും മാലിന്യം അടിഞ്ഞുകൂടി കിടക്കുകയാണ്.
നഗരത്തിലെ സ്ഥാപനങ്ങളില്‍ നിന്നടക്കമുളള മാലിന്യം തോട്ടിലേക്കാണ് തള്ളുന്നത്. ഇന്നലെ നഗരസഭ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടിയുടെ നേതൃത്വത്തില്‍ ശുചീകരണം തുടങ്ങി. എന്നാല്‍ മാലിന്യ നിര്‍മാര്‍ജനത്തിന് സൗകര്യമില്ലാതെ നഗരസഭാധികൃതര്‍ വലയുകയാണ്.
മാലിന്യമുക്തമാക്കാന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നഗരസഭ രംഗത്തിറങ്ങിയിരുന്നെങ്കിലും നടപടികള്‍ എവിടെയും എത്തിയില്ല. വലിയ തോടിന്റെ നാശം മേഖലയില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമാക്കിയിട്ടുണ്ട്. മുന്‍കാലത്ത് തോട്ടില്‍ തടയണ കെട്ടി നിര്‍ത്തി കടുത്ത വേനലിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ കൊണ്ടോട്ടി ടൗണ്‍ വികസിച്ചതോടെ മാലിന്യം നിറഞ്ഞ് തോട് നാശത്തിന്റെ വക്കിലാണ്. കൂടാതെ തോട്ടില്‍ മാലിന്യം നിറയുന്നതിനാല്‍ സമീപത്തെ വീടുകളില്‍ താമസിക്കുന്നവരും ഭീതിയിലാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു പൊതുജനപങ്കാളിത്തത്തോടെ വലിയതോട് നവീകരണം ആരംഭിച്ചത്. കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന അഞ്ച് സ്ഥാനാര്‍ഥികള്‍ ചേര്‍ന്നാണ് അന്ന് ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനം കഴിഞ്ഞതല്ലാതെ തോട് ശുചീകരണപ്രവൃത്തി പിന്നീട് കാര്യമായി മുന്നോട്ട് പോയില്ല. മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതും എവിടെയും എത്തിയില്ല. രണ്ട് സ്ഥാപനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ പിഴ അടക്കാന്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. കൊണ്ടോട്ടി അങ്ങാടിയിലെ കൊടാഞ്ചിറ മുതല്‍ 17 വരെ ആദ്യഘട്ടത്തില്‍ മാലിന്യ മുക്തമാക്കാനായിരുന്നു പദ്ധതി.
കൊണ്ടോട്ടി അങ്ങാടിയില്‍ നിന്നും മറ്റുമായി പുറം തള്ളുന്ന മാലിന്യങ്ങള്‍ വലിയ തോട്ടിലേക്ക് വലിച്ചെറിയുന്നതിനാല്‍ വലിയ തോട് മലിന്യം കുമിഞ്ഞ് കൂടി ഉപയോഗ ശൂന്യമായിരിക്കുകയാണ്.
നേരത്തെ കുളിക്കാനും മറ്റുമായി ജനങ്ങള്‍ പ്രയോനപ്പെടുത്തിയിരുന്ന വലിയ തോട് കര്‍ഷകര്‍ക്കും ഏറെ ആശ്വാസമായിരുന്നു.
എന്നാല്‍ മാലിന്യം നിറഞ്ഞ് തോടിന്റെ ആഴവും വീതിയും കുറഞ്ഞ് തീര്‍ത്തും ആരോഗ്യ ഭീതിപരത്തുന്ന മാലിന്യ സങ്കതേമായി മാറിയിരിക്കുകയാണ്. വേനല്‍ക്കാല, മഴക്കാല രോഗങ്ങളും ഇതുമൂലം മേഖലയില്‍ പതിവാണ്. ഇന്നലെ ചക്കുങ്ങല്‍ അരു, കൊടാമ്പാടം ഭാഗങ്ങളില്‍ വെള്ളത്തില്‍ കെട്ടിനില്‍ക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പൂര്‍ണമായും തൊഴിലാളികളെ വെച്ച് നീക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."