സമാധാന സന്ദേശവുമായി തീരദേശത്ത് പൊലിസിന്റെ സൈക്കിള്‍ റാലി
തിരൂര്‍: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പതിവായ തീരദേശ മേഖലയില്‍ സമാധാന സന്ദേശവുമായി പൊലിസ് ഇടപെടാനൊരുങ്ങുന്നു. ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചാണു പൊലിസ് പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച പരപ്പനങ്ങാടി മുതല്‍ പടിഞ്ഞാറെക്കര വരെയാണു ജില്ലാ പൊലിസ് മേധാവിയും സംഘവും പുലരട്ടെ സമാധാനമെന്ന സന്ദേശവുമായി സൈക്കിള്‍ സവാരി നടത്തുന്നത്.
പരപ്പനങ്ങാടിയില്‍ വെള്ളിയാഴ്ച രാവിലെ 6.30നു ജില്ലാ കളക്ടര്‍ ഷൈന ഉദ്ഘാടനം ചെയ്യും. താനൂര്‍, ഉണ്യാല്‍ വഴി പറവണ്ണയിലെത്തുന്ന സംഘത്തിനു തിരൂര്‍ ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. മലയാള സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സമാധാന സന്ദേശവുമായി ഇവിടെ വെള്ളരി പ്രാവുകള്‍ പറത്തും. വാക്കാട്, പടിഞ്ഞാറെക്കര എന്നിവിടങ്ങളിലും സ്വീകരണം നല്‍കും.
കടലോര ജാഗ്രതാ സമിതികള്‍, ഗ്രാമപഞ്ചായത്ത് ഭരണ സമിതികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണു സ്വീകരണം ഒരുക്കുക.
മാസങ്ങളായി തുടരുന്ന തീരദേശത്തെ രാഷ്ട്രീയ പോരിന് അറുതി വരുത്താന്‍ പൊലിസും റവന്യൂ വകുപ്പും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണു റാലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."