HOME
DETAILS
MAL
മണ്ണാത്തിപ്പുള്ള് ഉണ്ടായത്
backup
May 09 2016 | 06:05 AM
നാട്ടറിവില്‍ കഥകള്‍ എഴുതുകയായിരുന്നില്ല. കഥകള്‍ ഉണ്ടാവുകയായിരുന്നു. അത് പല രീതിയില്‍ പലപ്രകാരങ്ങളില്‍ സംഭവിച്ചു. ആളുകള്‍ പാടിപ്പാടി അല്ലെങ്കില്‍ പറഞ്ഞു പറഞ്ഞ് കഥകളുണ്ടായി. നാഗരിക സംസ്‌കാരങ്ങളില്‍ പ്രത്യേകിച്ചും വികസിതനാഗരികതകളില്‍ കഥയെഴുതുകയായി. ആളുകള്‍ എഴുതുന്ന കഥകള്‍ പോലും യഥാര്‍ഥത്തില്‍ അയാളുടേതാകുന്നില്ല. കഥകള്‍ വായിച്ചു വായിച്ച് നാഗരികതയില്‍ കഥകളെഴുതുന്നു. കഥകള്‍ കേട്ടു കേട്ട് നാട്ടറിവില്‍ കഥകള്‍ ഉണ്ടാകുന്നു. ആദ്യത്തേത് എഴുത്തും രണ്ടാമത്തേത് വാമൊഴിയുമാണ്. വാമൊഴിയിലെ കഥകള്‍ കാലം കഴിയുമ്പോള്‍ മാറിക്കൊണ്ടിരിക്കും. എഴുതുന്ന കഥകള്‍ മാറുകയില്ല. പറച്ചിലിലൂടെ നിലനില്‍ക്കുന്ന കഥകള്‍ നാട്ടുജീവിതത്തിലാണുണ്ടായിരുന്നത്. യക്ഷിക്കഥകള്‍, ജിന്നുകഥകള്‍, പ്രേതകഥകള്‍ തുടങ്ങിയ ഇനങ്ങള്‍ ആളുകളുടെ ഭീതിനിറഞ്ഞ മനസില്‍ നിന്നുണ്ടാകുന്നതാണ്. ദേവതക്കഥകള്‍, സൂഫിക്കഥകള്‍, തങ്ങക്കഥകള്‍, കാവുകഥകള്‍, പള്ളിക്കഥകള്‍ തുടങ്ങിയവ ഭക്തിയുമായി ബന്ധപ്പെട്ട് സമുദായങ്ങളിലുണ്ടാകുന്നവയാണ്. ഐതിഹ്യങ്ങള്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ടായിരുന്നു. ഉദ്ഭവകഥകളെന്ന പ്രവണത പഴയസമൂഹങ്ങളുടെ ശീലമായിരുന്നു. മനുഷ്യനാണെങ്കിലും ജാതിയാണെങ്കിലും മതമാണെങ്കിലും പൂവാണെങ്കിലും തെങ്ങാണെങ്കിലും ആദ്യത്തേത് എങ്ങനെയുണ്ടായിയെന്നത് ഓരോ വിഭാഗത്തിന്റെയും മനുഷ്യരുടെയും സ്വാഭാവികമായ ആകാംക്ഷയാണ്. അവര്‍ക്കൊരുല്‍പത്തിക്കഥയെന്നത് ആത്മവിശ്വാസത്തിന്റെ ഭാഗമായിരുന്നു. ഉല്‍പത്തി കഥകളെന്ന ഒരു വിഭാഗം തന്നെ നാടോടിക്കഥകളിലുണ്ട്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഭൂമിശാസ്ത്രപരമായിത്തന്നെയുള്ള സവിശേതയാണ് തെങ്ങ് അല്ലെങ്കില്‍ കേരം. അതുണ്ടായതെങ്ങനെയെന്നതിനെ സംബന്ധിച്ച കഥകളുണ്ട്. അതിലൊരു കഥ രസകരമാണ്. തെങ്ങ് സ്വര്‍ഗത്തിലെ കല്‍പകവൃക്ഷമാണെന്നാണ് ഒരു വിശ്വാസം. ത്രിശങ്കുവിന്റെ സ്വര്‍ഗകഥയുമായി ബന്ധപ്പെട്ടാണ് അത് ഭൂമിയിലെത്തുന്നത്. ത്രിശങ്കു അതികഠിനമായ തപസിലൂടെ വിശ്വാമിത്രമഹര്‍ഷിയെ പ്രസാദിപ്പിച്ചു. അതില്‍ പ്രീതനായ അദ്ദേഹം ത്രിശങ്കുവിനുവേണ്ടി ഒരു സ്വര്‍ഗം നിര്‍മിച്ചു കൊടുക്കുകയായിരുന്നു. എന്നാല്‍ പിന്നീടൊരിക്കല്‍ പരമശിവന്‍ ത്രിശങ്കുവിനെ യഥാര്‍ഥ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചു. അതിന്റെ ബഹളത്തില്‍ സ്വര്‍ഗത്തില്‍ നിന്ന് ഒരു തെങ്ങ് അടര്‍ന്ന് തെറിച്ച് ഭൂമിയില്‍ വീണുവത്രേ. അതുപോലെ തെക്കന്‍കേരളത്തില്‍ തെങ്ങിന്റെ ഉല്‍പത്തിയുമായി ബന്ധപ്പെട്ട് മറ്റൊരു കഥയുണ്ട്. ശിവനും പാര്‍വതിയും തമ്മിലുള്ള സംയോഗത്തില്‍ ശിവബീജം ഭൂമിയില്‍ പതിക്കാനിടവന്നു. അതില്‍നിന്നുടലെടുത്തതാണത്രെ തെങ്ങ്. ഏതായാലും തെങ്ങ് സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക് പതിച്ചതാണെന്നു വിശ്വസിക്കാനാണ് കേരളീയര്‍ ഇഷ്ടപ്പെടുന്നത്. കാരണം അതത്രമാത്രം മനുഷ്യന് ഉപകാരപ്രദമാണ് അത്.
നദികള്‍ക്കും തടാകങ്ങള്‍ക്കും കുളങ്ങള്‍ക്കും ഉല്‍പത്തിക്കഥകളുണ്ട്. ഒരു കഥയുദാഹരണമെന്ന നിലയില്‍ പറയുന്നു. വെള്ളായണിയിലെ കായലുണ്ടായതിനെപ്പറ്റി ഒരു കഥയുണ്ട്. തിരുവനന്തപുരത്തെ ശുദ്ധജലതടാകമാണ് വെള്ളായണിയിലെ കായല്‍. മുന്‍പു പാടമായിരുന്ന ഒരു സ്ഥലമായിരുന്നു കായലായി മാറിയതെന്ന് വിശ്വസിക്കപ്പെടുന്നു. കഠിനമായി പണിയെടുക്കുന്ന ഒരു കൃഷിക്കാരനായ പിതാമഹന്‍ വയലില്‍ ജോലിചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കടുത്ത വേനലായിരുന്നു അത്. അയാള്‍ക്ക് കലശലായ ദാഹമുണ്ടായി. അയാളുടെ ഭാര്യയുടെ പേര് ഗംഗയെന്നായിരുന്നു. അവര്‍ കുടിക്കാനുള്ള വെള്ളവുമായി വരുന്നുണ്ടോ എന്ന് അയാള്‍ പണി ചെയ്യുന്നതിനിടയില്‍ തലയുയര്‍ത്തി നോക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ആ വഴി ഒരു സന്ന്യാസിവര്യന്‍ വന്നു. ആ കൃഷിക്കാരന്‍ ആളെ ശ്രദ്ധിക്കാതെ അദ്ദേഹത്തോട് 'ഗംഗയെക്കണ്ടോ?' എന്നു ചോദിച്ചുപോയി. കര്‍ഷകന്‍ തന്നെ പരിഹസിക്കുകയാണെന്ന് സന്ന്യാസി ധരിക്കുകയും അതില്‍ കോപിക്കുകയും ചെയ്തു. 'ഗംഗ പുറകേ വരും' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം കടന്നുപോയി. പെട്ടെന്നുതന്നെ വയലില്‍ വെള്ളം കുതിച്ചുയരുകയും ജലപ്രവാഹത്തില്‍ വേലിയേറ്റമുണ്ടായി ഒരു കായല്‍ രൂപപ്പെടുകയും ചെയ്തുവത്രെ. സന്ന്യാസിയുടെ കോപത്തിനിരയായ ആ കര്‍ഷകന്‍ ഒരു കരിങ്കല്ലായി മാറി. ആ സന്ന്യാസി അശ്വത്ഥാമാവായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. 'കഥയില്‍ ചോദ്യം പാടില്ല' എന്നൊരു ചൊല്ലുണ്ട്. കഥയില്‍ യുക്തിയുണ്ടോ, അത് സംഭവ്യമാണോ എന്ന ചോദ്യത്തിനൊന്നും നാട്ടുകഥയില്‍ പ്രസക്തിയില്ല. സന്ന്യാസി ദേഷ്യപ്പെടുന്നത് ശരിയാണോ, അദ്ദേഹം ത്രികാലജ്ഞാനിയായതു കൊണ്ട് ഇതിന്റെ വാസ്തവം അിറയേണ്ടതല്ലേ എന്നൊക്കെ ചോദ്യങ്ങള്‍ വന്നേക്കാം. ഇത് കഥയാണ്, അതങ്ങനെയൊക്കെയാണ് എന്നാണുത്തരം. ഏതായാലും വെള്ളായണിക്കായലിന് ഒരുദ്ഭവം വേണമല്ലോ. അതുണ്ടായതില്‍ നാട്ടുകാര്‍ക്ക് ആശ്വാസം.
ഉദ്ഭവകഥ സംഗീതോപകരണങ്ങള്‍ക്കും ബാധകമാണ്. എണ്ണമറ്റ സംഗീതോപകരണങ്ങളാണ് കേരളത്തിലെ തദ്ദേശീയസംസ്‌കൃതികളില്‍ ഉണ്ടായിട്ടുള്ളത്. നന്ദുണിയുണ്ടായതിനു പിന്നിലെ ഐതിഹ്യം നോക്കാം. പാര്‍വതി പ്രസവിക്കാതെ തന്നെ, ശിവപാര്‍വതിമാര്‍ക്കുണ്ടായ കുട്ടിയാണ് ചാത്തന്‍. ചാത്തന് ദേവലോകത്ത് പ്രവേശനം നിഷിദ്ധമായിരുന്നു. സ്വര്‍ഗലോകത്തു പ്രവേശനമില്ലാത്ത താന്‍ ഭൂമിയില്‍ത്തന്നെ സ്വര്‍ഗമുണ്ടാക്കുമെന്ന് പ്രതിജ്ഞയെടുത്തു. കഠിനമായി അധ്വാനിച്ച് തോട്ടങ്ങളുണ്ടാക്കി. ആടുമാടുകളെ വളര്‍ത്തി. തണ്ണീര്‍ത്തടങ്ങളുണ്ടാക്കി. അങ്ങനെ ഭൂമിയില്‍ മറ്റൊരു സ്വര്‍ഗം തന്നെ ഉണ്ടാക്കി. സംഗീതത്തില്‍ ജ്ഞാനിയായിരുന്ന ചാത്തന്‍ എന്ന സര്‍വകലാവല്ലഭന്‍ ശിവപാര്‍വതിമാരുടെ ചിത്രം വരച്ച് മനോഹരമായ പാട്ടുകള്‍ പാടി. ആ പാട്ടുകള്‍ പാടാന്‍ മാത്രമായി ചാത്തന്‍ നിര്‍മിച്ച വാദ്യമാണ് നന്ദുണി. നന്ദുണിയുടെ അടിഭാഗം ശിവനും മുകള്‍ഭാഗം പാര്‍വ്വതിയുമാണെന്നാണ് വിശ്വാസം.
എല്ലാ ആദിവാസികള്‍ക്കുമെന്ന പോലെ ആദിവാസികളായ അടിയാളര്‍ക്ക് ഒരുല്‍പത്തി കഥയുണ്ട്. മാവേലി മണ്‍തെയ്യത്തിന്റെ മണ്ണ് ഒരിക്കല്‍ ദേവന്‍മാര്‍ മോഷ്ടിച്ചു. മണ്ണ് മോഷ്ടിച്ചതാരാണെന്ന് കണ്ടെത്താന്‍ ഒരു പരീക്ഷണം ഇരുവരും കൂടി നിശ്ചയിച്ചു. ഇരുവിഭാഗവും നദിയില്‍ കുളിക്കണം. അപ്പോള്‍ കലക്കുവെള്ളം ആരുടെ ഭാഗത്തേക്കാണ് ഒഴുകുന്നത്, അവരാകും മണ്ണ് മോഷ്ടിച്ചത് എന്നുറപ്പിക്കാം. മാവേലിത്തെയ്യം നദിയുടെ താഴെ ഭാഗത്തും ദേവന്മാര്‍ നദിയുടെ മുകള്‍ഭാഗത്തുമാണ് കുളിക്കാനിറങ്ങിയത്. സ്വാഭാവികമായും കലക്കുവെള്ളം താഴേക്ക് മാവേലിത്തെയ്യത്തിന്റെ ഭാഗത്തേക്ക് ഒഴുകി. അവര്‍ കുറ്റക്കാരായി. ദേവന്മാര്‍ മാവേലിത്തെയ്യത്തെ ചുണ്ണാമ്പു പാത്രം കൊണ്ട് ഇടിച്ചവശരാക്കി ബോധം കെടുത്തി. എന്നിട്ട് ആ മണ്ണുകൊണ്ട് മനുഷ്യരെ ഉണ്ടാക്കി. എന്നാല്‍ ആ മനുഷ്യര്‍ക്ക് എഴുന്നേല്‍ക്കാനായില്ല. അവരെ എഴുന്നേല്‍പിക്കാന്‍ ദേവന്മാര്‍ 'മാളി' എന്ന രൗദ്രദേവതയെ കൊണ്ടു വന്നു. ഭയന്നു വിറച്ച മനുഷ്യര്‍ ആ കിടപ്പില്‍ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു. പിന്നീട് ആ ശബ്ദങ്ങള്‍ അവരുടെ പേരായിത്തീര്‍ന്നു. 'ആത്തവ്വാ' എന്നുറക്കെ വിളിച്ചുകൊണ്ട് അവരിലൊരു വിഭാഗം ഭയന്നെഴുന്നേറ്റ് ഓടി. അവരാണ് 'റാവുള'രായത്. അവര്‍ ഒരിക്കല്‍ ഭക്ഷണശേഷം കൈയും വായും തുടച്ച് ഇലയെടുക്കാതെ എഴുന്നേറ്റുപോയത്രേ. അവരെ അടിയാന്മാരാകാന്‍ വിധിച്ചുവെന്നാണ് കഥ. റാവുളര്‍ എന്നു പറഞ്ഞുകൊണ്ടാണ് അവരിന്നും അഭിസംബോധനചെയ്യുന്നത്.
ഇത്തരമൊരു ഉല്‍പത്തിക്കഥയുടെ ഉല്‍പത്തിയില്‍ ഒരു അടിമവിഭാഗത്തിന്റെ മേലാളരോടുള്ള ഭയവും വിധേയത്വവും അപകര്‍ഷതയും ഉറഞ്ഞുകിടക്കുന്നുണ്ട്. ഇതുപോലെ എല്ലാ ഉല്‍പത്തിക്കഥകളിലും അതാതിന്റെ സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവുമായ ഉച്ചനീചത്വങ്ങളുടെ ചരിത്രം മിത്തുവല്‍ക്കരിക്കപ്പെട്ടു കിടക്കുന്നുണ്ട്. കാണിക്കാരുടെ ചാവുപാട്ടില്‍ ഇതുപോലെ മറ്റൊരു മനുഷ്യോല്‍പത്തികഥ നാണയപ്പെട്ടു കിടപ്പുണ്ട്. നാം തിരിച്ചറിയേണ്ടത്, നാട്ടുജീവിതത്തെ കളങ്കമില്ലാതെ ഉള്ളടക്കിവയ്ക്കുന്ന നാട്ടുകഥകളുടെ സത്യസന്ധതയാണ്. അത് വ്യക്തികളെഴുതുന്നതല്ല, കൂട്ടായ്മകള്‍ പറയുന്നതാണ്. കാലം കഴിഞ്ഞാലും അവരുടെ പൂര്‍വികരുടെ ജീവിതാവസ്ഥകള്‍ അതില്‍ പരോക്ഷമായെങ്കിലും അടയാളപ്പെട്ടു കിടക്കും. അതിന്റെ വികാസരൂപങ്ങളാണ് നാം മതകഥകളിലും കാണുന്നത്. മനുഷ്യനെ മണ്ണില്‍നിന്നാണ് ദൈവം സൃഷ്ടിച്ചതെന്ന് സെമിറ്റിക് മതങ്ങള്‍ വിശ്വസിക്കുന്നതായി നമുക്കറിയാമല്ലോ.
മണ്ണാത്തിപ്പുള്ള് എന്ന പക്ഷിയുടെ ഉല്‍പത്തിയെക്കുറിച്ചും നമ്മുടെ നാട്ടറിവില്‍ കഥയുണ്ട്. അതൊരു പ്രണയകഥയാണ്. പണ്ടൊരിക്കല്‍ ഒരു ബ്രാഹ്മണയുവാവ് ശാന്തിപ്പണിക്കായി ഒരു ഗ്രാമത്തിലെത്തി. എല്ലാ ദിവസവും അതിസുന്ദരിയായ ഒരു യുവതി ദര്‍ശനത്തിനെത്തുമായിരുന്നു. യുവാവ് ആ സ്ത്രീയുമായി അനുരാഗത്തിലായി. പരസ്പരം ഇഷ്ടമറിയിച്ച അവര്‍ സംസാരിക്കാനും തുടങ്ങി. ഒരു ദിവസം ബ്രാമണയുവാവ് അപ്രത്യക്ഷനായി. അവള്‍ അയാളെ പലയിടങ്ങളിലും തിരഞ്ഞു. പക്ഷേ കണ്ടെത്താനായില്ല. നിരാശാഭരിതയായ അവള്‍ ഒരു കുളത്തില്‍ചാടി ആത്മഹത്യ ചെയ്തു. അടുത്ത ജന്മത്തില്‍ അവള്‍ ഒരു പക്ഷിയായി ജനിച്ചുവത്രെ. ആ പക്ഷിയാണ് മണ്ണാത്തിപ്പുള്ള്. മണ്ണാത്തിപ്പുള്ളിലൂടെ കാമുകനെയും അന്വേഷിച്ച് നാടുനീളെ നടക്കുകയാണവള്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്.
പ്രകൃതിയിലെ മരങ്ങളും പൂക്കളും കായ്കളുമെല്ലാം ഇത്തരം ഉല്‍പത്തി കഥകള്‍ക്ക് പാത്രങ്ങളാണ് നാട്ടുജീവിതത്തില്‍. തന്നെയെല്ലാരും 'കുഞ്ഞാ' എന്നുകളിയാക്കുന്നുവെന്ന് തുമ്പപ്പൂവ് വനദേവതയോട് പരാതി പറഞ്ഞപ്പോള്‍ അവള്‍ ഏറ്റവും സുന്ദരിയായി ഓണപ്പൂക്കളത്തില്‍ പ്രധാനപ്പെട്ടതാകട്ടെയെന്നനുഗ്രഹിച്ചു. അതിരാണിപ്പൂവിന്റെ കഥയില്‍ കാമദേവനാണ് ദേവത. കാമന്‍ പ്രകൃതിയുടെ ഭംഗിയാസ്വദിച്ചുകൊണ്ടു മുന്നോട്ടുപോയപ്പോള്‍ ഉദ്യാനത്തില്‍ ദുഖിതയായി കാണപ്പെട്ട പൂക്കളോട് വിവരം അന്വേഷിച്ചു. തങ്ങളെ സൗന്ദര്യമില്ലാത്തതിനാല്‍ മറ്റുള്ളവര്‍ കൂട്ടുന്നില്ല എന്നവര്‍ പറഞ്ഞു. അപ്പോള്‍ കാമദേവന്‍ ആ പൂക്കളെയെല്ലാമെടുത്ത് തന്റെ ആവനാഴിയിലേയ്ക്ക് ഇട്ടു. അതിനു ശേഷമാണ് അതിരാണിപ്പൂക്കള്‍ കാമദേവന്റെ ശരങ്ങളിലൊന്നായി സ്ഥാനം നേടുന്നത്. ഇങ്ങനെ തുളസിച്ചെടിയുടെ പേരിലും കഥകളുണ്ട്. ലോകത്തെ നാടോടിക്കഥകളെല്ലാം തന്നെ മെനഞ്ഞെടുത്തത് ഗോത്രമനുഷ്യരും നാട്ടുമ്പുറത്തുകാരുമാണ്.
എല്ലാ ഉല്‍പത്തിക്കഥകളിലും പൊരുളുകളനവധിയാണ്. അത് വായിക്കുന്നവര്‍ക്ക് അവരുടെ വീക്ഷണങ്ങള്‍ക്കനുസരിച്ച് പൊരുള്‍ മാറിമാറിവരും. പരശുരാമന്‍ മഴുവെറിഞ്ഞാണ് കേരളമുണ്ടായതെന്ന നാടോടിക്കഥയിലെ ഐതിഹ്യത്തിന് പൊരുളുകളനവധിയാണ്. 'മഴുകൊണ്ടുണ്ടായ കേരളം മഴുകൊണ്ടില്ലാതാകുന്നു'വെന്ന് കുഞ്ഞുണ്ണി പാടുന്നുണ്ട്. അതൊരര്‍ഥം മാത്രമാണ്. എന്നാല്‍ മറ്റൊരര്‍ഥത്തില്‍ കേരളം മഴുകൊണ്ടല്ല, മഴു ഉപേക്ഷിച്ചപ്പോഴാണുണ്ടായത്. മഴു എറിയുകയെന്നാല്‍ ഉപേക്ഷിക്കുകയെന്നാണ്. മരങ്ങള്‍, കാട് വെട്ടുന്നത് നിര്‍ത്തിയെന്നും കൃഷിയാരംഭിച്ചുവെന്നും അതിനര്‍ഥമുണ്ട്. കേരളത്തിന്റെ പ്രകൃതി സംരക്ഷിച്ചുകൊണ്ട് കൃഷിയിലേക്ക് തിരിഞ്ഞുവെന്നര്‍ഥം. പെറുക്കി ജീവിച്ചവര്‍ കൃഷിയിലേക്ക് പരിണമിച്ചുവെന്നും മനസിലാക്കാം. കൃഷിയില്‍ പ്രകൃതിയോടുള്ള സര്‍ഗാത്മകതയാണുള്ളത്. ബ്രാഹ്മണരെ കൊണ്ടുവന്നശേഷമാണ് കേരളത്തില്‍ കൃഷി വ്യാപിച്ചതെന്നും ചരിത്രം പറയുന്നുണ്ടല്ലോ. പരശുരാമന്‍ ഉപേക്ഷിച്ച മഴുവിന്റെ യന്ത്രരൂപങ്ങള്‍ വാളായും ജെ.സി.ബിയായും ആധുനികകാലത്ത് തിരിച്ചുവന്ന് കാടുകളെ മുഴുവന്‍ കൈയേറി ഇല്ലാതാക്കിയപ്പോള്‍ നമ്മുടെ കേരളത്തെ മരുഭൂമിയാക്കുന്നത് നമ്മുടെ കണ്‍മുന്നില്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. കാടും മലയും പുഴയും വെള്ളവും മഴയുമെല്ലാം ഇല്ലാതാകുന്നത് പരശുരാമന്‍ എറിഞ്ഞുകളഞ്ഞ ആ മഴുവിനെ നാം തിരിച്ചുകൊണ്ടു വന്നതാണ്. കേരളത്തിന്റെ ഉല്‍പത്തികഥയില്‍ത്തന്നെ പരിസ്ഥിതിപ്രശ്‌നം ഉള്‍പ്പെട്ടു കിടപ്പുണ്ട്.
നാട്ടുകഥകളെന്നാല്‍ നാട്ടുകാരുടെ അടിസ്ഥാനമില്ലാത്ത ജല്‍പനങ്ങളെന്നല്ല നാം കരുതേണ്ടത്. പ്രത്യേകിച്ചും ഉല്‍പത്തിക്കഥകളില്‍ ജനസമൂഹങ്ങളുടെ സ്വപ്നവും ഭീതിയും അനുഭവവും ചരിത്രവും ഉറഞ്ഞുകിടപ്പുണ്ട്. നാട്ടുപച്ചയുടെ വായനകള്‍ക്കും എതിര്‍വായനകള്‍ക്കുമുള്ള അനന്തമായ ഇടങ്ങളായിട്ടാണ് ഉല്‍പത്തികഥകളും കാണപ്പെടുന്നത്. കാരണം അതൊരാള്‍ മുറിയടച്ചിരുന്നെഴുതുന്നതല്ല, മറിച്ച് ഒരായിരം മനസുകളില്‍ പരമ്പരകളിലൂടെയും ബഹുകാലങ്ങളിലൂടെയും എഴുതപ്പെടുന്ന മാനവരാശിയുടെ മായ്ച്ചാലും മായാത്ത ജീവിതവഴികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."