കണ്ണേട്ടന് സ്‌നേഹവീടൊരുക്കി കൊണ്ടോട്ടി ഗവ. കോളജ് വിദ്യാര്‍ഥികള്‍
എടവണ്ണപ്പാറ: നിര്‍ധന കുടുംബത്തിന് സ്‌നേഹവീടൊരുക്കി മാതൃകയാകുകയാണ് കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വിദ്യാര്‍ഥികള്‍. കോളജിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് ഓമാനൂര്‍ തടപ്പറമ്പില്‍ താമസിക്കുന്ന കണ്ണേട്ടന് വീടൊരുക്കുന്നത്. പന്ത്രണ്ടാം വയസില്‍ കേരളത്തിലെത്തിയതാണ് തമിഴ്‌നാട്ടുകാരനായ കണ്ണന്‍. മൂന്ന് വര്‍ഷം മുന്‍പ് തടിമില്ലില്‍ ജോലിക്കിടെ മരം വീണ് ഇടത്തെ കാല്‍മുറിച്ച് മാറ്റുകയും വലത്തേകാലിന് ഗുരുതര പരുക്കേറ്റ് ചലനശേഷി നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ എട്ടുവര്‍ഷം മുന്‍പ് വാങ്ങിയ ആമിനങ്ങാട്ട് ചാലിലെ മലമുകളിലെ നാലര സെന്റ് സ്ഥലത്ത് മറച്ചുകെട്ടിയുണ്ടാക്കിയ കുടിലില്‍ താമസിച്ചിരുന്ന കണ്ണന് മുകളിലേക്ക് കയറാന്‍ പറ്റാതായി. തുടര്‍ന്ന് തടപ്പറമ്പില്‍ വാടകക്ക് താമസിച്ചുവരികയാണ്. നീറാട് സ്വദേശിനിയായ ഭാര്യ സതീദേവി ഹോട്ടല്‍ ജോലി എടുത്ത് കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ടാണ് ഈ കുടുംബം ജീവിച്ച് പോന്നിരുന്നത്. സ്‌നേഹ അനിമോള്‍, നീനു, അഭിജിത്ത് എന്നിവര്‍ മക്കളാണ്.
കോളജിലെ 2014 ലെ എന്‍.എസ്.എസ് ബാച്ച് ആരംഭിച്ച വീട് പണിക്ക് അഞ്ചര ലക്ഷത്തിലധികം രൂപ ചെലവായിട്ടുണ്ട്. വിദ്യാര്‍ഥികള്‍ കളക്ഷന്‍ നടത്തി സ്വരൂപിച്ച തുകയ്ക്ക് പുറമെ പദ്ധതിക്ക് മേല്‍നോട്ടം വഹിച്ച കൊണ്ടോട്ടി ഗവ. കോളജിലെ അസിസ്റ്റന്റ് പ്രൊഫസറും എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറുമായ സമീറ സ്വന്തം നിലയിലും നല്ലൊരു തുക സഹായിച്ചാണ് വീട് പണി നടത്തിയത്. റോഡില്‍ നിന്ന് 350 മീറ്റര്‍ കാല്‍നടയായി വീട് പണിക്കുള്ള സാധനങ്ങള്‍ കയറ്റിയതും മറ്റു ജോലികള്‍ ചെയ്തതും വിദ്യാര്‍ഥികളാണ്. ഇതിനു പുറമെ പ്രദേശത്തെ ക്ലബും തടപ്പറമ്പ് പ്രവാസി കൂട്ടായ്മയും ഗഫൂര്‍ ഹാജിയും സഹായം നല്‍കി.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്ന് അന്‍പതിനായിരം രൂപ സഹായം ലഭിക്കുകയും ചെയ്തു. സ്വപ്നത്തില്‍ പോലും ഇത്തരം ഒരു വീട് ലഭിക്കുമെന്ന് കരുതിയില്ലെന്നും ജീവിത ചെലവിനും സമീറ ടീച്ചര്‍ ഒരുപാട് സഹായിച്ചതായും കണ്ണന്‍ പറയുന്നു. ഈ മാസം അവസാനത്തില്‍ വീട് നല്‍കാമെന്ന പ്രതീക്ഷയിലാണ് ടീച്ചറും ഗവ. കോളജിലെ വിദ്യാര്‍ഥികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."