കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ ഭാഗികമായി മുടങ്ങി
മലപ്പുറം: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ജില്ലയില്‍ നടത്തുന്ന പ്രതിഷേധ പണിമുടക്കിനെ തുടര്‍ന്നു സര്‍വീസുകള്‍ ഭാഗികമായി മുടങ്ങി. ജില്ലയിലെ മലപ്പുറം, പൊന്നാനി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ ഡിപ്പോകളിലെ പല സര്‍വീസുകളും റദ്ദ് ചെയ്തു. മലപ്പുറം ഡിപ്പോയില്‍ നിന്നുള്ള നെടുമ്പാശ്ശേരി സര്‍വീസിന് മുടക്കം വന്നിട്ടില്ല. മുടങ്ങിയ ശമ്പളം ലഭിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് ജീവനക്കാര്‍.
സാധാരണഗതിയില്‍ മാസാവസാനം കിട്ടുന്ന ശമ്പളം ഒരാഴ്ച പിന്നിട്ടിട്ടും കിട്ടാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ പണിമുടക്കിയത്. ശമ്പളം കൊടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ ലോണ്‍ എടുക്കാറാണ് പതിവ്. എന്നാല്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നില്ക്കാന് തയാറാകാത്തതാണ് ശമ്പളം മുടങ്ങാന്‍ കാരണം. സംസ്ഥാന വ്യാപകമായി എല്ലാ ഡിപ്പോകളിലും സമരം നടക്കുന്നുണ്ട്. പലര്‍ക്കും അധിക ഡ്യൂട്ടി നല്‍കിയാണ് ഇന്നലെ ജില്ലയില്‍ പല സര്‍വീസുകളും നടത്തിയത്. എന്നാല്‍ സമരം തുടരുകയാണെങ്കില്‍ ഇന്നു മുതല്‍ ജില്ലയില്‍ പൂര്‍ണമായും കെ.എസ്.ആര്.ടി.സി സര്‍വീസ് നിലക്കും. യു.ഡി.എഫ് അനുകൂല സംഘടനയായ ടി.ഡി.എഫിന്റെ നേതൃത്വത്തില്‍ പണിമുടക്കിയ തൊഴിലാളികള്‍ ഡിപ്പോകളില്‍ ധര്‍ണ നടത്തി. മലപ്പുറത്തു നടന്ന ധര്‍ണ കെ.കെ അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. എന്‍.കെ.എം ഫൈസല്‍, ശിഹാബ്, വി.പി കുഞ്ഞു, നസീര്‍ അഹമ്മദ്, കെ.അബ്ദുല്‍ മജീദ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."