'വീട്ടമ്മമാര്‍ക്കു കവുങ്ങില്‍ കയറാതെ അടയ്ക്ക പറിക്കാം'
പൊന്നാനി: നവ മാധ്യമങ്ങളില്‍ കാര്‍ഷിക അറിയിപ്പുകള്‍ നല്‍കുക മാത്രമല്ലേ അവര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കുകയാണ് 'ഓരോവീട്ടിലും അടുക്കളത്തോട്ടം' എന്ന ഫേയ്‌സ്ബുക് ആന്‍ഡ് വാട്ട്‌സ്ആപ്പ് കൂട്ടായ്മ. വെളിയങ്കോട് പഴഞ്ഞിയിലാണു വീട്ടമ്മമാരെ ഉള്‍പ്പെടുത്തിയുള്ള മുപ്പതോളം വരുന്ന സംഘത്തിനു തെങ്ങില്‍ കയറാനും കവുങ്ങില്‍ കയറാതെ അടയ്ക്കപറിക്കാനും യന്ത്രങ്ങളുടെ സഹായത്തോടെയുള്ള പരിശീലനം നല്‍കിയത്.
ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസി. പ്രൊഫസര്‍ ഡോ. സജീന ഹക്കീമിന്റെ നേതൃത്വത്തിലാണു പരിശീലനം നല്‍കിയത്. വണ്ടര്‍ ക്ലൈംബര്‍ (കവുങ്ങില്‍ കയറാതെ അടക്ക പറിക്കുന്ന മെഷീന്‍), തെങ്ങുകയറ്റ മെഷീന്‍ എന്നിവയെ കുറിച്ചുള്ള ക്ലാസും അവ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും ഇതിനോടകം പൂര്‍ത്തിയാക്കി.
വെളിയംകോട്, മാറഞ്ചേരി, ആലങ്കോട്, നന്നമുക്ക് എന്നീ കൃഷിഭവനു പരിധിയിലെ കര്‍ഷകരാണു പരിശീലനത്തില്‍ പങ്കെടുത്തത്. ഇതിനുപുറമെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വൈകുന്നേരങ്ങളില്‍ അയല്‍പക്കങ്ങളിലെ സ്ത്രീകളെയും കുട്ടികളേയും ഒരുമിച്ചുകൂട്ടി കൂട്ടായ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച 'സായാഹ്നകൃഷി' പദ്ധതിയും തുടങ്ങുന്നുണ്ട്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനവും പരിശീലന പരിപാടിയില്‍ ഡോ: സജീന ഹക്കീം നിര്‍വഹിച്ചു.
തുടക്കത്തില്‍ മൂന്നു കൃഷിയിടങ്ങളിലാണ് സായാഹ്നകൃഷി നടത്തുന്നത്. ക്രമേണ കൂടുതല്‍ ഇടങ്ങളിലേക്കു വ്യാപിപ്പിക്കുകയാണു ലക്ഷ്യം.
ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അധ്യാപികയായ വെളിയങ്കോട് പഴഞ്ഞി സ്വദേശി ബാഹിയ ഫായിസാണ് വെളിയങ്കോട്, മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ തന്റെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഉള്‍പ്പെടുത്തി ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് കൂട്ടായ്മയ്ക്കു തുടക്കമിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."