സി.പി.എം ജനകീയ വികസന മുന്നണി വിടുന്നു; മാറാക്കരയില്‍ ഭരണം പ്രതിസന്ധിയില്‍
പുത്തനത്താണി: മാറാക്കര ഗ്രാമപഞ്ചായത്തിലെ ജനകീയ വികസന മുന്നണിയില്‍ നിന്നും സി.പി.എം പിന്മാറിയേക്കും. ജനകീയ മുന്നണിയായി മത്സരിച്ച കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള തര്‍ക്കമാണു ഭരണം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
മാറാക്കര ഗ്രാമ പഞ്ചായത്തിലെ 20 സീറ്റില്‍ കോണ്‍ഗ്രസും സിപിഎമ്മും ഐക്യത്തില്‍ ജനകീയ വികസന മുന്നണിയും മുസ്‌ലിം ലീഗ് ഒറ്റക്കുമായിരുന്നു മത്സരിച്ചത്. ഇതില്‍ മുസ്‌ലിം ലീഗിന് ഒന്‍പതും ജനകീയ വികസന മുന്നണിക്ക് ഒന്‍പതും വിമതരായ രണ്ടുപേരും വിജയിച്ചു. വിമതരുടെ പിന്തുണയോടെയാണു വികസന മുന്നണി ഭരണം നടത്തിയിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുപാര്‍ട്ടികളുടെയും മേല്‍ഘടകങ്ങള്‍ മണ്ഡലം, ലോക്കല്‍ കമ്മിറ്റികളെ പിരിച്ചു വിട്ടിരുന്നു. ദിവസങ്ങള്‍ക്കു മുമ്പു കാടാമ്പുഴ ടൗണില്‍ സ്വാശ്രയ ഫീസ് വര്‍ധനയ്ക്കും പൊലിസ് അക്രമങ്ങള്‍ക്കുമെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനവും മുഖ്യ മന്ത്രിയുടെ കോലം കത്തിക്കലും സി.പി.എമ്മിനെ ചൊടിപ്പിച്ചു. തിരിച്ചു കോണ്‍ഗ്രസിനെതിരേ സി.പി.എം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയതോടെയാണു ഇരുകൂട്ടരും വീറും വാശിയിലുമെത്തിയത്.
ഭരണത്തില്‍ തങ്ങള്‍ക്കു യാതൊരു വിധത്തിലുള്ള ബന്ധമില്ലെന്നാണു സി.പി.എം പറയുന്നത്. അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുന്ന സമരങ്ങളായാലും മറ്റ് ഏതു തീരുമാനമായാലും പാര്‍ട്ടി നിലപാടില്‍ ഉറച്ച് നിന്ന് അത് അംഗീകരിച്ചു പ്രവര്‍ത്തിക്കുമെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനും വ്യക്തമാക്കി.
അതേസമയം സി.പി.എമ്മിലെ അണികളില്‍ നല്ലൊരുശതമാനവും തെരുവില്‍ കോണ്‍ഗ്രസുമായി ഏറ്റുമുട്ടലിന്റെ വക്കിലെത്തി നില്‍ക്കുന്നു.
അതേസമയം സി.പി.എം ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് ഉള്‍കൊള്ളുന്ന ഭരണമുന്നണിയില്‍ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തു തുടരുകയും കോണ്‍ഗ്രസിനെതിരേ വിമര്‍ശിക്കുകയും ചെയ്യുന്നതു ലജ്ജാകരമാണെന്നു മുസ്‌ലിം ലീഗ് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."