മമ്പുറം തങ്ങളുടെ മരിക്കാത്ത സ്മരണകളുമായി കളിയാട്ടമുക്ക് നിവാസികള്‍
തിരൂരങ്ങാടി: ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ 178 ാമത് ആണ്ടു നേര്‍ച്ചക്കു തുടക്കമായതിന്റെ സന്തോഷത്തിലാണ് മൂന്നിയൂര്‍ പഞ്ചായത്തിലെ കളിയാട്ടമുക്കില്‍ താമസിക്കുന്ന ഹരിജന കുടുംബങ്ങള്‍. മമ്പുറം തങ്ങളെപ്പറ്റി ഇന്നും നിരവധി വിശ്വാസങ്ങള്‍ കൊണ്ടു നടക്കുന്ന ഇവര്‍ അദ്ദേഹത്തെ സൈതലവി തങ്ങള്‍ എന്നാണ് ആദരവോടെ വിളിക്കാറുള്ളത്. കളിയാട്ടമുക്കിലെ മുസ്്‌ലിം പള്ളിയോടു ചേര്‍ന്ന് മതസൗഹാര്‍ദ്ദത്തിന്റെ നാട്ടുമുഖമായി സ്ഥിതി ചെയ്യുന്ന അമ്പലത്തിലെ പ്രതിഷ്ഠയും ആരാധനാ മൂര്‍ത്തിയുമായ കാവിലമ്മക്ക് ആദരവുള്ള മുസ്‌ലിം പണ്ഡിതനാണ് മമ്പുറം തങ്ങള്‍.
പെരിന്തല്‍മണ്ണക്കടുത്തുള്ള അങ്ങാടിപ്പുറത്ത് സവര്‍ണ കുടുംബാംഗമായിരുന്ന തിരുമന്ദാംകുന്നത്തമ്മയുടെ ഇളയ മകളായാണ് കളിയാട്ടക്കാവിലമ്മ ജനിക്കുന്നത്. ചില കാരണങ്ങളുടെ പേരില്‍ ജേഷ്ഠന്മാരുമായുണ്ടായ കലഹത്തെത്തുടര്‍ന്ന് ഇവര്‍ക്ക് വീടു വിടേണ്ടി വരുന്നു.
അഭയം പ്രാപിക്കാന്‍ ഇടം ലഭിക്കാതെ അലഞ്ഞുതിരിഞ്ഞ ദേവിക്കു മമ്പുറം തങ്ങള്‍ അഭയം നല്‍കുകയും കളിയാട്ടമുക്കിലെ ഹരിജന കുടുംബങ്ങള്‍ക്ക് ഏല്‍പിച്ച് നല്‍കുകയും ചെയ്തു. ജാതി വ്യവസ്ഥ അതിശക്തമായി വേരോടിയിരുന്ന അക്കാലത്ത് താഴ്ന്നവരായി ഗണിക്കപ്പെട്ടിരുന്ന ഹരിജനങ്ങള്‍ക്ക് അമ്പല പ്രവേശനം പോലും നിഷിദ്ധമായിരുന്നു. എന്നാല്‍ മമ്പുറം തങ്ങള്‍ അവര്‍ക്ക് അമ്പലം പണിയാന്‍ അനുമതി നല്‍കുകയായിരുന്നുവത്രെ. അങ്ങനെയാണ് വര്‍ഷം തോറും സുപ്രസിദ്ധമായ കളിയോട്ടോത്സവം നടക്കുന്നത്. വായ്ത്താരികളായും നാടന്‍ പാട്ടുകളായും പഴയ തലമുറ മനഃപാഠമാക്കിയ ഇതുസംബന്ധമായ ഒരുപാട് ഐതീഹ്യങ്ങള്‍ ഇടവമാസത്തിലെ കളിയാട്ടത്തിന്റെ സമയത്ത് ഓരോ വീട്ടിലും ആലപിക്കാറുണ്ട്.
ഇത്തരം വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങള്‍ ഇന്നും മാറ്റമേതുമില്ലാതെ നിലനില്‍ക്കുന്നു. കളിയാട്ടോത്സവം ആരംഭിക്കുന്നതിനു മുമ്പായി പൊയ്ക്കുതിരകളുമായി മമ്പുറത്തെത്തി സമ്മതം ചോദിക്കുന്നതാണു മുടക്കമില്ലാതെ തുടരുന്ന ഒരാചാരം. കളിയാട്ടത്തിന്റെ സമാപനം ഇടവമാസത്തിലെ വെള്ളിയാഴ്ച നടത്തുന്നതിന് ഇവര്‍ പറയുന്ന കാരണമിങ്ങനെ. ഉത്സവം നടത്താന്‍ സമ്മതം തേടിയെത്തിയ ഹരിജനങ്ങളോട് സൈതലവി തങ്ങള്‍ പറഞ്ഞത്രേ: 'ഞങ്ങളുടെ വേലയുടെ (ജുമുഅ നമസ്‌കാരം) ദിവസം തന്നെ നിങ്ങളും വേല വെച്ചോളൂ'. കളിയാട്ടമുക്കിലെ അമ്പലം മമ്പുറം മഖാമിനേക്കാള്‍ ഉയരുന്നത് ദേവിക്കിഷ്ടമല്ല. കളിയാട്ട ദിവസം ജുമുഅഃ കഴിയാതെ അമ്പലപ്പറമ്പില്‍ കാലുകുത്തരുത് തുടങ്ങി നിരവധി വിശ്വാസങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ഇവര്‍ മതസൗഹാര്‍ദ്ദത്തിന്റെ അത്യപൂര്‍വ മാതൃകകളാണു പ്രസരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."