കായംകുളം നഗരസഭ യോഗത്തില്‍ ഭരണപ്രതിപക്ഷ കയ്യാങ്കളി
കായംകുളം : നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ രൂക്ഷമായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു.
സംഘര്‍ഷത്തില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പടെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് പരുക്കേറ്റു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സി.പി.ഐയിലെ ഗിരിജ, എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരായ കരിഷ്മ, ശശികല, ദീപു യു.ഡി.എഫ് കൗണ്‍സിലര്‍മാരായ ലീഗിലെ നവാസ് മുണ്ടകത്തില്‍ കോണ്‍ഗ്രസിലെ ഷാനവാസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടയില്‍ കൗണ്‍സില്‍ യോഗത്തില്‍ മോശമായി പെരുമാറിയെന്നും അസഭ്യവര്‍ഷം നടത്തിയെന്നും ചൂണ്ടിക്കാട്ടി ലീഗ് അംഗം നവാസ് മുണ്ടകത്തിലിനെ വരുന്ന മൂന്നു മാസത്തേക്ക് കൗണ്‍സില്‍ യോഗത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി നഗരസഭാ ചെയര്‍മാന്‍ ശിവദാസന്‍ യോഗത്തിനിടയില്‍ അറിയിച്ചു. ഇതും കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിനിടയാക്കി. ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു കൗണ്‍സില്‍ യോഗം. പ്രധാനപ്പെട്ട 33 വിഷയങ്ങളാണ് അജണ്ടയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. ഇതില്‍ ഒന്നാമതായി ഉള്‍പ്പെടുത്തിയിരുന്നത് താലൂക്കാശുപത്രി വളപ്പില്‍ കോഫി ഷോപ്പിനു വേണ്ടി മുമ്പ് സ്വകാര്യ വ്യക്തിയ്ക്ക് സ്ഥലം നല്‍കിയതുമായി ബന്ധപ്പെട്ട വിഷയമായിരുന്നു. സ്ഥലം നല്‍കിയതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും അതിനാല്‍ സംഭവത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ചെയര്‍മാന്‍ രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബി.ജെ.പി അംഗങ്ങളും ഇതിനെ അനുകൂലിച്ചു. വിഷയം വോട്ടിനിടണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയപ്പോള്‍ മറുപടി പറയാന്‍ ചെയര്‍മാന്‍ എഴുന്നേറ്റു. ചെയര്‍മാന്റെ മറുപടി പ്രസംഗത്തില്‍ മുന്‍ യു.ഡി.എഫ് ഭരണകാലത്തെ അഴിമതിയെ കുറിച്ച് പരാമര്‍ശിച്ചു. അന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ ആയിരുന്ന ലീഗിലെ പി.കെ കൊച്ചുകുഞ്ഞിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തി ചെയര്‍മാന്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.
ഇത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. സഭയില്‍ ഇല്ലാത്ത കൊച്ചുകുഞ്ഞിനെ അഴിമതിയുടെ പേരു പറഞ്ഞ് അവഹേളിച്ച ചെയര്‍മാന്റെ നടപടിയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. ലീഗിലെ നവാസ് മുണ്ടകത്തില്‍ ചെയര്‍മാനെ രൂക്ഷമായ ഭാഷയില്‍ നേരിട്ടത് ഭരണപക്ഷത്തെയും പ്രകോപിപ്പിച്ചു. തുടര്‍ന്ന് യോഗത്തില്‍ അംഗങ്ങള്‍ തമ്മില്‍ അസഭ്യവര്‍ഷവും വാക്കേറ്റവും കയ്യാങ്കളിയും അരങ്ങേറി. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ രംഗം കൂടുതല്‍ കലുഷിതമായി. പിന്നീട് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കാതെ ബഹളത്തിനിടയില്‍ 33 അജണ്ടകളും പാസാക്കിയതായി ചെയര്‍മാന്‍ യോഗത്തെ അറിയിക്കുകയും ചെയ്തു. കോഫിഷോപ്പ് അഴിമതി ആരോപണം വിജിലന്‍സ് അന്വേഷണം നടത്തുന്നത് ആലോചിക്കുമെന്നും ചെയര്‍മാന്‍ ഒടുവില്‍ യോഗത്തെ അറിയിച്ചു. ഇതോടെ യോഗ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."