ദേവികുളത്തെ ഭൂരേഖ പരിശോധന: സമരം ജനങ്ങള്‍ക്കു വേണ്ടിയെന്ന്
തൊടുപുഴ:ദേവികുളം താലൂക്കിലെ ചില വില്ലേജുകളില്‍ റവന്യു വകുപ്പ് നടത്തുന്ന ഭൂരേഖാ പരിശോധനക്കെതിരെ സി.പി.എം നേതൃത്വത്തിലുളള കര്‍ഷക സംഘം സമരം നടത്തിയത് ജനങ്ങളുടെ ആഗ്രഹപ്രകാരമായിരുന്നെന്ന് ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍.
ഇത് റവന്യു വകുപ്പ് ഭരിക്കുന്ന സി.പി.ഐയോടുളള സി.പി.എം നിലപാടിന്റെ പ്രശ്‌നമല്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഏത് നീക്കത്തിനെതിരെയും സി.പി.എം സമരം ചെയ്യുമെന്നും ബെഫി സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനത്തിനായി ഇടുക്കി പ്രസ് ക്ലബിലെത്തിയ ജയചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ സി.പി.എം സമരം നടത്തുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ഭരണം നോക്കിയല്ല സമരം ചെയ്യേണ്ടതെന്നും അത് സദുദ്ദേശപരമാണോ എന്ന നോക്കിയാല്‍ മതിയെന്നുമായിരുന്നു മറുപടി.
ജോയ്‌സ് ജോര്‍ജ് എം.പി ആരോപണ വിധേയനായിരിക്കുന്ന ഭൂമി ഉള്‍പ്പെട്ട കൊട്ടക്കാമ്പൂര്‍ അടക്കം അഞ്ച് വില്ലേജുകളിലെ മുഴുവന്‍ ഭൂരേഖയുടെയും നിജസ്ഥിതിയാണ് റവന്യു വകുപ്പ് പരിശോധിക്കുന്നത്. ദേവികുളം ആര്‍.ഡി.ഓ ഓഫീസിലേക്ക് ഘട്ടം ഘട്ടമായി വിളിച്ചു വരുത്തിയാണ് പരിശോധന.
ജോയ്‌സ് ജോര്‍ജ് എം.പിയും കുടുംബാംഗങ്ങളും ഹാജരാകേണ്ടിയിരുന്ന ദിവസമാണ് സി.പി.എം നേതൃത്വത്തിലുളള കര്‍ഷക സംഘം റവന്യു വകുപ്പിന്റെ കര്‍ഷകദ്രോഹത്തിനെതിരെ ആര്‍.ഡി.ഓ ഓഫീസ് മാര്‍ച്ച് നടത്തിയത്. ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ സ്വന്തം സര്‍ക്കാരിനെതിരെ സമരം നടത്തുന്ന സി.പി.എം നിലപാടിനെ പരിഹസിച്ചിരുന്നു.
ജോയ്‌സ് ജോര്‍ജ് എം.പി അടക്കം ആരുടെ ഭൂരേഖ പരിശോധിക്കുന്നതിനും സി.പി.എം എതിരല്ലെന്ന് കെ.കെ ജയചന്ദ്രന്‍ പറഞ്ഞു.
പക്ഷെ ഇത് കര്‍ഷകരെ ദ്രോഹിക്കുന്ന തരത്തിലാകരുത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രാജാവ് നല്‍കിയ പട്ടയങ്ങളാണ് കൊട്ടക്കാമ്പൂര്‍ അടങ്ങുന്ന അഞ്ചുനാട് മേഖലയിലുളളത്. ഇത് ഇപ്പോള്‍ ഹാജരാക്കണമെന്ന് പറയുന്നത് അന്യായമാണ്.
ഹൈറേഞ്ച് സംരക്ഷണ സമിതി എല്‍.ഡി.എഫ് ഘടകകക്ഷിയല്ലെന്നും അവര്‍ക്ക് സര്‍ക്കാരിനെതിരെ സമരം നടത്താന്‍ സ്വാതന്ത്ര്യമുണ്ടെന്നും സമിതിയുടെ പട്ടയ സമരത്തെക്കുറിച്ചുളള ചോദ്യത്തിന് മറുപടിയായി സി.പി.എം ജില്ലാ സെക്രട്ടറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."