ഏലം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്ന്
തൊടുപുഴ: കാലാവസ്ഥ വ്യതിയാനവും രോഗബാധമൂലവും ഏലം കൃഷി മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാന്‍ കലക്ടറേറ്റില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ.കെ.ആര്‍ പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഏലം കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചു കര്‍ഷക സംഘടനാ പ്രതിനിധികളുടെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലം മഴ കാര്യമായി കുറഞ്ഞത് ഏലച്ചെടികള്‍ കരിഞ്ഞു പോകുന്നതും രോഗബാധയുംമൂലം ഏലത്തിന്റെ വിളവിനെ കാര്യമായി ബാധിച്ചതായും കര്‍ഷകര്‍ പറഞ്ഞു. ഫെബ്രുവരിയില്‍ ചൂട് കൂടുതലായിരുന്നതും വേനല്‍മഴ ലഭിക്കാതിരുന്നതും കൃഷിയെ കാര്യമായി ബാധിച്ചു.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കുറഞ്ഞതും തുലാവര്‍ഷം വരാത്തതും ആകെയുള്ള ആറു വിളവെടുപ്പില്‍ ഏറ്റവും നല്ല വിളവെടുപ്പായ ആദ്യത്തെ രണ്ട് വിളവെടുപ്പുകള്‍ മുടങ്ങി. ജലസേചനത്തിന് ആവശ്യമായ വെള്ളം കൃഷിയിടങ്ങളില്‍ ലഭ്യമല്ല. വൈദ്യുതി നിരക്കിലെ വര്‍ദ്ധന ഇരുട്ടടിയായി. പഴയതുപോലെ വൈദ്യുതി താരിഫ് എല്‍.ടി ഫൈവിലേക്ക് മാറ്റി നല്‍കണമെന്ന ആവശ്യവും കര്‍ഷകര്‍ ഉന്നയിച്ചു. നിലവില്‍ നാല് ശതമാനം പലിശ നിരക്കില്‍ പരമാവധി മൂന്ന് ലക്ഷം രൂപ വരെ ലഭിക്കുന്ന വായ്പ അഞ്ചുലക്ഷം രൂപ വരെയാക്കി ഉയര്‍ത്തിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് മുന്നോട്ട് പോകുവാന്‍ കഴിയുകയുള്ളൂ.
ബാങ്ക് വായ്പക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തണമെന്നും കര്‍ഷകര്‍ ആവശ്യമുന്നയിച്ചു. ഏലം കര്‍ഷകര്‍ക്ക് സ്‌പൈസസ് ബോര്‍ഡില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന പരിമിതമായ സബ്‌സിഡി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. ഡ്രിപ്പ്, സ്പ്രിംഗ്‌ളര്‍ ജലസേചന പദ്ധതികള്‍ വ്യാപകമായി നടപ്പാക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റ് ധനസഹായം അപര്യാപ്തമാണ്.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം കൂടി ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. അതിര്‍ത്തി കടന്നുവരുന്ന നിരോധിത കീടനാശിനികള്‍ പിടിച്ചെടുക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. നിരോധിത കീടനാശിനികള്‍ക്ക് പകരമായി ഉപയോഗിക്കേണ്ട കീടനാശിനികള്‍ ലഭ്യമാക്കാന്‍ കഴിയണം.മഴക്കുറവ് നേരിടാനായി മഴവെള്ള സംഭരണം ശക്തിപ്പെടുത്താന്‍ പടുതാക്കുളം, മഴക്കുഴി എന്നിവയുടെ നിര്‍മാണത്തിന് ധനസഹായം ലഭ്യമാക്കണം. കൃഷിയിടങ്ങളില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഷേഡ്‌നെറ്റ് സ്ഥാപിക്കാനും പട്ടയമില്ലാത്ത എല്ലാ ഏലം കര്‍ഷകര്‍ക്കുകൂടി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന അഭിപ്രായം യോഗത്തില്‍ ഉന്നയിക്കപ്പെട്ടു.
യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ജി ഉഷാകുമാരി, കട്ടപ്പന അസി. ഡയറക്ടര്‍ എ.റ്റി. തോമസ്, വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളായ പി.സി മാത്യു, ആന്റണി കെ. മാത്യു, ഹൈറേഞ്ച് സ്‌പൈസസ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളായ രമേഷ് മാത്യു, വി.ജെ ജോസഫ് പാമ്പാടുംപാറ ഫാര്‍മേഴ്‌സ് ക്ലബ് പ്രതിനിധികളായ സി.എ തോമസ്, സാബു വര്‍ഗീസ്, വിഷ്ണു മോഹനന്‍, ജയന്‍മോഹന്‍ ( സ്‌പൈസസ് ഗ്രോവേഴ്‌സ്) സജി വര്‍ക്കി ( കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍) എസ്. ജയാനന്ദന്‍ ( അസോസിയേഷന്‍ ഓഫ് സ്‌പൈസസ് ഫാര്‍മേഴ്‌സ്) എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."