വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകം
തൊടുപുഴ: ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ നടപടി ശക്തമാക്കി എക്‌സൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി സ്‌കൂളുകളിലും കോളജുകളിലും വകുപ്പിന്റെ നേതൃത്വത്തില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിച്ചുവരികയാണ്. ജില്ലയിലെ 100 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്.ബി.ടിയുടെ സഹകരണത്തോടെ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
അടിമാലി, മറയൂര്‍, ഇടുക്കി റേഞ്ചുകളിലായി പതിനഞ്ച് സ്‌കൂളുകളില്‍ മുന്‍പു പരാതിപ്പെട്ടികള്‍ സ്ഥാപിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം, സ്‌കൂളുകള്‍ക്കു സമീപമുള്ള കടകളിലെ ലഹരി പദാര്‍ഥങ്ങളുടെ വില്‍പന തുടങ്ങി ലഹരിവസ്തുക്കളുടെ ഉപയോഗവും വില്‍പനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു പരാതിപ്പെട്ടിയില്‍ നിക്ഷേപിക്കാം. പരാതിപ്പെടുന്നവരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതില്ല. ഉദ്യോഗസ്ഥര്‍ ഓരോ ആഴ്ചയും സ്‌കൂളിലെത്തി ഇതു പരിശോധിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലഹരിവിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ജില്ലയില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.
ജില്ലയില്‍ 142 സ്‌കൂളുകളിലും 26 കോളജുകളിലുമടക്കം 168 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി വിരുദ്ധ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ലബ്ബുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം, ഈ സ്ഥാപനങ്ങളിലെല്ലാം പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഇടുക്കി ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കെ.എ.നല്‍സണ്‍ പറഞ്ഞു. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചു ലഹരിക്കെതിരെ കൂടുതല്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനും എക്‌സൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ അനധികൃത മദ്യ-ലഹരി വില്‍പനയ്‌ക്കെതിരെ വ്യാപക റെയ്ഡുകള്‍ നടത്തുന്ന എക്‌സൈസ് വകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗം വര്‍ധിച്ചുവരുന്നതായ വിവരത്തെത്തുടര്‍ന്നാണു നടപടി ശക്തമാക്കിയിരിക്കുന്നത്. നിരന്തര ഇടപെടലിലൂടെ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം ഇല്ലാതാക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."