ദുബൈയിലെ എണ്ണ തട്ടിപ്പ് : ആന്ധ്രാ സ്വദേശി അറസ്റ്റില്‍
തിരുവനന്തപുരം: ദുബൈയില്‍ ഓയില്‍ ബിസിനസ് നടത്തി 22 കോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതി ഒരു വര്‍ഷത്തിനു ശേഷം പിടിയില്‍. ആന്ധ്രാപ്രദേശ് കാക്കിനട സ്വദേശി വെങ്കിട്ടറാം ബാബു (49) ആണ് വിശാഖപ്പട്ടണത്ത് വെച്ച് തമ്പാനൂര്‍ പൊലിസിന്റെ പിടിയിലായത്.
2015ലായിരുന്നു തട്ടിപ്പ് നടന്നത്. ദുബൈയില്‍ ഓയില്‍ ബിസിനസ് നടത്തിവന്നിരുന്ന തിരുവനന്തപുരം സ്വദേശി ഷൈജു മുഹമ്മദ് താഹയുടെ സണ്‍ ഫ്യുവല്‍ ഏജന്‍സിയില്‍ നിന്നും ബാബു തന്റെ ആദിത്യ ഫ്യുവല്‍ ഏജന്‍സിയിലേക്ക് 22 കോടിയിലേറെ രൂപയുടെ ഓയില്‍ വാങ്ങിയിരുന്നു. തുക നല്‍കുന്നതിനുള്ള ഉറപ്പിനായി പ്രതിയുടെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ദുബൈയിലെ സ്പോണ്‍സറെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ വിശാഖപ്പട്ടണം പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നും മറ്റൊരു പാസ്പോര്‍ട്ട് തരപ്പെടുത്തി ദുബൈയില്‍ നിന്നും ആന്ധ്രയിലേക്ക് മുങ്ങുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി ഷൈജു മുഹമ്മദ് താഹ തമ്പാനൂര്‍ പൊലിസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ എസ് ഐയുടെ പ്രത്യേക അന്വേഷണ സംഘം ആന്ധ്രയിലെ കാക്കിനടയിലെത്തി പ്രതിക്കായി അന്വേഷണം നടത്തി. രാജ്യംവിട്ടുപോകാതിരിക്കാന്‍ ലുക്ക് ഔട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു. ഈ മാസം 10ന് വിശാഖപ്പട്ടണം എയര്‍പോര്‍ട്ടില്‍ പാസ്പോര്‍ട്ട് അധികൃതര്‍ പ്രതിയെ പിടികൂടി വിശാഖപ്പട്ടണം എയര്‍പോര്‍ട്ട് പൊലിസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചതായി തമ്പാനൂര്‍ പൊലിസിനു വിവരം ലഭിച്ചു.
തുടര്‍ന്ന് തമ്പാനൂര്‍ എസ്.ഐ ഡി.കെ പൃഥ്വിരാജിന്റെ നിര്‍ദേശപ്രകാരം തമ്പാനൂര്‍ എസ്.എച്ച് ഒ. എസ് പി പ്രകാശ്, സി.പി.ഒ രാജേഷ് എന്നിവര്‍ അടങ്ങിയ സംഘം വിശാഖപ്പട്ടണത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിച്ചു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."