മെഡിക്കല്‍ കോളജിനെ തകര്‍ക്കാന്‍ ഗൂഢനീക്കമെന്ന് കോണ്‍ഗ്രസ്
വടക്കാഞ്ചേരി: മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജിന്റെ വികസന മുന്നേറ്റത്തെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗൂഢപദ്ധതി തയ്യാറാക്കുകയാണെന്ന് വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. നെഞ്ച് രോഗാശുപത്രിയിലെ അര്‍ബുധ രോഗ വിഭാഗത്തിലെ റേഡിയേഷന്‍ മെഷീന്‍ തകരാറിലായിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും യന്ത്രം പൂര്‍ണ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ആശുപത്രി വികസന കമ്മിറ്റി 18 വര്‍ഷം മുമ്പ് നിയമിച്ച താല്‍ക്കാലിക ജീവനക്കാരെ വരെ പിരിച്ച് വിടാനുള്ള നീക്കം നടക്കുകയാണ്.
സൗജന്യ മരുന്ന് വിതരണം താറുമാറാക്കി സ്വകാര്യ മെഡിക്കല്‍ ഷോപ്പുടമകളെ സഹായിക്കുന്ന നടപടിയും കൈകൊള്ളുകയാണ്. രോഗികള്‍ വരാന്തയില്‍ പോലും കിടന്ന് ദുരിതമനുഭവിക്കുമ്പോള്‍ അഴിമതിയുടെ കൂത്തരങ്ങാക്കി ആശുപത്രിയെ മാറ്റുകയാണ് അധികാരികളെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
പതിനാല് ലക്ഷം രൂപയുടെ അഴിമതി നടത്തിയതിന് നേരത്തെ പുറത്താക്കിയ ഒരു കുടുംബശ്രീ യൂണിറ്റിന് യാതൊരു മാനദണ്ഡവും പാലിക്കാതെ കാന്റീന്‍ നടത്തിപ്പ് നല്‍കിയതിന് പിന്നിലെ അഴിമതി അന്വേഷിക്കണം. ആശുപത്രി സൂപ്രണ്ട് ഭരണകക്ഷിയുടെ അടിമയാകുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മെഡിക്കല്‍ കോളജിനെ തകര്‍ത്ത് സ്വകാര്യ ആശുപത്രികളെ സംരക്ഷിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളജിന് മുന്നില്‍ ഈ മാസം 8 ന് ഉപവാസം നടത്തും. ഡി.സി.സി പ്രസിഡന്റ് പി.എ മാധവന്‍ ഉദ്ഘാടനം ചെയ്യും. അനില്‍ അക്കര എം.എല്‍.എ അധ്യക്ഷനാകും. വാര്‍ത്താ സമ്മേളനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ ജിജോ കുരിയന്‍, ജിമ്മി ചൂണ്ടല്‍, രാജേന്ദ്രന്‍ അരങ്ങത്ത്, കെ.അജിത്കുമാര്‍, എന്‍.എ സാബു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."