ഞായറാഴ്ചകളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു
എരുമപ്പെട്ടി: ഞായറാഴ്ചകളില്‍ എരുമപ്പെട്ടി മേഖലയിലെ മെഡിക്കല്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ദിവസം 12 മണിക്കൂര്‍ പ്രവര്‍ത്തിക്കണമെന്നും ആഴ്ചയില്‍ ഒരു ദിവസം അവധിയെടുക്കാമെന്നും മെഡിക്കല്‍ ഷോപ്പുകള്‍ക്കുള്ള ലൈസന്‍സ് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഞായറാഴ്ചകളില്‍ പ്രദേശത്തെ ഏതെങ്കിലും മെഡിക്കല്‍ ഷോപ്പ് തുറന്ന് പ്രവര്‍ത്തിക്കണമെന്നുള്ള നിബന്ധന മെഡിക്കല്‍ ഷോപ്പുടമകളുടെ സംഘടന കൊണ്ടുവന്നിരുന്നു. എന്നാല്‍ ഈ സംഘടനയുടെ പ്രവര്‍ത്തനം നിര്‍ജീവമായതോടെ തീരുമാനം അവതാളത്തിലാവുകയും മെഡിക്കല്‍ ഷോപ്പുകള്‍ വ്യാപകമായി അടച്ചിടുകയുമാണ് പതിവ്. അതേസമയം എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ഭരണസമിതി വിഷയം ചര്‍ച്ച ചെയ്ത് എരുമപ്പെട്ടി മേഖലയിലെ വ്യാപാരികളോട് ഞായറാഴ്ചകളില്‍ ഒരു മെഡിക്കല്‍ ഷോപ്പെങ്കിലും തുറന്ന് പ്രവര്‍ത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പഞ്ചായത്തിന്റെ ആവശ്യത്തിന് നാളിതുവരെയും വ്യാപാരികള്‍ക്ക് പരിഹാരം കണ്ടെത്താനായിട്ടില്ലെന്നുള്ളത് പ്രദേശത്തെ സാധാരണക്കാരായ രോഗികളെ കുറച്ചൊന്നുമല്ല വലക്കുന്നത്. എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രി മുതല്‍ നെല്ലുവായ് വരെ ഒമ്പത് മെഡിക്കല്‍ ഷോപ്പുകളുണ്ടെങ്കിലും ഞായറാഴ്ചകളില്‍ ഒരെണ്ണം പോലും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല എന്നത് രോഗികള്‍ക്ക് ദുരിതമാണ് മാത്രമാണ് സമ്മാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."