വേറിട്ട കൃഷിയുമായി മഹാത്മാ ഫാര്‍മേഴ്സ് ക്ലബ്ബ്
കൂറ്റനാട്: ജൈവകൃഷിയില്‍ നിരന്തരപരീക്ഷണങ്ങള് നടത്തുന്ന മഹാത്മാ ഫാര്‍മേഴ്സ് ക്ലബ്ബിന്റെ ജൈവ ഫാഷന്‍ഫ്രൂട്ട് കൃഷിയില്‍ നൂറമേനി വിളഞ്ഞു. തിരുമിറ്റക്കോട് പഞ്ചായത്തിലെ ഇട്ടോണംകുഞ്ഞു മാന്പടിയിലാണ് മഹാത്മാ ഫാര്‍മേഴ്സ് ജൈവ രീതില്‍ ഫാഷന്‍ ഫ്രൂട്ട് കൃഷിയിറക്കിയിരിക്കുന്നത്. നബാഡിന്റെ അംഗീകാരമുള്ള ക്ലബ്ബാണിത്. നെല്ലിയാമ്പതിയില്‍ നിന്നും കൊണ്ടുവന്ന 450 തൈകളാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്.
പതിനഞ്ചു രൂപയാണു ഒരു തൈയുടെ വില. പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷിയിറക്കിയത്. തികച്ചും ശാസ്ത്രിയമായ കൃഷി രീതിയാണ് ഇവിടെ ഉപയോഗിച്ചത്. എട്ടടി ജിയോപൈപ്പും കമ്പിയും ഉപയോഗിച്ചാണ് ഫാഷന്‍ ഫ്രൂട്ടിന് പടരാനുള്ള പന്തല്‍ നിര്‍മിച്ചത്. മൂന്നു ലക്ഷം രൂപയാണിതിന്റെ ചിലവ്. ഈ തൈകളില്‍ നിന്നും എട്ടു വര്‍ഷം വരെ വിളവെടുക്കാന്‍ സാധിക്കും.
പന്ത്രണ്ടു ആളുകളുള്ള രണ്ടു ഗ്രൂപ്പായിട്ടാണ് കൃഷി ചെയ്തത്. കൃഷിയുടെ മുന്‍പ് ഫാര്‍മേഴ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നൂറുപേര് അടങ്ങിയ സംഘം നെല്ലിയാമ്പതിയിലുള്ള ഫാഷന്‍ ഫ്രൂട്ട് കൃഷിസ്ഥലം സന്ദര്‍ശിച്ചിരുന്നു. അതില്‍ നിന്നുള്ള പ്രചോദനമാണ് ഈ രീതിയില്‍ കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ഫാര്‍മേഴ്സ് ക്ലബ്ബിന്റെ കോ-ഓഡിനേറ്റര്‍ ഹരിനാരായണന് മാസ്റ്റര്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഇതിനു മുന്‍പ് എഴ് ഏക്കര്‍ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി ഇറക്കിയിരുന്നു. ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ കിലോക്ക് 260 രൂപയോളം വിലയുണ്ട് ഫാഷന്‍ ഫ്രൂട്ടിന്. എന്നാല്‍ മാര്‍ക്കറ്റു വിലയേക്കാള്‍ വളരെ കുറച്ച് വിളവെടുക്കുന്ന സ്ഥലത്തു വെച്ചു തന്നെ വില്‍ക്കാനാണ് ക്ലബ്ബിന്റെ തീരുമാനം ക്യാന്‍സര്‍ രോഗികള്‍ക്കു വളരെ നല്ല ഒരു ഔഷധം കൂടിയാണ് ഫാഷന്‍ ഫ്രൂട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."