ഹൈസ്‌കൂളിന് സമീപത്തെ ധാന്യപ്പൊടി നിര്‍മാണകേന്ദ്രം മലിനീകരണം സൃഷ്ടിക്കുന്നതായി പരാതി
ആനക്കര: ആനക്കര ഹൈസ്‌കൂളിന് സമീപത്തെ ധാന്യപ്പൊടി നിര്‍മാണകേന്ദ്രം പരിസര മലിനീകരണം സൃഷ്ടിക്കുന്നതായി പരാതി. ആനക്കര ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമുളള ആനക്കര ഫുഡ് ആന്‍ഡ് പ്രോസസിങ് (മലബാര്‍ ടേസ്റ്റ് )കമ്പനിക്കെതിരേയാണ് പരാതി. ഹൈസ്‌കൂളിന്, പുറമെ, ലക്ഷം വീട് കോളനി, അങ്കണ്‍വാടി, കോളജ് എന്നിവയെല്ലാം ഇതിന് സമീപത്താണ് പ്രവര്‍ത്തിക്കുന്നത്.
മുളക് അടക്കമുള്ള ധാന്യങ്ങള്‍ പൊടിച്ച് പാക്കറ്റിലാക്കി വിദേശത്ത് ഉള്‍പ്പെടെ കയറ്റി അയക്കുന്ന കമ്പനിയാണിത്. ഇവിടെ നിന്ന് മുളക് പൊടിയുടെ രൂക്ഷ ഗന്ധം വിദ്യാര്‍ഥികള്‍ക്കും സമീപവാസികള്‍ക്കും ശ്വാസ തടസ്സമുള്‍പ്പെടെയുണ്ടാക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഷ്ട്രീയ സ്വാധിനം ഉപയോഗിച്ചാണ് കമ്പനിക്ക് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതിയുണ്ടാക്കിയത്. എന്നാല്‍ നിലവിലെ അന്തരീക്ഷം മാറി കമ്പനിയുടെ പ്രവര്‍ത്തനം ഇരട്ടിയായി മാറിയതോടെയാണ് നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ദുരിതമായി മാറിയത്.
ധാന്യങ്ങള്‍ പൊടിക്കുന്നതിന് പുറമെ സാധനങ്ങള്‍ പാക്കറ്റിലാക്കുന്നതിന് വേണ്ടി പ്ലാസ്റ്റിക്ക് കവറുകളും ഇവിടെ നിന്നുതന്നെയാണ് ഉണ്ടാക്കുന്നത്. അതിനാല്‍ പ്ലാസ്റ്റിക്കിന്റെ രൂക്ഷ ഗന്ധവുമുണ്ട്. ഈ മേഖലയിലുളള കുറച്ചു പേര്‍ക്ക് ജോലി ലഭിക്കുന്നുണ്ടെന്നതോര്‍ത്താണ് പരാതി പറയാന്‍ പലപ്പോഴും നാട്ടുകാര്‍ തയ്യാറാകാതിരുന്നത്.
ഇവിടെ മലിനീകരണ പ്രശ്‌നം മാത്രമല്ല തൊഴില്‍ പീഡനവുമുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് ദിവസം 150 രൂപയില്‍ താഴെ മാത്രമെ വേതനമായി നല്‍കുന്നുള്ളൂ. ഇതിന് പുറമെ ലീവ് പോലുമില്ല. ലീവെടുക്കുന്ന സമയത്ത് കൂലിയുമില്ല. കഴിഞ്ഞ ദിവസം ലീവെടുത്ത ഒരു തൊഴിലാളിയെ പിരിച്ചു വിട്ടിരുന്നു.
കൂലി കുറവിന് പുറമെ തൊഴിലാളികള്‍ക്ക് യാതൊരു ആനുകൂല്യങ്ങളും നല്‍കുനില്ലന്നും പരാതിയുണ്ട്. കമ്പനിക്കെതിരേ ജനകീയ സമരമുള്‍പ്പെടെയുളള സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."