HOME
DETAILS
MAL
ഐ.ജിയുടെ ഔദ്യോഗിക വസതിയില്‍ മാതാ അമൃതാനന്ദമയിയെത്തിയത് വിവാദമാകുന്നു
backup
May 09 2016 | 08:05 AM
തൃശൂര്‍: പൊലിസ് അക്കാദമി ഐ.ജി സുരേഷ് രാജ് പുരോഹിതിന്റെ ഔദ്യോഗിക വസതിയില്‍ മാതാ അമൃതാനന്ദമയിയെത്തിയത് വിവാദമാകുന്നു. ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് രാമവര്‍മ്മപുരം പൊലിസ് അക്കാദമിയിലെ ഐ.ജിയുടെ ഔദ്യോഗിക വസതിയിലേക്ക് അമൃതാനന്ദമയിയെത്തിയത്. പുറത്തു നിന്നുള്ള സന്ദര്‍ശകര്‍ക്ക് അക്കാദമിയിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുണ്ടെന്നിരിക്കെയാണ്, അമൃതാനന്ദമയിയുടെയും, ഭക്തരുടെയും സന്ദര്‍ശനം. സുരേഷ് രാജ് പുരോഹിതന്‍ ചുമതലയേറ്റതിന് ശേഷം പൊലിസ് അക്കാദമിയില്‍ നടപ്പിലാക്കിയ പല പരിഷ്‌കാരങ്ങളും മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നത് ഏറെ വിവാദമായിരുന്നു. ഇതോടെ മാധ്യമങ്ങള്‍ക്ക് പോലും അക്കാദമിയിലേക്ക് പ്രവേശനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. അക്കാദമയിലെ മെസില്‍ മാംസ്യാഹാരം നിരോധിച്ചതും, ട്രെയിനികളെ പീഡിപ്പിക്കുന്നതും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിനിടെ നാളുകള്‍ക്ക് മുമ്പ് പ്രായപൂര്‍ത്തിയാകാത്ത മകനെ കൊണ്ട് ഔദ്യോഗിക വാഹനമോടിപ്പിച്ച സംഭവം ദൃശ്യങ്ങളോടെ മാധ്യമങ്ങള്‍ പുറത്തുവിട്ടതും വിവാദമായി. ആഭ്യന്തരമന്ത്രി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഉത്തരവിറക്കാതെ ആഭ്യന്തരവകുപ്പ് ഇത് ഒതുക്കി. തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെങ്കിലും ഹൈകോടതിയില്‍ റിട്ട് ഹരജി നല്‍കി അന്വേഷണം തടസപ്പെടുത്തി. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊലിസ് കേസെടുക്കാന്‍ നിര്‍ബന്ധിതമായെങ്കിലും നിയമവശം പരിശോധിക്കാനെന്ന സാങ്കേതികത്വം പറഞ്ഞ് ഫയല്‍ പിന്നെയും പിടിച്ചു വെച്ചു. പ്രായപൂര്‍ത്തിയാവാത്ത മകനെ കൊണ്ട് വാഹനമോടിപ്പിച്ച സംഭവം പരാതി നല്‍കിയ അക്കാദമിയിലെ അഞ്ച് ട്രെയിനികളെ പരിശീലനത്തിന്റെ പേരില്‍ സത്യമംഗലം കാട്ടിലേക്ക് ശിക്ഷണ പരിശീലനത്തിനായി വിട്ടതും വിവാദമായിരുന്നുവെങ്കിലും ഉന്നത സ്വാധീനമുപയോഗിച്ച് അന്വേഷണങ്ങളും ആരോപണങ്ങളും മരവിപ്പിച്ചിരിക്കുകയാണ്. പുറത്തു നിന്നുള്ളവര്‍ അക്കാദമി കോമ്പൗണ്ടിലേക്ക് പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ പരിശോധനയൊന്നും അമൃതാനന്ദമയിയുടെ സന്ദര്‍ശനത്തില്‍ പാലിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. മേലധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് ട്രെയിനികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."