HOME
DETAILS
MAL
വിജയിച്ചത് ഒരു നാടിന്റെ ഒറ്റക്കെട്ടായ സമരം
backup
May 09 2016 | 08:05 AM
കോറോം: ഒരു ഗ്രാമത്തിന്റെ മുഴുവന്‍ ജീവിത സ്വസ്ഥതക്കും വിലങ്ങുതടിയായി മാറുമായിരുന്ന ടാര്‍ മിക്‌സിംഗ് പ്ലാന്റിനെ ആക്ഷന്‍ കമ്മിറ്റി ഒടുവില്‍ നാടു കടത്തി. ഏഴ് ദിവസം നീണ്ട് നിന്ന റോഡുപരോധ സമരത്തിനൊടുവിലാണ് ക്വാറി ഉടമ പ്ലാന്റ് ആംരഭിക്കാനുള്ള നീക്കത്തില്‍ സ്വയം പിന്‍വാങ്ങിയത്. സമരത്തിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നാട്ടുകാര്‍ കോറോം ടൗണില്‍ പ്രകടനം നടത്തി.
കഴിഞ്ഞ് രണ്ട് പതിറ്റാണ്ട് കാലത്തോളമായി പ്രവര്‍ത്തിച്ച് വരുന്ന കോറോമിലെ സെന്റ് മേരീസ് ക്വാറിയില്‍ ആരംഭിക്കാനിരുന്ന ടാര്‍മിക്‌സിംഗ് പ്ലാന്റിനെയാണ് നാട്ടുകാര്‍ പ്രദേശത്ത് നിന്ന് കെട്ടുകെട്ടിച്ചത്. ക്വാറിയുടെ പ്രവര്‍ത്തനം തന്നെ ജനജീവിതത്തിന് വെല്ലുവിളിയായി മാറിയിരിക്കെ ക്വാറി ഉടമ അനുമതികളേതുമില്ലാതെ ക്രഷറിനോട് ചേര്‍ന്ന് ടാര്‍മിക്‌സിംഗ് പ്ലാന്റ് സ്ഥാപിക്കാന്‍ നീക്കം നടത്തിയത്. വന്‍കിട ടാര്‍മിക്‌സിംഗ് പ്ലാന്റ് ആരംഭിക്കാന്‍ ജില്ലയുടെ പലഭാഗങ്ങളിലും ശ്രമം നടത്തി ജനകീയ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധിയുമായി കോറോമില്‍ ഹോട്ട് മിക്‌സിംഗ് പ്ലാന്റ് നടത്തുന്നതിനായി യന്ത്രസാമഗ്രികള്‍ അടക്കം സ്ഥാപിച്ചത്. എന്നാല്‍ കടുത്ത എതിര്‍പ്പുമായി ജനം രംഗത്ത് വന്നതോടെ ക്വാറി ഉടമ പ്രതിരോധത്തിലായി. ക്വാറിക്കും ടാര്‍ മിക്‌സിംഗ് പ്ലാന്റിനുമെതിരെ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോറോം ടാര്‍മിക്‌സിംഗ് പ്ലാന്റ് ക്വാറി വിരുദ്ധ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും സമരപാതയിലേക്ക് ഇറങ്ങുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എ ബാബു ചെയര്‍മാനായ ആക്ഷന്‍ കമ്മിറ്റി കഴിഞ്ഞ മാസം പതിനാറിന് വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സമരത്തിന്റെ ഭാഗമായി ആക്ഷന്‍കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി പ്ലാന്റിന് പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും ചെയ്തു. ഇതിനിടെ ക്വാറി ഉടമ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് റോഡ് കയ്യേറി ഉപയോഗിക്കുന്നത് മൂലം റോഡ് തകരുകയാണെന്നാരോപിച്ച് റെസ്റ്റ് ഹൗസ് റോഡില്‍ അനിശ്ചിതകാല ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തു. സമരം തുടരവെ പൊലീസടക്കം ആക്ഷന്‍കമ്മിറ്റിയുമായി ചര്‍ച്ച നടത്തി സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്ലാന്റിനായി സ്ഥാപിച്ചിട്ടുള്ള യന്ത്രങ്ങള്‍ നീക്കം ചെയ്യാതെ ഉപരോധം പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നിന്നതോടെ സമരം നീളുകയായിരുന്നു. ഇതോടെയാണ് ക്വാറി ഉടമ ജനകീയ സമരത്തിന് മുന്നില്‍ നിരുപാധികം കീഴടങ്ങുകയും പ്ലാന്റിനായി എത്തിച്ച് യന്ത്രസാമഗ്രികള്‍ സ്ഥലത്ത് നിന്ന് ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ നീക്കം ചെയ്യുകയും ചെയ്തത്. നാടിനെ സമാധാനജീവിതത്തിന് വില്ലനായി തീരൂമായിരുന്ന യന്ത്രങ്ങളെ നാട്ടുകാര്‍ ആനയിച്ചാണ് നാടു കടത്തിയത്. ഇതോടെ ഏഴ് ദിവസം നീണ്ട് നിന്ന ഉപരോധസമരം അവസാനിപ്പിച്ച് സമരവിജയത്തില്‍ ആഹ്ലാദവുമായി ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ കോറോം ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെസി ഹാഷിം, വാഴയില്‍ അയ്യൂബ്, പടയന്‍ അബ്ദുള്ള,വിസി സലീം, കയ്യുള്ളതില്‍ ആലി, വികെ രണദേവന്‍, സിബി തേറ്റമല തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇതേസമയം ക്വാറിക്കെതിരെയുള്ള സമരവുമായി ബന്ധപ്പെട്ട് ക്വാറി ഉടമയുടെ പരാതി ബന്ധപ്പെട്ട് വെള്ളമുണ്ട പൊലീസും ഹൈക്കോടതിയും കേസെടുത്തിട്ടുണ്ട്. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ക്വാറി ഉടമ കേസ് നല്‍കിയിരിക്കുന്നതെന്നും കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും ആക്ഷന്‍കമ്മിറ്റി വ്യക്തമാക്കി. കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അതീവ പരിസ്ഥിതി ദുര്‍ബ്ബലമേഖലയായി കണക്കാക്കിയിട്ടുള്ള തൊണ്ടര്‍നാട് വില്ലേജില്‍ പരിസ്ഥിതിക്കും ജനജീവിതത്തിനും ദ്രോഹമാകുന്ന യാതൊരു വിധ പ്രവര്‍ത്തിയും അനുവദിക്കില്ലെന്നും അത്തരം നീക്കങ്ങളുമായി ആരുവന്നാലും എന്ത് വിലകൊടുത്തും ചെറുക്കുമെന്നും ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. ക്വാറിക്കെതിരെയുള്ള നിയമപോരാട്ടം തുടരുമെന്ന് ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."