മാത്യൂ ചുഴലിക്കാറ്റില്‍ വ്യാപക നാശം; 140 മരണം
പോര്‍ട്ടോപ്രിന്‍സ്: ചൊവ്വാഴ്ച ഹെയ്തിയിലും സമീപ രാഷ്ട്രങ്ങളായ ക്യൂബയിലും ഡൊമിനിക്കന്‍ റിപബ്ലിക്കിലും ആഞ്ഞുവീശിയ മാത്യു ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടങ്ങള്‍. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി 136 പേരാണ് ഹെയ്തിയില്‍ മരിച്ചത്. നാലുപേര്‍ ഡൊമിനിക്കന്‍ റിപബ്ലിക്കിലും മരിച്ചു.
2010ല്‍ നടന്ന ഭൂകമ്പത്തിനു ശേഷം ഏറ്റവും വലിയ മനുഷ്യത്വ പ്രതിസന്ധിയാണു നിലവില്‍ ഹെയ്തി നേരിടുന്നതെന്ന് യു.എന്‍ പറഞ്ഞു. മണിക്കൂറില്‍ 230 കി.മീറ്റര്‍ വേഗതയിലാണു ഹെയ്തിയിലും ക്യൂബയിലും ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. നഗരങ്ങളും റിസോര്‍ട്ടുകളും കാര്‍ഷിക ഭൂമികളും വ്യാപകമായി നാശത്തിനിരയായിട്ടുണ്ട്.
ഹെയ്തിയിലെ ഏഴു ലക്ഷത്തോളം ജനവാസമുള്ള സൂദ് മേഖലയില്‍ 80 ശതമാനം വീടുകളും പൂര്‍ണമായി നശിച്ചു. 11,000ത്തില്പരം ആളുകളെ അഭയാര്‍ഥി ക്യാംപുകളില്‍ താമസിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവും ദരിദ്രരാഷ്ട്രമായ ഹെയ്തിയില്‍ അടുത്ത ഞായറാഴ്ച പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവച്ചിരിക്കുകയാണ്.
ക്യൂബയില്‍ കൂടുതല്‍ നാശനഷ്ടങ്ങളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, രാജ്യത്തെ ഗ്വണ്ടാനാമോയിലെ വിനോദ നഗരമായ ബറാക്കോയില് ദുരന്തം വ്യാപക നാശം വിതച്ചിട്ടുണ്ട്.
അമേരിക്കയില്‍ തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍നിന്ന് ഒന്നര മില്യന്‍ ജനങ്ങളോടു വീടുകള്‍ ഒഴിയാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്ളോറിഡയുടെ സമീപ പ്രദേശങ്ങളിലാണു ചുഴലിക്കാറ്റ് പ്രതീക്ഷിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."