തരിയോട് ആയുര്‍വേദ ആശുപത്രിയിലെ സ്വീപ്പര്‍ നിയമനം നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കാതെയെന്ന് യു.ഡി.എഫ്
കല്‍പ്പറ്റ: തരിയോട് പഞ്ചായത്തിന്റെ കീഴിലുള്ള ആയൂര്‍വേദ ആശുപത്രിയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ കാഷ്വല്‍ സ്വീപ്പര്‍ നിയമനം റദ്ദ് ചെയ്യണമെന്ന് പഞ്ചായത്തിലെ പ്രതിപക്ഷാംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എച്ച്.എം.സി കമ്മിറ്റിയില്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടും സി.ഡി.എസ് നല്കിയ ലിസ്റ്റിലെ ആറാം റാങ്കുകാരിക്ക് നിയമനം നല്‍കിയെന്നാണ് ഇവരുടെ ആരോപണം. ഇന്റര്‍വ്യൂ നടത്താന്‍ ഭരണസമിതി തയാറായില്ല. മാത്രമല്ല, ഡി.എം.ഒ നേരിട്ടാണ് ഇവിടെ സ്വീപ്പര്‍ നിയമനം നടത്തിയിരിക്കുന്നത്. സാധാരണ രീതിയില്‍ ഇത്തരം നിയമനങ്ങളില്‍ എച്ച്.എം.സി കമ്മിറ്റി അംഗങ്ങളടങ്ങിയ ഇന്റര്‍വ്യൂ ബോര്‍ഡ് കൂടിക്കാഴ്ച നടത്തിയും തുടര്‍ന്ന് നിയമന ഉത്തരവ് പഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചുമാണ് നിയമനം നടത്താറ്. എന്നാല്‍, തരിയോട് പഞ്ചായത്തില്‍ കൂടിക്കാഴ്ചയോ, ഭരണസമിതിയുടെ അംഗീകാരമോ വാങ്ങാതെ തന്നിഷ്ടപ്രകാരമുള്ള നിയമനമാണ് നടന്നത്.
മാത്രമല്ല, ഇവിടെ നിയമനം നടത്തിയിരിക്കുന്നത് ജില്ലാ മെഡിക്കല്‍ ഓഫിസറാണ്. കൂടാതെ ഒന്നുമുതല്‍ അഞ്ചുവരെ റാങ്കിലുള്ളവരെ തഴഞ്ഞ് ആറാം റാങ്കുകാരിക്കാണ് നിയമനം നടത്തിയത്. ഇത്തരം കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നാണ് പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം. പഞ്ചായത്തില്‍ ഭരണപക്ഷത്ത് ആകെയുള്ളത് അഞ്ചംഗങ്ങളാണ്. യു.ഡി.എഫിന് ആറ് അംഗങ്ങളും ബി.ജെ.പിക്ക് രണ്ട് അംഗങ്ങളുമുണ്ട്. എന്നാല്‍ ന്യൂനപക്ഷമായ എല്‍.ഡി.എഫാണ് ഇവിടെ ഭരണം നടത്തുന്നത്. ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത പഞ്ചായത്ത് ഭരണസമിതി രാജിവക്കണമെന്നും പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു.
പഞ്ചായത്തിലെ എച്ച്.എം.സി കമ്മിറ്റി പുന:സംഘടിപ്പിക്കുക, 11 മാസമായി ഒഴിഞ്ഞുകിടക്കുന്ന പഞ്ചായത്ത് സെക്രട്ടറി പോസ്റ്റിലേക്ക് ഉടന്‍ നിയമനം നടത്തുക, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നടത്തിയ ആയുര്‍വേദ ആശുപത്രിയിലെ നിയമനം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്തംഗങ്ങളായ സി.ടി ചാക്കോ, ഷീജ ആന്റണി, സീമ ആന്റണി, ഗിരിജ സുരേന്ദ്രന്, ബിന്ദു ചന്ദ്രന്, കെ.വി സന്തോഷ്, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ ബഷീര്‍ പുള്ളാട്ട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."