വീടില്ലാത്തവര്‍ക്കായി സമ്പൂര്‍ണ ഭവനനിര്‍മാണ പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രിക്ക് ജില്ലയിലെ വ്യവസായ പ്രമുഖര്‍ സ്വീകരണം നല്‍കി
കോഴിക്കോട്: വീടില്ലാത്തവര്‍ക്കായി സമ്പൂര്‍ണ ഭവനനിര്‍മാണ പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ആതിഥേയ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ ഗേറ്റ് വേയില്‍ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയോ വീടോ ഇല്ലാത്തവര്‍, വീട് നിര്‍മാണം ഭാഗികമായി നിലച്ചവര്‍, താമസയോഗ്യമായ വീടില്ലാത്തവര്‍ തുടങ്ങിയ ജനവിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി. ഇത്തരക്കാര്‍ക്കായി അനേകം വീടുകളടങ്ങിയ ഒരു കെട്ടിടസമുച്ചയം പണിയും. ഓരോ വീട്ടിലും ഒരാള്‍ക്ക് തൊഴിലും സര്‍ക്കാര്‍ ഉറപ്പുനല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാനാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ശ്രമം. വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ വ്യവസായ നയം കൊണ്ടുവരും.
വിദ്യാര്‍ഥികളെയും സന്നദ്ധസംഘടനകളെയും പൊതുജനങ്ങളെയും സംയുക്തമായി സംഘടിപ്പിച്ച് മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഹരിത കേരളം പദ്ധതിയിലൂടെ നിലവിലുള്ള മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കംചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് വിമാനത്താവളം മറ്റൊരിടത്തേക്ക് മാറ്റാമെന്ന വ്യാമോഹം സര്‍ക്കാരിനില്ല. സ്ഥലമേറ്റെടുപ്പും പുനരധിവാസവും ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. മലബാര്‍ ഗോള്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ. നിഷാദ് മുഖ്യമന്ത്രിക്ക് ഉപഹാരം നല്‍കി. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.വി. നിധീഷ് പൊന്നാടയണിയിച്ചു. ജില്ലയിലെ വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. എക്‌സൈസ്-തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍, പ്രദീപ് കുമാര്‍ എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, എം.പി. മുഹമ്മദ്, കെ.പി. അബൂബക്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."