ചാലിയാറില്‍ മുങ്ങിത്താഴ്ന്ന യുവതിക്ക് രക്ഷകരായി ബീഹാറി സഹോദരങ്ങള്‍
ഫറോക്ക്: ചാലിയാറില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന യുവതിയെ ബീഹാറി സഹോദരങ്ങള്‍ അതി സാഹസികമായി രക്ഷപ്പെടുത്തി.
ഫറോക്ക് പഴയപാലത്തിനു സമീപം വെള്ളത്തില്‍ താഴ്ന്നുപോകുന്നതിനിടെ രക്ഷക്കായി മാടിവിളിച്ച യുവതിയെ മറ്റുള്ളവര്‍ നോക്കിനില്‍ക്കെ ചാലിയാറിന്റെ ആഴങ്ങളിലേക്ക് എടുത്തുചാടി രക്ഷപ്പെടുത്തിയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ ധീരത കാണിച്ചത്. ബീഹാര്‍ മധുവനി ജില്ലയിലെ ദുഖ്ഹാര് വില്ലേജില്‍ ശ്രീബലേഷ് പാസ്വാന്റെ മക്കളായ അജയ്കുമാര്‍ പാസ്വാന് (22), വിജയ കുമാര്‍ പാസ്വാന് (20)എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഇന്നലെ രാവിലെ 11.45നാണ് സംഭവം. ചെറുവണ്ണൂര്‍ സ്രാമ്പ്യ സ്വദേശിയായ യുവതിയാണ് ചാലിയാറില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചത്. ഇതുകണ്ടു വഴിയാത്രികരും മറ്റും ഓടിക്കൂടിയെങ്കിലും ആരും പുഴയിലേക്കിറങ്ങാന്‍ തയാറായില്ല.
ബഹളംകേട്ട് അല്‍പ്പമകലെ വിശ്രമിക്കുകയായിരുന്ന ബീഹാറികളായ സഹോദരങ്ങള്‍ യുവതി വെള്ളത്തില്‍ മുങ്ങിത്താഴുന്നതാണ് കണ്ടത്. പിന്നീട് ചാലിയാറിലേക്ക് എടുത്തുചാടി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
യുവതിയെ വെള്ളത്തില്‍നിന്നും കരയ്ക്കെത്തിച്ചപ്പോഴേക്കും രക്ഷകരില്‍ പ്രധാനിയായ വിജയ കുമാര്‍ പാസ്വാന് തളര്‍ന്നു വീണുകഴിഞ്ഞിരുന്നു. യുവതിയെ എല്ലാവരും ചേര്‍ന്നു ആശുപത്രിയിലാക്കിയെങ്കിലും പുഴയോരത്ത് അവശനിലയില്‍ കിടന്ന ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ ആരും ശ്രദ്ധിച്ചില്ല.
പിന്നീടാണ് യുവാവിനെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവിടെനിന്നാണ് ഇരുവരെയും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
ചെറുവണ്ണൂരിലെ പാദരക്ഷാ അപ്പര്‍ സ്റ്റിച്ചിങ് യൂനിറ്റിലെ തൊഴിലാളികാണ് രക്ഷാപ്രവര്‍ത്തനം നടത്തിയ സഹോദരങ്ങള്‍. പനിയും ചര്‍ദ്ദിയും പിടിപെട്ട വിജയകുമാറിന് കൂട്ടിരുന്നതാണ് ജോലിക്ക് പോകാതെ ജേഷ്ഠന് അജയകുമാര്‍. അസുഖ അവശതയും ചാലിയാറിന്റെ ആഴവും ഒന്നും നോക്കാതെയാണ് പുഴയിലേക്ക് എടുത്തുചാടി യുവതിയെ രക്ഷിച്ചത്. വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു മരണത്തെ മുഖാമുഖംകണ്ട യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ എല്ലാവരും കാഴ്ചക്കാരായി നിന്നതില്‍ ഏറെ സങ്കടമുണ്ടെന്ന് അജയകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."