എന്തു പറ്റി ഈ സര്‍വകലാശാലയ്ക്ക്?
മലപ്പുറം: പ്രവേശന നടപടികള്‍ ലളിതം, പണവും സമയവും ലാഭിക്കാം, അപേക്ഷിക്കുന്നവര്‍ക്കെല്ലാം യോഗ്യതാമാര്‍ക്കിന്റെ അടിസ്ഥനത്തില്‍ പ്രവേശനം...മോഹനമായ പ്രഖ്യാപനങ്ങളോടെ തുടങ്ങിയ ഏകജാലക പ്രവേശന രീതി പക്ഷേ കാലിക്കറ്റ് സര്‍വകലാശാലയില്‍ നാലു വര്‍ഷം പിന്നിട്ടിട്ടും ട്രാക്കില്‍ കയറിയിട്ടില്ല.
2013 ല്‍ സര്‍വകലാശാല ആരംഭിച്ച ഏകജാലക ബിരുദ പ്രവേശനത്തിലെ അപാകത ചൂണ്ടിക്കാട്ടി തുടക്കം മുതലേ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തു വന്നിട്ടുണ്ട്. പ്രശ്‌നം പഠിക്കുമെന്നും പരിഹരിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ പറയുന്നുണ്ടെങ്കിലും പരിഹാരം കണ്ടെത്താന്‍ ഇതു വരെ സര്‍വകലാശാലക്കായിട്ടില്ല.
ഇത്തവണയും സര്‍വകലാശാല ഏകജാലക രീതിയില്‍ നടത്തിയ ബിരുദ, ബിരുദാനന്തര പ്രവേശന നടപടിക്രമങ്ങളിലെ അപാകത ചൂണ്ടിക്കാട്ടി നൂറുകണക്കിന് വിദ്യാര്‍ഥികളാണ് സര്‍വകലാശാലയെ സമീപിച്ചത്.
നടപടിക്രമങ്ങളിലെ ബലിയാടുകളായി ഇഷ്ട കോഴ്‌സ് നഷ്ടമായവര്‍ നിരവധിയാണ്. സാങ്കേതിക പിഴവും അറിയിപ്പുകളിലെ അവ്യക്തതയും ചൂണ്ടിക്കാട്ടി നേരിട്ടു പരാതി നല്‍കിയവര്‍ക്ക് അടുത്ത അലോട്ടുമെന്റുകളില്‍ മുഖ്യ പരിഗണന നല്‍കിയാണ് സര്‍വകലാശാല പ്രശ്‌ന പരിഹാരം കണ്ടെത്തിയത്.
135 ദിവസം നീണ്ട പ്രവേശനം, എന്നിട്ടും മെറിറ്റ് സീറ്റ് ഒഴിഞ്ഞു തന്നെ
കാലിക്കറ്റ് സര്‍വകലാശാല ഏകജാലക സംവിധാനം നടപ്പാക്കുന്നതിനു മുമ്പ് കോളജുകള്‍ നേരിട്ടായിരുന്നു പ്രവേശനം നടത്തിയിരുന്നത്.
സര്‍വകലാശായുടെ അറിയിപ്പു പ്രകാരം കോളജുകള്‍ ഫോറം വിതരണം നടത്തും. എത്ര കോളജുകളിലാണോ വിദ്യാര്‍ഥികള്‍ പ്രവേശനം ആഗ്രഹിക്കുന്നത് അത്രെയും കോളജുകളില്‍ നേരിട്ടെത്തി ഫോറം പൂരിപ്പിച്ചു നല്‍കണമായിരുന്നു. ലഭ്യമായ അപേക്ഷ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തി കാറ്റഗറി, കോഴ്‌സ് എന്നിവയുടെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാണ് പ്രവേശനം നടന്നിരുന്നത്. റാങ്ക് ലിസ്റ്റ് പ്രകാരം വിദ്യാര്‍ഥികള്‍ക്ക് കത്തയച്ച് ബാക്കിവരുന്ന സീറ്റുകളിലേക്ക് ഒന്നോ രണ്ടോ സ്‌പോട്ട് അഡ്മിഷനും നടത്തുകയാണ് പഴയ രീതി. രണ്ടാഴ്ചക്കകം അപേക്ഷ ഒഴികെയുള്ള മുഴുവന്‍ പ്രവേശന നടപടികളും അവസാനിപ്പിച്ച് ക്ലാസ് ആരംഭിക്കാനാവും.
വെറും ആഴ്ചകള്‍ കൊണ്ട് പൂര്‍ത്തിയാകുന്ന പ്രവേശന നടപടികളാണ് ഏകജാലക സംവിധാനം വന്നതോടെ മാസങ്ങളോളം നീണ്ടു നില്‍ക്കുന്നത്. സര്‍വകലാശാലക്ക് കീഴിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ഡിഗ്രി ഏകജാലക പ്രവേശത്തിനുള്ള രജിസ്‌ട്രേഷന്‍ മെയ് 18 നാണ് ആരംഭിച്ചത്.
വെബ്‌സൈറ്റ് തകരാറും സി.ബി.എസ്.ഇ പ്ലസ്ടു വിദ്യാര്‍ഥികളെ ഉള്‍്‌പ്പെടുത്താനുമായി അപേക്ഷാ തിയതി ജൂണ്‍ 12 വരെ ദീര്‍ഘിപ്പിച്ചു. ചുരുക്കത്തില്‍ മെയ് മാസത്തില്‍ ആംരംഭിച്ച ബിരുദ പ്രവേശന നടപടികള്‍ ഈ മാസം 30 നു മാത്രമാണ് സര്‍വകലാശാലക്ക് അവസാനിപ്പിക്കാനായത്. 135 ദിവസം നീണ്ട പ്രവേശന നടപടികള്‍ അവസാനിച്ചെങ്കിലും സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഗവണ്‍മെന്റ് കോളജുകളില്‍ ഉള്‍പ്പെടെ മെറിറ്റു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."