ചിത്രഗ്രാമമാകാന്‍ കതിരൂര്‍
പഞ്ചായത്തിലെ അങ്കണവാടികള്‍, ആരാധനാലയങ്ങള്‍, ഗ്രന്ഥാലയങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവ ചിത്രരചനയുടെ ഭാഗമാകും
തലശ്ശേരി: സംസ്ഥാനത്തെ ആദ്യ ചിത്രഗ്രാമമായി കതിരൂര്‍ പഞ്ചായത്ത് മാറുന്നു. ഇതിന്റെ ഭാഗമായി ഗ്രാമത്തില്‍ ചിത്രകാരന്‍മാര്‍ കൈയൊപ്പ് ചാര്‍ത്തും. കോട്ടയം മുതല്‍ നീലേശ്വേരം വരെയുള്ള കലാകാരന്‍മാര്‍ കതിരൂറില്‍ ഒത്തുചേരും. പഞ്ചായത്തിലെ അങ്കണവാടികള്‍, ആരാധനാലയങ്ങള്‍, ഗ്രന്ഥാലയങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവ ചിത്രരചനയുടെ ഭാഗമാകും. ഇതിനായി പഞ്ചായത്തിലെ 100ലേറെ ചുമരുകള്‍ ഒരുങ്ങിക്കഴിഞ്ഞു. നവോത്ഥാന കാലഘട്ടത്തെക്കുറിക്കുന്ന ചിത്രങ്ങളും സ്വാതന്ത്ര സമര ചരിത്രത്തിലെ ഏടുകളും ഭാഷകളുടെ ചരിത്രവും കുട്ടികളുടെ കുസൃതികളും ചുവരുകളില്‍ സ്ഥാനം പിടിക്കും. മുസ്‌ലിം പള്ളികളിലെയും ക്ഷേത്രങ്ങളിലെയും ചുവരുകള്‍ ചിത്ര വര്‍ണത്താല്‍ അലങ്കൃതമാവും. ഇത്തരമൊരു ചിത്രകാര ക്യാംപും ചിത്രകലാ കൂട്ടായ്മയും തദ്ദേശ സ്വയംഭരണ സ്ഥാപനം സംഘടിപ്പിക്കുന്നത് സംസ്ഥാനത്തു തന്നെ ആദ്യമായാണ്. ജനകീയ പങ്കാളിത്തത്തോടെയാണ് കലാ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഒരു ഗ്രാമപഞ്ചായത്തില്‍ ആദ്യമായി ആര്‍ട്ട് ഗാലറി ആരംഭിച്ച് പുതിയ ചരിത്രം കുറിച്ച കതിരൂര്‍ പഞ്ചായത്തില്‍ സ്ത്രീകളുടെ ചിത്ര രചനയും നടത്തി വേറിട്ട് നിന്നിരുന്നു. ഇതിനു പിന്നാലെയാണ് ബൃഹത് പദ്ധതിക്ക് പഞ്ചായത്ത് സാക്ഷ്യം വഹിക്കുന്നത്. കതിരൂര്‍ ചിത്രഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 11ന് പി.കെ ശ്രീമതി എം.പി നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ചിത്രകാരന്‍ കെ.എം ശിവരാമകൃഷ്ണന്‍, കതിരൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി സുജിത്ത് കുമാര്‍, കെ.വി പവിത്രന്‍, ശ്രീജിത്ത് ചോയോന്‍, പി.പി സനല്‍ പങ്കെടുത്തു.
------------------------------------------------
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."