പുനരുജ്ജീവനം കാത്തു തോളേനി ഇഷ്ടിക കമ്പനി
കരിന്തളം: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഭാഗമായി തുടങ്ങിയ ഓട് - ഇഷ്ടിക നിര്‍മാണ കമ്പനി കാടുമൂടി കിടക്കുന്നു. കരിന്തളം തോളേനിയില്‍ 1980 ല്‍ എം.സി അസിനാര്‍ പ്രസിഡന്റായി തുടങ്ങിയതാണ് ഈ കമ്പനി. എന്നാല്‍, കെട്ടിടം പണി പൂര്‍ത്തീകരിച്ചു യന്ത്രങ്ങള്‍ സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തനം തുടങ്ങിയില്ല. കെട്ടിട നിര്‍മാണ സമയത്തു തന്നെ അതില്‍ അഴിമതിയുണ്ടെന്ന ആരോപണവുമുയര്‍ന്നിരുന്നു.
നിലവാരമില്ലാത്ത മരങ്ങളാണു കെട്ടിട നിര്‍മാണത്തിനുപയോഗിച്ചതെന്നായിരുന്നു ആരോപണം. തുടര്‍ന്നു പ്രവര്‍ത്തന മൂലധനമില്ലാതായതോടെ വായ്പാ കുടിശ്ശിക തിരിച്ചടക്കാന്‍ കഴിയാതെയുമായി. അതോടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. ഇതേ തുടര്‍ന്നു ഭരണസമിതിയെ ഒഴിവാക്കി കമ്പനി സര്‍ക്കാര്‍ ഏറ്റെടുത്തു. 1987 ല്‍ കെ.പി നാരായണന്‍ ചെയര്‍മാനായ ഭരണസമിതിയെ വീണ്ടും ഇതിന്റെ ചുമതല ഏല്‍പ്പിച്ചു. തുടര്‍ന്നു നടന്ന പരിശോധനയില്‍ ലോണ്‍, ഗ്രാന്റ് ഇനത്തില്‍ 6,25,000 രൂപ ഖാദി ബോര്‍ഡില്‍ നിന്നു മുന്‍ ഭരണസമിതിക്കു ലഭിച്ചതായും കണ്ടെത്തി. കമ്പനി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പുതിയ ഭരണസമിതി നിരവധി ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും വായ്പാ കുടിശികയുള്ള കമ്പനിക്കു മുതല്‍മുടക്കാന്‍ ആരും തയാറായില്ല. പിന്നീടു നടന്ന ഓഡിറ്റില്‍ 16,50,000 രൂപ തിരിച്ചടക്കാനുള്ളതായി കണ്ടെത്തി. തുടര്‍ന്നു ചെയര്‍മാന്റെ പേരില്‍ റവന്യൂ റിക്കവറിക്കുള്ള നോട്ടിസും ലഭിച്ചു. കമ്പനിയുടെ ഭാഗമായുള്ള രണ്ടേക്കര്‍ സ്ഥലം ജപ്തി ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ വായ്പയെടുത്തത് ഈ ഭരണസമിതിയുടെ കാലത്തല്ലെന്നും സ്ഥലം ജപ്തി ചെയ്യാന്‍ അനുവദിക്കില്ലെന്നും കാണിച്ചു ചെയര്‍മാന്‍ കെ.പി നാരായണന്‍ വക്കീല്‍ നോട്ടിസയച്ചു.
പിന്നീടു നടന്ന ചര്‍ച്ചയില്‍ ഒരു ഭാഗം സ്ഥലം വിറ്റു ഖാദി ബോര്‍ഡിനു നല്‍കാനുള്ള തുക തിരിച്ചടക്കാന്‍ തീരുമാനമായി. ഇതിനു പൊതുയോഗത്തിന്റെ അംഗീകാരവും ലഭിച്ചു. തുടര്‍ന്നു ഖാദി ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം സ്ഥലത്തിന്റെ ആധാരവും നികുതിയടച്ച രസീതുമടക്കമുള്ള രേഖകളും ഹാജരാക്കി. എന്നാല്‍ തുടര്‍നടപടികള്‍ എങ്ങുമെത്തിയില്ല. നിലവിലെ ഭരണസമിതി നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും പ്രശ്‌നത്തിനു പരിഹാരം കാണാന്‍ അവര്‍ തയാറായില്ലെന്ന ആരോപണമുണ്ട്. ഖാദിബോര്‍ഡിന്റെ വൈസ് ചെയര്‍മാനായി ജില്ലക്കാരനായ എം.വി ബാലകൃഷ്ണന്‍ ചുമതലയേറ്റതോടെ ഇതു പുനരുജ്ജീവിപ്പിക്കുമെന്ന പ്രതീക്ഷയിലാണു ഭരണസമിതിയും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."