പത്ര ഓഫിസില്‍ ടാക്സി ഡ്രൈവര്‍മാരുടെ വധഭീഷണി
തളിപ്പറമ്പ്: രാഷ്ട്രദീപിക തളിപ്പറമ്പ് ബ്യൂറോയില്‍ അതിക്രമിച്ചു കയറി ഒരു സംഘം ടാക്സി ഡ്രൈവര്‍മാര്‍ ലേഖകനു നേരെ വധഭീഷണിമുഴക്കി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് പ്രസ്ഫോറം പൊലിസില്‍ പരാതി നല്കി.
വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് 12 ഓളം ടാക്സി ഡ്രൈവര്‍മാര്‍ തളിപ്പറമ്പ് ഹൈവേയിലുള്ള രാഷ്ട്രദീപിക ഓഫിസിലെത്തി ഗുണ്ടാവിളയാട്ടം നടത്തിയത്. 'റോഡരികില്‍ പാര്‍ക്ക് ചെയ്താല്‍ കാറ്റ് പോകും' എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ഡ്രൈവര്‍മാരെ പ്രകോപിപ്പിച്ചത്. ഓഫിസിനകത്തെ സാധനങ്ങള്‍ വലിച്ചിടുകയും ലേഖകന്‍ കെ.പി രാജീവനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തടയാന്‍ ചെന്ന മാര്‍ക്കറ്റിങ് എക്സിക്യുട്ടിവ് രജിത്ത്കുമാറിനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യ വര്‍ഷവും ചൊരിഞ്ഞു. സംഭവത്തില്‍ തളിപ്പറമ്പ് പ്രസ്ഫോറം വൈസ് പ്രസിഡന്റ് എം.വി രാജേഷ് അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രതിഷേധിച്ചു. തുടര്‍ന്ന് തളിപ്പറമ്പ് പൊലിസില്‍ പരാതി നല്കി. സംഭവത്തെത്തുടര്‍ന്ന് തളിപ്പറമ്പ് ഡി.വൈ.എസ്.പി. സി അരവിന്ദാക്ഷന് മാധ്യമപ്രവത്തകരില് നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."