തലപൊക്കുന്നു കൊലക്കത്തി രാഷ്ട്രീയം
കണ്ണൂര്‍: ചെറിയൊരു ഇടവേളയ്ക്കുശേഷം ഉയര്‍ന്ന കൊലക്കത്തി രാഷ്ട്രീയം ജില്ലയെ വീണ്ടും അശാന്തമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു വിവിധ പരിപാടികള്‍ക്കായി ജില്ല സന്ദര്‍ശിക്കാനിരിക്കെയാണ് അക്രമം. കൂത്തുപറമ്പിനടുത്തെ കൈതേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആറങ്ങാട്ടേരി ഗോവര്‍ദ്ധനം വീട്ടില്‍ പി വിവേകി (25)നെ വെട്ടിപരുക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ ഇന്നുരാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ കൂത്തുപറമ്പ് നഗരസഭാപരിധിയിലും മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഹര്‍ത്താലില്‍ നിന്നു വാഹനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഒഴിവാക്കി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു ബൈക്കില്‍ വീട്ടിലേക്കു പോവുകയായിരുന്ന വിവേകിനെ വീടിനു സമീപം റോഡില്‍ ഒരു സംഘം തടഞ്ഞു നിര്‍ത്തി വെട്ടിപരുക്കേല്‍പ്പിച്ചത്. വയറിനും കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ വിവേകിനെ ആദ്യം തലശ്ശേരി സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൂടുതല്‍ അക്രമമൊഴിവാക്കാന്‍ തലശ്ശേരി ഡിവൈ.എസ്പി പ്രിന്‍സ് അബ്രഹാം, കൂത്തുപറമ്പ് സി.ഐ കെ.പി സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ കാലയളവില്‍ ജില്ലയില്‍ അക്രമരാഷ്ട്രീയം പടരുമ്പോഴും കൂത്തുപറമ്പില്‍ കാര്യമായ അക്രമ സംഭവങ്ങളുണ്ടായിരുന്നില്ല. കൂത്തുപറമ്പിനടുത്തെ കൈതേരിയില്‍ വീണ്ടും അക്രമം നടന്നത് മേഖലയിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."