HOME
DETAILS
MAL
ബട്ടനമര്‍ത്താന്‍ ഇനി ആറ് ദിനം: പ്രവാസി വോട്ടുകള്‍ വിമാനം കയറി തുടങ്ങി
backup
May 09 2016 | 16:05 PM
സാദിഖ് വാണിമേല്‍
ദോഹ: വോട്ട് ബട്ടനമര്‍ത്താന്‍ ആറ് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രവാസി വോട്ടുകള്‍ വിമാനം കയറി തുടങ്ങി. മലബാര്‍ മേഖലയില്‍ ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലങ്ങളിലേക്കാണ് പ്രവാസി വോട്ടുകള്‍ 'കയറ്റുമതി' ചെയ്യുന്നത്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, വടകര, കൊടുവള്ളി തുടങ്ങിയ മണ്ഡലങ്ങളിലേക്കും മലബാറിലെ മറ്റ് ജില്ലകളില്‍ മുറുകിയമല്‍സരം നടക്കുന്ന മണ്ഡലങ്ങളിലേക്കുമാണ് പ്രവാസി വോട്ടര്‍മാര്‍ എത്തുന്നത്. ജി.സി.സി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകളാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നല്‍കുന്നത്. വിമാനകമ്പനികളുമായി ബന്ധപ്പെട്ട് ടിക്കറ്റുകള്‍ ഒന്നിച്ച് ബുക്ക് ചെയ്ത് വിലക്കുറവില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടന നേതൃത്വം നടത്തുന്നത്. ഖത്തറില്‍ നിന്നും വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് പോകുന്നവര്‍ക്ക് 500 റിയാലിന് വണ്‍വെ ടിക്കറ്റും 1000 റിയാലിന് റിട്ടേണ്‍ ടിക്കറ്റുമാണ് ഓഫര്‍ ചെയ്യുന്നത്. വേനലവധിക്ക് സന്ദര്‍ശനാര്‍ത്ഥം ഗള്‍ഫ് രാജ്യങ്ങളിലേക്കെത്തിയവരെയും വോട്ട് ദിനത്തിലേക്ക് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മറ്റ് ആവശ്യങ്ങള്‍ക്കായി ഗള്‍ഫിലെത്തിയ രാഷ്ട്രീയ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ദൗത്യം പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
പരമാവധി വോട്ടര്‍മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീര്‍ പറഞ്ഞു. കുറഞ്ഞ വിലയില്‍ ടിക്കറ്റുകള്‍ ലഭ്യാക്കാന്‍ ചില എയര്‍ലൈന്‍ കമ്പനികളുമായി സംസാരിച്ചതായും അതില്‍ അവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് നാട്ടില്‍ പോകുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രാ സൗകര്യം ഒരുക്കുക മാത്രമാണ് ചെയ്യുന്നതെന്നും സൗജന്യ ടിക്കറ്റ് വിതരണമൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എം.സി.സി നേതാവ് കൂടിയായ പാറക്കല്‍ അബ്ദുല്ല മല്‍സരിക്കുന്ന മണ്ഡലത്തിലുള്ള വോട്ടര്‍മാരാണ് നാട്ടിലെത്തി വോട്ട് ചെയ്യാന്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. പാറക്കലിന്റെ വിജയം പ്രവാസികളുടെ വിജയം കൂടിയായും പ്രവാസി പ്രശ്‌നങ്ങള്‍ നിയമസഭയിലെത്തിക്കാന്‍ പാറക്കലിന് സാധിക്കുമെന്ന വിശ്വാസവുമാണ് പലരെയും നാട്ടിലെത്തി വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. വോട്ടര്‍മാര്‍ക്ക് കുറഞ്ഞ ചിലവില്‍ നാട്ടിലെത്താന്‍ പ്രവാസി സംഘടനായ ഇന്‍കാസിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നതായി ഇന്‍കാസ് പ്രസിഡന്റ് കെ.കെ ഉസ്മാനും വ്യക്തമാക്കി. ഏതാണ്ട് എല്ലാ ജി.സി.സി രാജ്യങ്ങളിലും യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഇത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഖത്തര്‍, സഊദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലാണ് ഇത് മുഖ്യമായും നടക്കുന്നത്.
ഇടതുപക്ഷ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും പ്രവാസി വോട്ടുകള്‍ നാട്ടിലെത്തിക്കാന്‍ വലിയ ശ്രമങ്ങളൊന്നും നടക്കുന്നില്ലെങ്കിലും മലപ്പുറം ജില്ലയിലെ 'ചില അട്ടിമറി' മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം ശ്രമങ്ങള്‍ അവരും നടത്തുന്നുണ്ട്. സഊദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നും മലപ്പുറം ജില്ലയിലെ ചില മണ്ഡലങ്ങളിലേക്ക് ഇടതുപക്ഷ വോട്ടര്‍മാരെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായാണ് വിവരം. ഈ വാരന്ത്യത്തോടെ നിരവധി പേര്‍ വോട്ടിനായി നാട്ടിലേക്ക് തിരിക്കും. പലരും ഒരു ആഴ്ച്ച അവധിക്കാണ് നാട്ടിലേക്ക് പോകുന്നത്. ആവേശം മൂത്ത പലരും സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ പെട്ടിക്കുമേല്‍ പതിച്ചാണ് വിമാനം കയറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."