വീണ്ടും വീണ്ടും വെല്‍കം ടു ഊട്ടി
കാത്തിരിപ്പിനൊടുവിലൊരു ഒരു അവധി.. എന്തു ചെയ്യണം എവിടെ പോകണം എന്നു മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഞങ്ങളിറങ്ങി. കുറേ പോയതാണെങ്കിലും ഊട്ടി വീണ്ടും വീണ്ടും വിളിക്കുന്നപോലെ.
തേയിലയുടെയും തണുപ്പിന്റെയും നാട്. കാലങ്ങളായി ദക്ഷിണേന്ത്യയിലെ ഇഷ്ട ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍. പൂന്തോട്ടങ്ങളുടെയും ഹില്‍സ്‌റ്റേഷന്റെയും നയനസുന്ദര കാഴ്ചകള്‍. പച്ചപ്പരവതാനി നിവര്‍ത്തിയ പോലെ മലനിരകള്‍. ഊട്ടിക്കു വിശേഷണങ്ങളേറെ...
രാവിലെ ആറു മണിക്ക് കണ്ണൂരിലെ നടുവിലില്‍ നിന്നു ഊട്ടിക്കു പുറപ്പെടുമ്പോള്‍ കീഴടക്കാനുണ്ടായിരുന്നത് 222 കിലോമീറ്റര്‍. പതിവു പോലെ ബൈക്കുമായി ചങ്ങാതിയെത്തി. മഴ മാറി മാനം തെളിഞ്ഞ സെപ്റ്റംബറിലെ പ്രഭാതത്തില്‍ ഞങ്ങള്‍ യാത്ര തുടങ്ങി.
തിരക്കൊഴിഞ്ഞ നിരത്തുകള്‍
ബലിപെരുന്നാള്‍ ദിനമായതിനാലും അവധിയായതിനാലും നിരത്തുകളില്‍ വാഹനങ്ങള്‍ കുറവായിരുന്നു. 70-75 കിലോമീറ്റര്‍ സ്പീഡില്‍ സംസ്ഥാന പാതയിലൂടെ ബൈക്ക് ഓടിക്കാന്‍ പ്രയാസം തോന്നിയതേയില്ല. പോരാത്തതിന് പരിചയമുള്ള നടുവില്‍ മാനന്തവാടി റൂട്ടും. 92 കിലോമീറ്ററാണ് ഇരിട്ടി ബോയ്‌സ്ടൗണ്‍ വഴി മാനന്തവാടിക്ക്. ഇതു കടക്കാന്‍ ആകെയെടുത്തത് വെറും രണ്ടു മണിക്കൂര്‍.
വളവും തിരിവുമുള്ള സംസ്ഥാനപാതയിലൂടെ കാഴ്ചകളും കണ്ട് പ്രഭാതത്തിന്റെ തണുപ്പും തട്ടി പാല്‍ ചുരം കയറുന്നത് ഒരു രസം തന്നെയായിരുന്നു. വാഹനങ്ങള്‍ എതിരേ വരുന്നതു കുറവായിരുന്നതിനാല്‍ അധികം ബുദ്ധിമുട്ടാതെ ചുരം കയറി. സാധാരണ ദിവസങ്ങളില്‍ ഗതാഗതക്കുരുക്കുള്ള സ്ഥലമാണെന്നോര്‍ക്കണം.
ചുരം കയറുന്നതിനിടയില്‍ റോഡിനരികിലായി പാറക്കല്ലുകള്‍ കിടക്കുന്നത് കണ്ടു. രണ്ടു ദിവസം മുന്‍പ് മുകളില്‍ നിന്ന് അടര്‍ന്നു വീണതായിരുന്നു അവ. മഴക്കാലമായാല്‍ ഇവിടെയിതു പതിവാണ്. ഭാഗ്യം കൊണ്ടു മാത്രമാണ് വാഹനങ്ങള്‍ രക്ഷപ്പെടുന്നത്.
പ്രഭാതസൂര്യന്റെ കിരണങ്ങളേറ്റു തളിര്‍ത്തു നില്‍ക്കുന്ന മാനന്തവാടിയിലെ തേയിലത്തോട്ടങ്ങള്‍ ആരുടെയും മനസിനു കുളിരേകുന്ന കാഴ്ചയായിരുന്നു. അനുവാദം ചോദിക്കാനൊന്നും നിന്നില്ല. റോഡിനരികിലായി കണ്ട ഒരു പ്ലാന്റേഷനില്‍ കയറി പെട്ടെന്നു നാലു ഫോട്ടോ കാമറയിലൊപ്പി തിരിച്ചിറങ്ങി. പ്രാതലിന്റെ സമയമായതിനാല്‍ മാനന്തവാടി ടൗണിന്റെ തിരക്കില്‍ നിന്നുമാറി ചെറിയൊരു ചായക്കടയില്‍ കയറി ഭക്ഷണം കഴിച്ചു. നല്ല പത്തിരിയും കടലക്കറിയും കട്ടന്‍ ചായയും തട്ടി വീണ്ടും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ എന്തെന്നില്ലാത്ത ഉത്സാഹം.
അതിര്‍ത്തിയിലേക്ക്
സുല്‍ത്താന്‍ ബത്തേരിയായിരുന്നു അടുത്ത ലക്ഷ്യം. 40 കിലോമീറ്റര്‍. ആകര്‍ഷകമായ കാഴ്ചകളെന്തെങ്കിലുമില്ലാതെ ബൈക്ക് നിര്‍ത്തുന്ന പ്രശ്‌നമില്ലെന്നു ചങ്ങാതിയോടു പറഞ്ഞു യാത്രതുടര്‍ന്നു. അതുവരെ കണ്ട റോഡിന്റെ ഭംഗിയൊക്കെ മെല്ലെ മായാന്‍ തുടങ്ങി.
ഇടയ്ക്കിടക്കായുള്ള കുഴികള്‍ പണി തരാന്‍ തുടങ്ങി. എങ്കിലും വെട്ടിച്ചു വെട്ടിച്ച് വണ്ടിയോടിച്ചപ്പോള്‍ ശ്രദ്ധ ഡ്രൈവിങ്ങില്‍ മാത്രമായി ചുരുങ്ങി. പ്രഭാതത്തിന്റെ ചൂടേറ്റ് ബത്തേരിയും താണ്ടി 17 കിലോമീറ്ററായതോടെ പട്ടാവയല്‍ എന്ന സ്ഥലത്തെത്തി.
കേരളതമിഴ്‌നാട് അതിര്‍ത്തി. സ്ഥലം തമിഴ്‌നാടായിരുന്നെങ്കിലും കടയുടെ പേരുകളും ചുവരെഴുത്തുകളുമൊക്കെ മലയാളത്തിലുമുണ്ടായിരുന്നു. റോഡിലിറങ്ങി കൂട്ടമായി നില്‍ക്കുന്ന ആള്‍ക്കാര്‍, മുട്ടി മുട്ടി കടകള്‍, കടകളോടു ചേര്‍ന്നു നില്‍ക്കുന്ന വീടുകള്‍, റോഡില്‍ അനുസരണയില്ലാതെ നില്‍ക്കുന്ന കന്നുകാലികള്‍.. എങ്ങും തിരക്ക്. ശരിക്കും തമിഴ്‌നാട് തന്നെ, മനസിലോര്‍ത്തു.
തമിഴരുടെ നാട്ടില്‍
സമയം ഏകദേശം പത്തു മണിയായിക്കാണും. ബലിപെരുന്നാളായതിനാല്‍ വഴിയുടനീളം പള്ളികളില്‍ നിന്നു മടങ്ങുന്ന വിശ്വാസികളായിരുന്നു. പുതുവസ്ത്രമണിഞ്ഞ് പരസ്പരം സൗഹൃദം പുതുക്കുന്നവരുടെ ഇടയിലൂടെ കെ.എല്‍ രജിസ്‌ട്രേഷന്‍ വാഹനം കണ്ടപ്പോള്‍ പലരുടെയും മുഖത്തു പുഞ്ചിരി. തിരിച്ചു ചിരിക്കാന്‍ മറന്നില്ല.
അതങ്ങനെയാണ് മലയാളികള്‍ക്ക് ഇന്ത്യയിലെവിടെ ചെന്നാലും മറ്റുള്ളവര്‍ക്ക് ഒരു സന്തോഷമായിരിക്കും. അതുപോലെ വിദേശത്തെത്തുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്കും. വഴി ഗൂഡല്ലൂരായിരുന്നു. പട്ടാവയലില്‍ നിന്നു ബിതേര്‍കാട്‌നെല്ലകോട്ടദേവര്‍ഷോല വഴി ഗൂഡല്ലൂരിലേക്ക്. നീലഗിരി ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് ഗൂഡല്ലൂര്‍. സമുദ്ര നിരപ്പില്‍ നിന്നു 3500 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന ഹില്‍ സ്റ്റേഷന്‍. കാഴ്ചകളൊരുപാടുണ്ട് ഇവിടെ. സൂചിമല അതിലൊന്നാണ്.
ഗൂഡല്ലൂര്‍ ഊട്ടി ദേശീയപാതയിലായി സ്ഥിതിചെയ്യുന്ന വ്യൂ പോയിന്റ്. കോടയിറങ്ങുന്ന മലനിരകളുടെ സൗന്ദര്യം ഇവിടെ നിന്നാല്‍ വ്യക്തമായി കാണാം.
മുതുമല ദേശീയ പാര്‍ക്ക് ആണ് ഗൂഡല്ലൂരിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ഗൂഡല്ലൂരില്‍ നിന്നു ഊട്ടി റൂട്ടില്‍ ഇടതുമാറി ആറു കിലോമീറ്റര്‍ ദൂരം. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെ മാസങ്ങളാണ് ഈ ടൈഗര്‍ റിസര്‍വ് പാര്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. പാര്‍ക്കിനുള്ളില്‍ നിന്നു വാഹനസൗകര്യം ലഭിക്കും.
സഞ്ചാരികളുടെ പറുദീസ
ഗൂഡല്ലൂരില്‍ നിന്നു മലനിരകളുടെ രാജ്ഞിയായ ഊട്ടിയിലേക്കുള്ള യാത്ര അതുവരെയുള്ള അസ്വസ്ഥതകളൊക്കെ അകറ്റുന്നതായിരുന്നു. ഊട്ടിയിലെ യഥാര്‍ഥ തണുപ്പ് ഇല്ലായിരുന്നെങ്കിലും അതുവരെയുള്ള കാലാവസ്ഥയെ മാറ്റിമറിക്കുന്നതായിരുന്നു തുടര്‍ന്നുള്ള യാത്ര.
49 കിലോമീറ്റര്‍ ദൂരം കയറ്റവും ഹെയര്‍പിന്‍ വളവുകളും നിറഞ്ഞ് ശരിക്കും ത്രില്ലടിപ്പിക്കുന്നതായിരുന്നു. ഗൂഡല്ലൂര്‍ വിട്ടു കഴിഞ്ഞാല്‍ ഊട്ടി കാഴ്ചകള്‍ തുടങ്ങുകയായി. തലയുയര്‍ത്തി നില്‍ക്കുന്ന യൂകാലിപ്റ്റസ് കാടുകളും ഹരിതാഭമായ മലനിരകളും കീറി വീതിയേറിയ റോഡുകള്‍.
അങ്ങിങ്ങായി തേയിലക്കാടുകള്‍ പടര്‍ന്നു കിടക്കുന്നു. ഊട്ടിയിലെ ശരാശരി ചൂട് 17 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട് 25 ഡിഗ്രി സെല്‍ഷ്യസും.
കാഴ്ചകളുടെ പെരുമഴയായിരുന്നു വഴിനീളെ. വഴിയോരകച്ചവടക്കാര്‍ റോഡിനിരുവശങ്ങളിലുമായി നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു സഞ്ചാരികളെയും കാത്ത്. അവരുടെയടുത്താമെങ്കില്‍ ചോളം, കാരറ്റ്, മറ്റു പഴ വര്‍ഗങ്ങള്‍ എന്നിവയുണ്ടായിരുന്നു. ബൈക്ക് അരികു ചേര്‍ത്തു നിര്‍ത്തി ഒരു കടയില്‍ നിന്നു വേവിച്ച ചോളം വാങ്ങി.
ഉച്ചസമയമായതിനാല്‍ നല്ല വിശപ്പുണ്ടായിരുന്നു. ചോളം കഴിച്ചു കഴിഞ്ഞ് മതിവരാതെ ഒരുപിടി കാരറ്റും വാങ്ങിയാണ് മടങ്ങിയത്. ഫ്രഷ് എന്നു പറഞ്ഞാല്‍ പോരാ, അതിനും മേലെ വരും ഇവിടത്തെ കാരറ്റുകള്‍. പറിച്ചെടുത്ത് നേരെ കച്ചവടത്തിനെത്തിക്കും.
ഡ്രൈവിങിന്റെ രസം അടുത്തറിഞ്ഞ യാത്രയായിരുന്നു പിന്നീടങ്ങോട്ട്. ഹെയര്‍പിന്‍ വളവുകള്‍ ഒടിച്ചെടുക്കാന്‍ തുടക്കത്തില്‍ അല്‍പം ബുദ്ധിമുട്ടിയെങ്കിലും പിന്നീടങ്ങോട്ട് അതൊരാവേശമായി മാറി. കാടുകള്‍ക്കിടയിലൂടെ കയറിക്കയറി അവസാനം സമതലത്തിലെത്തി. കടും ചായം പൂശിയ വീടുകളും കൃഷിയിടങ്ങളും തട്ടുതട്ടായി ദൃശ്യമാകാന്‍ തുടങ്ങി. റോഡരികിലായി ഒരു തേയിലത്തോട്ടം കണ്ടപ്പോള്‍ വണ്ടി നിര്‍ത്താതെ പോകാന്‍ തോന്നിയില്ല. അത്രയ്ക്കുണ്ടായിരുന്നു ആകര്‍ഷണീയത.
അവിടെയിറങ്ങി കുറച്ചു ചിത്രങ്ങളുമെടുത്ത് നേരെ വച്ചുപിടിച്ചത് ഊട്ടിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്കായിരുന്നു.
അവിടെയെത്തിയപ്പോഴേക്കും സമയം ഏകദേശം രണ്ടു മണി.
ഗാര്‍ഡനില്‍ ഒരാള്‍ക്കുള്ള പ്രവേശന ഫീസ് 30 രൂപയാണ്. 30 രൂപയ്ക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളതും വര്‍ഷങ്ങള്‍ പഴക്കമുള്ളതും അപൂര്‍വവുമായ സസ്യങ്ങളും ചെടികളും കാണാന്‍ കഴിയുക ചെറിയ കാര്യമല്ല. 1848ല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മിച്ചത്. ഏതു സമയവും സഞ്ചാരികളുടെ തിരക്കാണിവിടെ.
ഗാര്‍ഡന്റെ പരിസരം കച്ചവടക്കാരുടെ ഏരിയയാണ്. ചെറിയ വിലക്ക് തണുപ്പിനെ പ്രതിരോധിക്കുന്ന ചൂടു കുപ്പായങ്ങളും ജാക്കറ്റുകളും ഇവിടെ ലഭ്യമാണ്. പിന്നെ ഊട്ടി സ്‌പെഷല്‍ ഹോം മെയ്ഡ് ചോക്ലറ്റും. ഇരുട്ടു വീണാല്‍ മാത്രമേ ആള്‍ത്തിരക്കു
കുറയൂ.
ഗാര്‍ഡന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലാണ് ഊട്ടിയിലെ പ്രസിദ്ധമായ ടോയ് ട്രെയ്ന്‍, ദൊഡ്ഡാപേട്ട തേയില മ്യൂസിയം, റോസ് ഗാര്‍ഡന്‍, ഊട്ടി തടാകം എന്നിവ.
ഹെറിട്ടേജ് ട്രെയിന്‍, ഡീര്‍ പാര്‍ക്ക്, വാക്‌സ് മ്യൂസിയം, എമറാള്‍ഡ് തടാകം, അവലാഞ്ച് തടാകം, പൈകര വെള്ളച്ചാട്ടം ഇങ്ങനെ നീളുന്നു ഊട്ടിയിലെ മറ്റു കാഴ്ചകളുടെ ലിസ്റ്റ്.
ഗാര്‍ഡനിലെ കാഴ്ചകള്‍ക്കും അല്‍പം ഷോപ്പിങ്ങിനും ശേഷം നിര്‍വതിയുടെ പാരമ്യതയില്‍ ങ്ങള്‍ തിരിച്ചിറങ്ങി, ആ തണുപ്പിന്റെ നാട്ടില്‍ നിന്ന്. ഓരോ യാത്രയും ഓരോ പാഠമാണ്. ആ പാഠങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതായിരിക്കും. നാം കണ്ട ജീവിതങ്ങളും സാഹചര്യങ്ങളും നമ്മുടെ മുന്നില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ തെളിഞ്ഞു വരും. കാഴ്ചകളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."