നെയ്ക്കുമ്പളവും നാടുനീങ്ങുന്നു
കുമ്പളക്കൂട്ടത്തിലെ ഔഷധഗുണമുള്ളതും ചെറിയതുമായ നെയ്ക്കുമ്പള(വൈദ്യകുമ്പളം)വും നാടുനീങ്ങുന്നു. കൈപ്പിടിയിലൊതുങ്ങുന്നതും 200 മുതല്‍ 500 ഗ്രാം വരെ തൂക്കമുള്ളതും ഒരു ചെറിയ കുടുംബത്തിന് കറിവയ്ക്കാന്‍ പാകത്തിനുള്ളതുമായ നെയ്ക്കുമ്പളം ഒരുകാലത്ത് നാട്ടില്‍ സര്‍വസാധാരണയായിരുന്നു. എന്നാലിപ്പോള്‍ മരുന്നിനുപോലും ഇത് കിട്ടാനില്ലാത്ത അവസ്ഥ!
ഏറ്റവും കൂടുതല്‍ ഔഷധഗുണമുള്ളതിനാലാണ് നെയ്ക്കുമ്പളത്തെ വൈദ്യകുമ്പളം എന്ന് പറയുന്നത്. വാതപിത്ത രോഗങ്ങള്‍ ശമിപ്പിക്കുന്നു. ആമാശയരോഗത്തിനും ഉത്തമം. മുറിവുണ്ടായാല്‍ ഇതിന്റെ ഇല ചതച്ചുകെട്ടി രക്തമൊലിപ്പ് നിര്‍ത്താം. കൂശ്മാണ്ഡാസവം, കൂശ്മാണ്ഡഘൃതം, ദശ സ്വാരസഘൃതം, വാശാദികഷായം തുടങ്ങിയ ഔഷധങ്ങളില്‍ നെയ്ക്കുമ്പളം പ്രധാന ചേരുവയാണ്. രക്തസമ്മര്‍ദ്ദം, പ്രമേഹം, ദുര്‍മേദസ് എന്നിവയ്ക്കും മരുന്നാണ്. ശരീരം തണുപ്പിക്കുവാനും നന്ന്. ദിവസവും വെറും വയറ്റില്‍ നെയ്ക്കുമ്പളങ്ങയുടെ നീര് കഴിച്ചാല്‍ അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ കുറയും.
നാട്ടുരീതിയിലാണ് നെയ്ക്കുമ്പളം കൃഷി ചെയ്യുന്നത്. വീട്ടാവശ്യത്തിന് മരത്തിനുസമീപം നട്ട് അതിലേക്ക് വള്ളികയറ്റിയാല്‍ മതി. വിപുലമായി കൃഷി ചെയ്യുമ്പോള്‍ പന്തലിട്ടു നല്‍കണം. മഴക്കാലത്താണ് വിത്തിടാന്‍ യോജിച്ച സമയം. എന്നാല്‍ വേനല്‍ക്കാലത്ത് നനച്ചും കൃഷി ചെയ്യാം. വിത്തുകള്‍ക്ക് കട്ടികൂടുതലുള്ളതിനാല്‍ ആറുമണിക്കൂറോളം വെള്ളത്തിലോ അഞ്ചുശതമാനം ഗോമൂത്രത്തില്‍ അരമണിക്കൂറോ മുക്കിവെച്ചാണ് നടുക. അല്ലെങ്കില്‍ മുളയ്ക്കാന്‍ താമസമെടുക്കും. തടങ്ങള്‍ 60 സെ.മീ. വ്യാസത്തിലും 35 സെ.മീ. താഴ്ചയിലും 2 മീറ്റര്‍ അകലത്തിലും എടുക്കണം. ഇതില്‍ 10 കിലോ ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ഇലകള്‍, അല്പം വേപ്പിന്‍ പിണ്ണാക്ക് എന്നിവ കൂട്ടിചേര്‍ത്ത് മൂന്നോ നാലോ വിത്തുകള്‍ നടണം. നാലഞ്ച് ദിവസം ഇടവിട്ട് മിതമായി നനച്ചുകൊടുക്കണം. ഒരാഴ്ചകൊണ്ട് വിത്തുകള്‍ മുളയ്ക്കും.
രണ്ടുമാസം പ്രായമാകുന്നതോടെ ചെടി പൂവിടാന്‍ തുടങ്ങും. ഇതിന് ഒരാഴ്ചമുമ്പ് നനയുടെ അളവ് കുറയ്ക്കണം. പൂവിടുന്നതോടെ തടമൊന്നിന് 250ഗ്രാം കപ്പലണ്ടിപ്പിണ്ണാക്ക് (കടലപ്പിണ്ണാക്ക്) 500 ഗ്രാം ചാരം എന്നിവ ചേര്‍ത്തു കൊടുക്കണം. പഞ്ചഗവ്യലായനി തളിക്കുന്നത് കൂടുതല്‍ കായ്പിടുത്തത്തിന് ഉപകരിക്കും. ദീര്‍ഘവൃത്താകൃതിയിലുള്ള കായ്കള്‍ക്ക് പച്ചനിറമാണ്. ഒരു ചെടിയില്‍നിന്നും പത്തില്‍ കുറയാത്ത കായ്കള്‍ ലഭിക്കും. അധികം കീടരോഗബാധകള്‍ കാണാറില്ല.
കുരുടിപ്പിന് വെളുത്തുള്ളി വേപ്പെണ്ണ സോപ്പ് മിശ്രിതം ഉപയോഗിച്ചാല്‍ മതി. മഞ്ഞളിപ്പ് കണ്ടാല്‍ തലമുറിച്ച് തൈര് വെച്ച് കെട്ടിയാല്‍ പുതുതായിട്ടുണ്ടാകുന്ന ഭാഗം രോഗവിമുക്തമായിരിക്കും. 80100 ദിവസം കൊണ്ട് വളര്‍ച്ച പൂര്‍ത്തിയാകും. ചെടികള്‍ ഉണങ്ങുന്നതോടെ കായകള്‍ മൂപ്പെത്തുന്നു.
പുറന്തോടിന് കട്ടികൂടുതലുള്ളതിനാല്‍ ദീര്‍ഘകാലം സൂക്ഷിക്കാനാവും. ഒരു ചെറിയ കുടുംബത്തിന് കറിവെക്കാന്‍ പാകത്തിനുള്ളതാണ് നെയ്ക്കുമ്പളം. 200 മുതല്‍ 500 ഗ്രാം വരെയും 500 മുതല്‍ 1 കിലോവരെയും വലിപ്പമുള്ള രണ്ടുതരം നെയ്ക്കുമ്പളങ്ങള്‍ നിലവിലുണ്ട്. ഔഷധഗുണം ഏറെയുള്ളതിനാല്‍ ഒരു കുമ്പളങ്ങയ്ക്ക് അമ്പതുരൂപയുടെ മുകളില്‍ വിലയുണ്ട്.
ഒരു കാലത്ത് നാട്ടില്‍ സര്‍വ്വസാധാരണമായിരുന്ന നെയ്ക്കുമ്പളം കൃഷിയിടത്തില്‍നിന്നും അന്യംനിന്നുപോവുകയാണ്. ഇപ്പോള്‍ മരുന്നിനുപോലും നെയ്ക്കുമ്പളം കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."