വണ്ടാനം മെഡിക്കല്‍ കോളജ്: വകുപ്പുകള്‍ ഏകോപിച്ചുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജിന്റെ ഭരണരംഗം കൂടുതല്‍ ശക്തമാക്കാനും വിവിധ വകുപ്പുകളുടെ ആവശ്യങ്ങള്‍ ക്രോഡീകരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച ആരോഗ്യവകുപ്പുമന്ത്രി കെ.കെ.ശൈലജ നിര്‍ദ്ദേശം നല്‍കി.
വെള്ളിയാഴ്ച വൈകിട്ടാണ് മന്ത്രി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തിയത്. മെഡിക്കല്‍ കോളജ് വൃത്തിയാക്കുന്നതിന് പ്രഥമ പരിഗണന നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ആശുപത്രി പരിസരം വൃത്തിയാക്കുന്നതിന് വേണ്ടി 216 പേര്‍ മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്നതായി തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി. ഇവരെ നല്ല രീതിയില്‍ പുനരധിവസിപ്പിച്ച് ശുദ്ധീകരണം നടത്തണം. ആര്‍.എസ്.പി.വൈ.സ്‌കീമില്‍ പെടുത്തി 50 ജീവനക്കാരെക്കൂടി ക്ലീനിങ്ങിന് നിയോഗിക്കുന്നതിന്റെ സാധ്യത ആരായും. പേ വാര്‍ഡ് ആരംഭിക്കുന്ന കാര്യം ഗൗരവമായി സര്‍ക്കാര്‍ ആലോചിക്കുകയും നിര്‍മ്മാണത്തിന് പറ്റിയ ഏജന്‍സികളുമായി ചര്‍ച്ച നടത്തുകയും ചെയ്യും.
ആശുപത്രി ജീവനക്കാര്‍ കൃത്യമായി ജോലിക്ക് ഹാജരാകണം. ലോ ഫ്‌ളോര്‍ ബസ്സിന്റെ സമയം നോക്കി ജോലി സമയം ക്രമീകരിക്കുന്ന രീതി ഇവിടെ ഉണ്ടാകരുത്. മെഡിക്കല്‍ കോളജിലെ ഫാര്‍മസി 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കും. പീഡിയാട്രിക്ക് വാര്‍ഡിന്റെ അടുത്ത് മുലപ്പാല്‍ നല്‍കുന്നതിനുള്ള മുറി ഒരുക്കുന്ന കാര്യം പരിഗണിക്കും. ഫോറന്‍സിക് വിഭാഗത്തിലെ സ്റ്റാഫിന്റെ കുറവ് ഗൗരവമുള്ളതാണ്. ആക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കും. അധിക തസ്തികകളുടെ കാര്യത്തില്‍ ധനവകുപ്പിന്റെ അനുമതിയോടെ ശ്രമം നടത്തും. മെഡിക്കല്‍ കോളജിലെ രോഗികളുടെ സന്ദര്‍ശനകാര്യത്തില്‍ കാര്യമായ നിയന്ത്രണം ആവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
25 വര്‍ഷത്തിന് ശേഷം ആദ്യമായി ലാബ് ടെക്‌നീഷ്യന്‍മാരുടെ 204 തസ്തികകളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു.
പുതിയ തസ്തികകള്‍ക്ക് ശ്രമം നടത്തുന്നുണ്ട്. ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റ് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
വാര്‍ഡിന്റെ പുറത്ത് പഴയ രജിസ്റ്ററുകള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതും ഒ.പി.റൂമിന്റെ മുകളിലെ മാറാലയും എത്രയും വേഗം വൃത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. നിലവിലുള്ള മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇപ്പോഴുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് തന്നെ കുറേയധികം മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രസവ മുറിക്കുമുന്നില്‍ കൂട്ടിരിപ്പുകാര്‍ക്ക് ഇരിക്കാന്‍ സൗകര്യമില്ലാത്ത കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍ സ്ത്രീകള്‍ പെടുത്തിയതിനെത്തുടര്‍ന്ന് അടിയന്തിരമായി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. മന്ത്രി മണിക്കൂറുകളോളം വകുപ്പുതലവന്‍മാരുമായും മെഡിക്കല്‍ കോളജിലെ ഉദ്യോഗസ്ഥരുമായും വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. മെഡിക്കല്‍ കോളജിലെ വിവിധ വകുപ്പുമേധാവികള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ മന്ത്രിക്കുമുന്നില്‍ അവതരിപ്പിച്ചു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.സന്തോഷ് കെ.രാഘവന്‍, പ്രിന്‍സിപ്പാള്‍ ഡോ.എന്‍.ശ്രീദേവി, വികസന പദ്ധതികളുടെ നോഡല്‍ ഓഫീസര്‍ ഡോ.ടി.കെ.സുമ, ആര്‍.എം.ഒ. നോനാം ചെല്ലപ്പന്‍ എന്നിവരുമായി മന്ത്രി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."