മല കാണാതെ എലിയെ കാണുന്നവര്‍
സെപ്റ്റംബര്‍ 20ന് സുപ്രഭാതം പ്രസിദ്ധീകരിച്ച, 'കെജ്‌രിവാളില്‍ ഇനി പ്രതീക്ഷവേണ്ട' എന്ന ലേഖനത്തിന്റെ തലക്കെട്ടുതന്നെ അതിവിചിത്രമായിരിക്കുന്നു. പിന്നെ ആരിലാണു പ്രതീക്ഷ വേണ്ടത്. മറ്റൊരു മതേതരകക്ഷിയും ഇന്ന് ഇന്ത്യയാകെ വളരാന്‍ സാധ്യതയില്ലല്ലോ.
ദില്ലിയില്‍ ആംആദ്മി ചരിത്രവിജയം നേടിയെന്നത് മോദിയെ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയമണ്ഡലത്തെയാകെ ഞെട്ടിച്ചുകളഞ്ഞുവെന്നതു സത്യം. ലോക്‌സഭയില്‍ വന്‍ഭൂരിപക്ഷം നേടുകയും പിന്നീടു നടന്ന നാലു നിയമസഭാതെരഞ്ഞെടുപ്പുകളില്‍ ജമ്മുകശ്മിരിലടക്കം അധികാരംനേടുകയും ചെയ്തപ്പോള്‍ താന്‍ അജയ്യനാണെന്നു മോദിക്കു മാത്രമല്ല എതിരാളികള്‍ക്കുപോലും തോന്നിപ്പോയിരുന്നു.
അതിനുശേഷം ദില്ലി നിയമസഭാ തെരഞ്ഞെടുപ്പു വന്നപ്പോള്‍ മോദി ആ അഹങ്കാരത്തിലായിരുന്നു. നൂറോളം കേന്ദ്രമന്ത്രിമാരടക്കം മുന്നൂറിലേറെ എംപിമാര്‍ നേരിട്ടു പ്രചരണം നടത്തി. അരവിന്ദ് കെജ്‌രിവാള്‍ എന്ന മനുഷ്യനെ ലക്ഷ്യമാക്കി ആക്രമിച്ചു. പണത്തിന്റെ കുത്തൊഴുക്കുണ്ടായി. മാധ്യമങ്ങള്‍ മിക്കവയും മോദിക്കു ജയ ജയ പാടി.
പക്ഷേ ഫലം ഞെട്ടിക്കുന്നതായിരുന്നു. തലസ്ഥാന നഗരത്തിലേറ്റ ആ അടി താങ്ങാന്‍ കഴിയാത്തതായിരുന്നു. ഒരു ഓട്ടോറിക്ഷയില്‍മാത്രം കയറാവുന്ന പ്രതിപക്ഷം. അറുപതില്‍ മൂന്നുസീറ്റ്. ഈ തെറ്റിന് ദില്ലി ജനതയ്ക്ക് മാപ്പു കൊടുക്കാന്‍ മോദി ഇതുവരെ തയ്യാറായിട്ടില്ല എന്നതാണു സത്യം.
അര്‍ധസത്യങ്ങളും അസത്യങ്ങളും പറയുകയും വളരെ പ്രധാനപ്പെട്ട നിരവധി സത്യങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്തുകൊണ്ടാണു ആ ലേഖനം എഴുതിയിരിക്കുന്നത്. അണ്ണാ ഹസാരെയുടെ കാര്യം തന്നെ എടുക്കാം. അഴിമതിക്കെതിരായ സമരത്തില്‍ പങ്കാളിയായിരുന്ന കെജ്‌രിവാള്‍ രാഷ്ട്രീയകക്ഷി രൂപീകരിച്ചതിനെ അണ്ണാ അംഗീകരിച്ചിരുന്നില്ല. തനിക്കു കക്ഷിരാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്ന് ആവര്‍ത്തിക്കുകയും മോദിയെ നിരന്തരം പുകഴ്ത്തുകയും ചെയ്തു.
രണ്ടാമത്തെ അഴിമതിവിരുദ്ധ സമരകാലത്ത് കെജ്‌രിവാളിനെ വേദിയില്‍ കയറ്റിയില്ല. ഒട്ടനവധി മോദി അനുയായികളെ കയറ്റി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി നിന്ന കിരണ്‍ ബേദിക്ക് ആശംസ നേര്‍ന്നു. ആ അണ്ണാ ഹസാരെ ഇപ്പോള്‍ കെജ്‌രിവാളിനെ എതിര്‍ക്കുന്നുവെന്നു പറയുന്നതില്‍ പുതുമയില്ല.
ദില്ലിയിലെ മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരേയെടുത്ത കേസുകളുടെ എണ്ണം കേട്ടാല്‍ ആം ആദ്മി പാര്‍ട്ടിയില്‍ ഇത്ര ക്രിമിനലുകളോയെന്ന് ആരും സംശയിച്ചുപോകും. 18 മാസങ്ങള്‍ക്കിടക്ക് മൂന്നു മന്ത്രിമാരും ഒരു മുന്‍മന്ത്രിയുമടക്കം പതിനൊന്ന് എം.എല്‍.എ മാര്‍ സ്ത്രീപീഡനമടക്കമുള്ള കേസുകളില്‍ അറസ്റ്റിലായി. അറസ്റ്റുകളുടെ പിന്നിലെ യഥാര്‍ഥ അവസ്ഥ തിരിച്ചറിഞ്ഞാല്‍ നമ്മുടെ മുന്നില്‍ തെളിയുന്നത് ഒരു ഫാസിസ്റ്റ് സര്‍ക്കാര്‍ ഇത്രമാത്രം ജനാധിപത്യവിരുദ്ധമാകാമോ എന്നതിന്റെ ചിത്രമായിരിക്കും.
തെറ്റുചെയ്തവരെ സംരക്ഷിക്കില്ലെന്നു പറയുകമാത്രമല്ല പ്രവര്‍ത്തിയില്‍ കാണിക്കുക കൂടി ചെയ്തിട്ടുണ്ട് കെജ്‌രിവാള്‍. നിയമ മന്ത്രിയായിരുന്ന ബിരുദം സംബന്ധിച്ച കേസില്‍ അദ്ദേഹം ബാര്‍ കൗണ്‍സിലില്‍ നല്‍കിയ രേഖകള്‍ തെറ്റാണെന്നു ബോധ്യപ്പെട്ടയുടനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. പാര്‍ട്ടിയുടെ വക നിയമസഹായവും നല്‍കിയില്ല. ഭക്ഷ്യപരിസ്ഥിതി മന്ത്രിയായിരുന്ന അസിം അഹമ്മദ് ഖാന്‍ കോഴയാവശ്യപ്പെട്ടു നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്റെ ടേപ് കിട്ടിയയുടന്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അതുകേട്ടു സത്യമുണ്ടെന്നു കണ്ടെത്തി മണിക്കൂറുകള്‍ക്കകം പത്രസമ്മേളനം വിളിച്ച് അദ്ദേഹത്തെ പുറത്താക്കിയതായി പ്രഖ്യാപിച്ചു. കേസ് സി.ബി.ഐ തന്നെ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി സന്ദീപ്കുമാറിന്റെ നേരേ ഒരു സ്ത്രീപീഡന പരാതി വന്നപ്പോള്‍ മന്ത്രിയാകുന്നതിനു മുന്‍പുള്ള കേസാണെങ്കിലും പ്രതിപക്ഷമോ മാധ്യമങ്ങളോ ഉന്നയിക്കുന്നതിനു മുന്‍പുതന്നെ അദ്ദേഹത്തെ പുറത്താക്കി.
മോദി സര്‍ക്കാര്‍ എടുത്ത കള്ളക്കേസുകളില്‍ അറസ്റ്റു നടക്കുമ്പോള്‍ വലിയ വാര്‍ത്തകളാകും. കോടതി കേസ് തള്ളുമ്പോള്‍ അതറിഞ്ഞതായിപ്പോലും മാധ്യമങ്ങള്‍ നടിക്കാറില്ല. മുന്‍ നിയമമന്ത്രിയും മാളവിയനഗര്‍ എം.എല്‍.എയുമായ സോമനാഥ് ഭാരതിക്കെതിരേയുള്ള കേസ് അതിവിചിത്രമെന്നു കോടതി നിരീക്ഷിച്ചതാണ്. കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ ഭാര്യ ലിപിക മിത്ര കൊടുത്ത പരാതിയിലായിരുന്നു ആ കേസ്. വീട്ടിലെ വളര്‍ത്തുപട്ടിയെ വിട്ടു ഭര്‍ത്താവ് തന്നെ കടിപ്പിച്ചുവെന്നും ചൂടേറിയ പ്രഷര്‍ കുക്കര്‍ വച്ച് കൈ പൊള്ളിച്ചെന്നും കൈ പിരിച്ചൊടിച്ചു കൊല്ലാന്‍ശ്രമിച്ചെന്നുമായിരുന്നു പരാതി.
മൃഗസംരക്ഷണവകുപ്പിലെ വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിച്ചപ്പോള്‍ നായയ്ക്കു ഭാര്യയുടെ ശാസനകളോടാണു കൂടുതല്‍ അനുസരണയെന്നു തെളിഞ്ഞു. വീട്ടില്‍ ഒരുമിച്ചു താമസിക്കുകയും ഭര്‍ത്താവില്ലാത്തപ്പോള്‍ നായയെ പരിചരിക്കുകയും ചെയ്യുന്ന ഭാര്യയെ ഭര്‍ത്താവിന്റെ ആജ്ഞയനുസരിച്ചു നായ കടിക്കില്ലെന്നു കോടതിക്കു ബോധ്യമായി. എന്നാല്‍, സോമനാഥ് ഭാരതിയെ അറസ്റ്റുചെയ്തപ്പോഴുണ്ടായ വാര്‍ത്താപ്രാധാന്യം ഈ കണ്ടെത്തലിനു കിട്ടിയില്ല.
മോഡല്‍ ടൗണ്‍ എം.എല്‍.എയ്‌ക്കെതിരേ സുഷമസിങ് എന്ന സ്ത്രീ നല്‍കിയ പരാതിയില്‍ പ്രതിയെ വെറുതെ വിട്ട് ഉത്തരവിട്ട കോടതിയുടെ നിരീക്ഷണവും ശ്രദ്ധേയമാണ്: തെരെഞ്ഞെടുപ്പില്‍ ഭര്‍ത്താവ് മോഡല്‍ ടൗണ്‍ എം.എല്‍.എയ്‌ക്കെതിരേ തോറ്റതാണെന്നും അന്നു താന്‍ ഭര്‍ത്താവിനോടൊപ്പം പ്രവര്‍ത്തിച്ചുവെന്നും ഏതു സഹപ്രവര്‍ത്തകന്റെ സംസ്‌കാരച്ചടങ്ങിനു പോകുമ്പോഴാണു സംഭവംനടന്നതെന്ന് ഓര്‍മയില്ലെന്നും മുറിയിലുണ്ടായിരുന്ന പെണ്‍കുട്ടികളുടെ പേരറിയില്ലെന്നും പരാതിക്കാരി കോടതിയില്‍ സമ്മതിച്ചിരിക്കുന്നു. ദൃക്‌സാക്ഷികള്‍ എന്നു പറയപ്പെടുന്ന പെണ്‍കുട്ടികളുടെ മൊഴി പൊലിസ് എടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ ഇതൊരു വ്യാജക്കേസെന്നു വിലയിരുത്താം.
വനിതാ കമ്മിഷന്‍ അധ്യക്ഷ ഒരു കേന്ദ്രമന്ത്രിക്കെതിരേ കേസുമായി പോയപ്പോള്‍ അവര്‍ക്കെതിരേ അഴിമതിക്കേസു വന്നു. അതില്‍ മുഖ്യമന്ത്രിയെയും പ്രതിചേര്‍ത്തു. അഴിമതി സംബന്ധിച്ചു മറ്റുകക്ഷികളില്‍നിന്ന് ആപ് വ്യത്യസ്തമാകുന്നത് എങ്ങനെയെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാണ്. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍വരെ ദില്ലിക്കു പൂര്‍ണസംസ്ഥാനപദവി നല്‍കുമെന്ന വാഗ്ദാനം ഉണ്ടായിരുന്നു. അധികാരമേറിയപ്പോള്‍ അവര്‍ അതു മറന്നു. ഭരണഘടനയുടെ 239 എ എ വകുപ്പു ഇതു കേവലം കേന്ദ്രഭരണപ്രദേശവുമല്ല. മറ്റു സംസ്ഥനങ്ങളുടെ അധികാരങ്ങള്‍ നിര്‍വചിക്കുന്ന ഏഴാംഷെഡ്യൂളിലെ മൂന്ന് ഇനങ്ങള്‍ (പൊതുക്രമസമാധാനം, പൊലിസ്, ഭൂമി) ഒഴികെ മറ്റെല്ലാറ്റിലും ദില്ലി സര്‍ക്കാരിന് അധികാരമുണ്ട്.
ദില്ലി നിയമസഭ പാസാക്കുന്ന ബില്ലുകള്‍ നിയമമാക്കാന്‍ കേന്ദ്രസര്‍ക്കാരിലെ ആഭ്യന്തരവകുപ്പിന്റെ അനുമതി വേണം. ജനജീവിതം മെച്ചപ്പെടുത്തുന്ന പതിനാലു ബില്ലുകള്‍ നിയമസഭ പാസാക്കി നല്‍കിയിട്ട് മാസങ്ങളായി. ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു അതെല്ലാം തടഞ്ഞുവച്ചിരിക്കുകയാണ്. പൊലിസും ലെഫ്റ്റ്‌നന്റ് ഗവര്‍ണറും തങ്ങളുടെ വരുതിയിലാണെന്ന അധികാരംവച്ച് ദ്രോഹനടപടി സ്വീകരിക്കുയാണ് മോദിസര്‍ക്കാര്‍.
മറ്റൊരു കാലത്തുമില്ലാത്തതരത്തില്‍ ഗവര്‍ണരിലൂടെ കേന്ദ്രസര്‍ക്കാര്‍ ദില്ലിസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കക്ഷിരാഷ്ട്രീയമല്ല ഭരണമാണു ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന അഭ്യര്‍ഥനയ്ക്കു ചെവികൊടുക്കാതിരിക്കുകയും പകവീട്ടിക്കൊണ്ടിരിക്കുകയും ചെയ്തപ്പോഴാണ് സഹികെട്ട് പ്രധാനമന്ത്രിക്ക് മാനസികരോഗമാണെന്നു കെജ്‌രിവാള്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."