മുത്വലാഖ്: മതനിയമങ്ങള്‍ വിധി പറയട്ടെ
കോഴിയെ അടയിരുത്തുമ്പോള്‍ അതിന്റെ മുട്ടകള്‍ക്കൊപ്പം ഏതാനും താറാവ് മുട്ടകള്‍ കൂടി വയ്ക്കുന്ന പതിവ് നമ്മുടെ ഗ്രാമത്തില്‍ ഇന്നുമുണ്ട്. പാവം കോഴി! ഇത് തന്റെ ഉല്‍പന്നമാണെന്ന് കരുതി നീണ്ടകാലം അടയിരുന്ന് ഈ മുട്ടകളെ വിരിയിക്കുകയും കുഞ്ഞുങ്ങളെ താലോലിക്കുകയും ചെയ്യുന്നു. പക്ഷേ, കുഞ്ഞുങ്ങള്‍ കൊത്തിപ്പെറുക്കാന്‍ തുടങ്ങുമ്പോള്‍ മഴ വരികയോ വെള്ളക്കെട്ട് കാണുകയോ ചെയ്താല്‍, ഈ കുഞ്ഞുങ്ങള്‍ അതിന്റെ വര്‍ഗസ്വഭാവം കാണിച്ചുകൊണ്ട് ജലത്തിലേക്ക് ചാടുന്ന നേരമാണ് തള്ളക്കോഴി അന്തം വിട്ട് നില്‍ക്കുക. ഈയിടെ ഹമീദ് ചേന്ദമംഗല്ലൂര്‍ ഒരു പത്രത്തില്‍ മുത്വലാഖ് സംബന്ധിച്ച് എഴുതിയ ലേഖനമാണ് ഈ കഥ ഓര്‍ക്കാന്‍ പ്രേരിതം.
പ്രസ്തുത ലേഖനം വൈരുധ്യങ്ങളുടെ കലവറയാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും ബോധ്യപ്പെടും. ലോകത്തും ഇന്ത്യയിലും വിവാഹത്തിനും വിവാഹമോചനത്തിനും വിചിത്രങ്ങളും വ്യത്യാസങ്ങളുമായ നിരവധി രീതികള്‍ നിലനില്‍ക്കുന്നുണ്ട്.
അതിലൊന്നും യാതൊരു തെറ്റും കാണാത്തവര്‍ക്ക് മുസ്്‌ലിംകളുടെ ത്വലാഖ് രീതിയാണ് അസഹനീയമാകുന്നത്.
ഹമീദ് എഴുതുന്നു: ''43 വര്‍ഷം മുന്‍പ് നിലവില്‍വന്ന അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും അതിനോട് ചേര്‍ന്നുനില്‍ക്കുന്ന യാഥാസ്ഥിക വിഭാഗങ്ങളും ലിംഗനീതി നിഷേധപരമായ നിലപാടുകളുമായി മുന്നോട്ടുപോകുന്ന വര്‍ത്തമാന കാലത്ത് ആദ്യകാല ജിന്നയുടെ മാതൃക പിന്തുടരുന്ന നേതാക്കളെയാണ് ഭാരതീയ മുസ്‌ലിം സമൂഹത്തിനാവശ്യം'' (മാതൃഭൂമി).
ഇവിടെ ചില സംശയങ്ങള്‍ സ്വാഭാവികമാണ്. ഏറെക്കുറെ അരനൂറ്റാണ്ട് പഴക്കമുള്ള മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് എന്ന സംഘടനയേക്കാള്‍ മുസ്്‌ലിം താല്‍പര്യം സംരക്ഷിക്കാന്‍ താല്‍പര്യമുള്ള സംവിധാനം പുതുതായി ഏതാണുള്ളത്? പഴയ ജിന്നയുടെ മാതൃക പിന്തുടരുന്ന നേതാക്കളെയാണ് ഭാരതീയ മുസ്്‌ലിം സമൂഹത്തിനാവശ്യം എന്നു പറയുമ്പോള്‍ ഈ ഭാരതീയ മുസ്്‌ലിം സമൂഹത്തെ പ്രതിനിധീകരിക്കുന്നത് പിന്നെ ആരാണ്? ജിന്നയുടെ കപട മതരാഷ്ട്ര വീക്ഷണത്തെയും ശീഈ ചിന്താഗതികളെയും പലപ്പോഴും പരിഹസിക്കുന്നവര്‍ക്ക് ഇപ്പോള്‍ ജിന്ന മാതൃകാപുരുഷനാണോ? പാകിസ്താനിലുള്‍പ്പെടെ പല മുസ്്‌ലിം രാജ്യങ്ങളിലും നിരോധിക്കപ്പെട്ട സമ്പ്രദായമാണത്രെ മുത്വലാഖ്. ഒരു കാര്യം ആദ്യമേ തുറന്നു പറയട്ടെ, ലോകത്ത് മുസ്‌ലിം ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് ഇന്തോനേഷ്യയും രണ്ടാം സ്ഥാനത്ത് ഇന്ത്യയുമാണ്.
പണ്ഡിതന്‍മാരുടെയും ബുദ്ധിജീവികളുടെയും നിറസാന്നിധ്യം കൊണ്ടു ഈ രണ്ടുരാജ്യങ്ങളും ഏറെ സമ്പന്നമാണ് എന്നിരിക്കെ, മറ്റു കൊച്ചുരാജ്യങ്ങളെ ചൂണ്ടിക്കാണിച്ച്, വിശേഷിച്ച് ഇന്ത്യയില്‍നിന്നു വേറിട്ടുപോയ ഒരു തുണ്ടിനെ കാണിച്ച് പേടിപ്പിക്കുന്നതില്‍ ഒരര്‍ഥവുമില്ല. അഥവാ വിശേഷിച്ചു രാഷ്ട്രതാല്‍പര്യങ്ങളോ വ്യക്തിപരമായ സ്വാര്‍ഥതകളോ ഇല്ലാത്ത ഈ രണ്ട് മുസ്‌ലിം രാജ്യങ്ങളെയും മറ്റുള്ളവര്‍ മാതൃകയാക്കുകയാണ് വേണ്ടത്.
തികഞ്ഞ ധിക്കാരവും അസത്യവും നിരത്തി ലേഖകന്‍ എഴുതി: ''ഇസ്്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനിന്റെയോ പ്രവാചക ചര്യകളുടെയോ പിന്‍ബലം മുത്വലാഖിനില്ലെന്ന് ഇസ്്‌ലാമിക പണ്ഡിതരില്‍ പലരും നേരത്തേ വ്യക്തമാക്കിയതാണ്. അത്തരം വെളിപ്പെടുത്തലുകളുടെ പിന്‍ ബലത്തില്‍ മിക്ക മുസ്്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളും ആണ്‍മേല്‍ക്കോയ്മയിലധിഷ്ഠിതമായ ഈ ആചാരത്തെ നിയമവിരുദ്ധമാക്കിയത് നാലു പ്രമുഖ നിയമശാഖകളില്‍ ഹനഫീ ശാഖ മാത്രമേ മുത്വലാഖിനോട് അനുഭാവം പുലര്‍ത്തുന്നുള്ളൂ'. തികച്ചും വ്യാജമായ ആരോപണങ്ങളാണ് ഇതത്രയും. മുസ്്‌ലിം പണ്ഡിതര്‍ വ്യക്തമാക്കിയത് നോക്കൂ: ''തന്റെ ഭാര്യയോട് നീ മൂന്ന് ത്വലാഖും സംഭവിച്ചവളാണ് എന്നു പറഞ്ഞാല്‍ ഇമാം ശാഫിഈ, അബൂഹനീഫ, മാലിക്, അഹ്്്മദ് (റ) എന്നിവരും സലഫും ഖലഫുമായ ബഹുഭൂരിപക്ഷം പണ്ഡിതന്‍മാരും മൂന്നും സംഭവിക്കുമെന്നാണ് പറയുന്നത് ''(ശറഹ് മുസ്‌ലിം).
ഈ വീക്ഷണത്തില്‍ പ്രമാണമായി ഇമാം നവവി (റ) തന്നെ ഉദ്ധരിക്കുന്ന തെളിവുകൂടി കാണുക: ത്വലാഖ് എന്ന അധ്യായത്തില്‍ മടക്കിയെടുക്കാന്‍ സൗകര്യപ്പെടുന്ന ത്വലാഖിനെ വിവരിച്ച ശേഷം 'ഇപ്പറഞ്ഞതെല്ലാം അല്ലാഹുവിന്റെ അതിര്‍ത്തികളാകുന്നു. ആരെങ്കിലും അല്ലാഹുവിന്റെ അതിര്‍ത്തികള്‍ മറികടന്നാല്‍ അവന്‍ സ്വയം അതിക്രമം ചെയ്തവനാണ്. ഒരുപക്ഷേ, അല്ലാഹു എന്നെങ്കിലും പുതിയ സംഭവങ്ങള്‍ ഉണ്ടാക്കിയേക്കാം'. ഇമാം നവവി (റ) തുടരുന്നു. ഇവിടെ അതിക്രമം എന്നതിന്റെ വിവക്ഷ മൂന്നു ത്വലാഖും ഒന്നിച്ചുപയോഗിക്കുക എന്നാണ്. അതിനെ ഓര്‍ത്ത് ദു:ഖിക്കേണ്ട സാഹചര്യം പിന്നീടുണ്ടായേക്കാം എന്നു പറഞ്ഞതിന്റെ വിവക്ഷ അതിനെ ഒന്നിച്ചു ചൊല്ലിയാല്‍ മൂന്നും സംഭവിക്കും എന്നു തന്നെയാണ്.
അല്ലായിരുന്നെങ്കില്‍ ഇവിടെ ദു:ഖത്തിന് പ്രസക്തിയില്ലല്ലോ. ഇമാം നവവി (റ) ഉദ്ധരിക്കുന്ന മറ്റൊരു തെളിവുകൂടി കാണുക. റുഖാദത്ത് എന്ന സ്വഹാബി തന്റെ ഭാര്യ സുഹൈറയെ 'അപ്പാടെ' എന്നര്‍ഥം വരുന്ന പദം ഉപയോഗിച്ച് ത്വലാഖ് ചൊല്ലി. നബിതിരുമേനി അദ്ദേഹത്തോട് ചോദിച്ചു: ''അല്ലാഹുവിനെ മുന്‍നിര്‍ത്തി ഞാന്‍ ചോദിക്കുന്നു, നീ ഒന്നേ കരുതിയുള്ളൂ? അദ്ദേഹം പറഞ്ഞു: ''ഒന്നേ കരുതിയുള്ളൂ''. ഈ ചോദ്യത്തിനര്‍ഥം അദ്ദേഹം മൂന്നും കരുതിയാല്‍ മൂന്നും സംഭവിക്കുമെന്നാണല്ലോ. ഉദ്ദേശിക്കുന്നത് ഒന്നെങ്കില്‍ ഒന്ന്, രണ്ടെങ്കില്‍ രണ്ട്, മൂന്നെങ്കില്‍ മൂന്ന്. അപ്പോള്‍ മൊഴിഞ്ഞത് ഏതായാലും സംഭവിക്കും എന്നുവരുന്നു. ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ ജീവിച്ച മഹാപാണ്ഡിത്യത്തിന്റെ ഉടമ ഇമാം നവവി(റ)യാണ് ഇങ്ങനെ സമര്‍ഥിക്കുന്നതെന്നോര്‍ക്കുക. കേരളത്തില്‍ നൂറുകണക്കിന് മതപണ്ഡിതന്‍മാര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. എന്നിരിക്കെ സമുദായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മതവിരുദ്ധരെ ഉപയോഗിക്കുന്ന പ്രവണത അപലപനീയമാണ്. ഇന്ത്യയില്‍ ഇത്തരം കാര്യങ്ങളില്‍ ഖണ്ഡിതമായ യാതൊരു വ്യവസ്ഥയും അംഗീകരിക്കാത്തവരുണ്ട്. പീഡനങ്ങള്‍ അരങ്ങേറുന്നുമുണ്ട്്. അവയൊന്നും കാണാതെ മുസ്‌ലിം നിയമത്തെ മാത്രം പിടികൂടുന്നത് നികൃഷ്ടമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."