സര്‍ക്കാര്‍ ലാവണം ബന്ധുജനങ്ങള്‍ക്കു തീറെഴുതാനുള്ളതല്ല
'എല്‍.ഡി.എഫ് വരും, എല്ലാം ശരിയാവു'മെന്ന മുദ്രാവാക്യം കേരളം വിശ്വസിച്ചുപോയിരുന്നു. എല്ലാം ശരിയാവില്ലെങ്കിലും എന്തെങ്കിലുമൊക്കെ ശരിയാകുമെന്ന് അവര്‍ കരുതി. അതുകൊണ്ടാണ് മറ്റൊന്നും ചിന്തിക്കാതെ ജനം അവര്‍ക്കു വോട്ടുചെയ്തത്. 91 സീറ്റു നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വയം അത്ഭുതപ്പെടുത്തിയാണ് അധികാരത്തില്‍ വന്നത്.
കേരളീയജനതയുടെ വിശ്വാസം അസ്ഥാനത്തായില്ലെന്നു തെളിയിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിനു ബാധ്യതയുണ്ട്. 100 ദിവസത്തെ ഭരണം കഴിഞ്ഞതിനുശേഷമുള്ള സര്‍ക്കാറിന്റെ ഓരോ നടപടിയും ജനത്തെ നിരാശപ്പെടുത്തുന്നതാണ്. സ്വാശ്രയമെഡിക്കല്‍കോളജ് പ്രവേശനപ്രശ്‌നത്തില്‍ മാനേജ്‌മെന്റുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന പൊതുസമൂഹധാരണ തിരുത്താന്‍ സര്‍ക്കാറിനു കഴിഞ്ഞിട്ടില്ല.
അതേവേളയില്‍ത്തന്നെയാണ് സി.പി.എം മന്ത്രിമാരുടെയും നേതാക്കളുടെയും മക്കളും ബന്ധുക്കളും ഉയര്‍ന്നതസ്തികകളില്‍ അവിഹിതനിയമനം നേടിക്കൊണ്ടിരിക്കുന്ന വാര്‍ത്തപുറത്തുവന്നിരിക്കുന്നത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റെര്‍പ്രൈസസ് (കെ.എസ്.ഐ.ഇ) മാനേജിംഗ് ഡയറക്ടറായി നിയോഗിച്ചതു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു റദ്ദാക്കിയിരിക്കുകയാണ്.
വ്യവസായമന്ത്രി ഇ.പി ജയരാജന്റെ ഭാര്യാസഹോദരിയായ പി.കെ ശ്രീമതിയുടെ മകനായ സുധീര്‍നമ്പ്യാരെ കെ.എസ്.ഐ.ഇയുടെ എം.ഡിയായി നിയമിച്ച വാര്‍ത്ത പുറത്തുവന്നയുടനെ വ്യവസായവകുപ്പുമന്ത്രി പ്രതികരിച്ചത് തന്റെ ബന്ധുക്കള്‍ പലസ്ഥലങ്ങളിലുമുണ്ടാകുമെന്നായിരുന്നു. ആ പ്രതികരണം നാണക്കേടുതന്നെയാണ്.
കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് മകന്‍ സുധീറിന്റെ ഭാര്യ ധന്യയെ പാചകക്കാരിയായി നിയമിക്കാന്‍ ഒട്ടും അധൈര്യപ്പെടാത്ത മന്ത്രിയായിരുന്നു പി.കെ ശ്രീമതി. ധന്യക്കു പിന്നീട് ഗസറ്റഡ് റാങ്കില്‍ മന്ത്രിയുടെ അഡീഷനല്‍ പി.എയായി ഉദ്യോഗക്കയറ്റം നല്‍കാനും ശ്രീമതി ചങ്കൂറ്റം കാണിച്ചു. പാചകക്കാരിയില്‍ നിന്നും ഗസറ്റഡ് റാങ്കിലേക്കുള്ള ഉയര്‍ച്ച വിസ്മയാവഹമായിരുന്നു. അത്ഭുതാഹവമായ ഈ ഉയര്‍ച്ച വിവാദമായപ്പോഴാണ് ഇവരുടെ നിയമനം റദ്ദാക്കിയത്. അപ്പോഴേക്കും ധന്യക്ക് പെന്‍ഷന്‍ ലഭിക്കാനുള്ള സര്‍വിസ്‌കാലം പൂര്‍ത്തിയായിരുന്നു. ധന്യാനുഭവത്തില്‍നിന്ന് ഊര്‍ജ്ജം സംഭരിച്ചായിരിക്കണം മകന് എം.ഡി കസേരയുറപ്പിക്കാന്‍ ശ്രീമതി ധൈര്യം കാട്ടിയത്. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഇക്കുറി പാര്‍ട്ടിനേതാക്കളുടെ മക്കള്‍ക്കു ഉന്നതസ്ഥാനങ്ങളില്‍ മാനദണ്ഡമെല്ലാം മറികടന്നു നിയമനം നല്‍കാന്‍ പാര്‍ട്ടി ഉത്സുകമായിരിക്കുകയാണ്. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും സി.പി.എം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദന്റെ മകന്‍ ജീവനെ വ്യവസായവകുപ്പിനു കീഴിലുള്ള കഴക്കൂട്ടത്തെ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് മാനേജിങ് ഡയരക്ടറായി നിയമിച്ചിരിക്കുകയാണ്.
വ്യവസായമന്ത്രി ഇ.പി ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ ദിപ്തിയെ കണ്ണൂരിലെ ക്ലേ ആന്‍ഡ് സിറാമിക്‌സ് ലിമിറ്റഡിന്റെ ജനറല്‍ മാനേജറായും നിയമിച്ചിട്ടുണ്ട്. സി.പി.എം സംസ്ഥാനകമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാസെക്രട്ടറിയുമായിരുന്ന അന്തരിച്ച പി.കെ ചന്ദ്രാനന്ദന്റെ മകള്‍ ബിന്ദു വനിതാ വികസന കോര്‍പറേഷന്‍ എംഡിയായിരിക്കുന്നു. മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരുടെ കൊച്ചുമകന്‍, സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ എന്നിവരെയും വിവിധ പൊതുമേഖലാസ്ഥാപനങ്ങളുടെ ഉന്നതസ്ഥാനങ്ങളില്‍ ഉപവിഷ്ടരാക്കാന്‍ അണിയറശ്രമം നടക്കുന്നതായാണു വിവരം.
മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും ബന്ധുക്കളായി എന്നതുകൊണ്ട് ഇവര്‍ക്ക് ഉന്നതസ്ഥാനങ്ങളില്‍ വരാന്‍പാടില്ലെന്നൊന്നും നിയമമില്ല. പക്ഷേ, അത്തരം സ്ഥാനങ്ങളില്‍വരുമ്പോള്‍ അത് അവിഹിതമാകരുത്. നിയമിക്കപ്പെടാനുള്ള യോഗ്യതയോ പ്രവര്‍ത്തന പരിചയമോ പ്രാപ്തിയോ ഇവര്‍ക്കാര്‍ക്കുമില്ല. കഴിവും പരിചയസമ്പത്തുമുള്ളവരെയാണ് സാധാരണ ഇത്തരം പദവികളില്‍ നിയമിക്കാറ് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍തന്നെ ഇതിന് അടിവരയിടുന്നു.
അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരേയെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇപ്രാവശ്യം അധികാരത്തില്‍ വന്നത്. ഐക്യജനാധിപത്യമുന്നണിയുടെ അവസാനകാലത്ത് ആ മുന്നണിയെ ഗ്രസിച്ച അഴിമതി ആരോപണങ്ങളും തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പ് മെത്രാന്‍കായല്‍ നികത്താന്‍ അനുമതി നല്‍കിയതും സോളാര്‍ വിവാദങ്ങളും അഴിമതിയാരോപണവിധേയരായ മന്ത്രിമാരെ വീണ്ടും മത്സരിപ്പിച്ചതും ബിജെപിയോട് മൃദുത്വം പുലര്‍ത്തുന്നുവെന്ന ആരോപണങ്ങളും മുന്നണിയിലെ പ്രധാനകക്ഷിയായ കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പോടുകൂടി നിഷ് പ്രഭമാക്കി. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ വിജയം ഇല്ലായിരുന്നുവെങ്കില്‍ മുന്നണി അപ്രസക്തമാകുമായിരുന്നു.
ഈ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നത്. 2006 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തില്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍, ഫാരിസ് അബൂബക്കര്‍ വിഷയങ്ങളും എളമരം കരീമിനെതിരേയുള്ള അഴിമതിയാരോപണങ്ങളും മറന്നുകൊണ്ടാണ് ജനങ്ങള്‍ പ്രതീക്ഷയോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഇത്തവണ അധികാരത്തിലേറ്റിയത്. ഇടതുപക്ഷം വരും എല്ലാം ശരിയാകുമെന്ന മുദ്രാവാക്യത്തിന് ഈ വിജയത്തില്‍ വലിയപങ്കുണ്ടായിരുന്നു. അതൊരു വ്യാജമുദ്രാവാക്യമായിരുന്നില്ലെന്നു തെളിയിക്കേണ്ട ബാധ്യത പിണറായി സര്‍ക്കാറിനുണ്ടായിരുന്നു. അധികാരമേറ്റതിന്റെ 100 ദിവസം കഴിഞ്ഞപ്പോഴേയ്ക്കും ആ മുദ്രാവാക്യംതന്നെ വിസ്മരിക്കപ്പെട്ടിരിക്കുകയാണ്.
പാര്‍ട്ടിനേതാക്കളുടെ ബന്ധുക്കള്‍ക്കും മന്ത്രിമാരുടെ ബന്ധുക്കള്‍ക്കും ധൃതിപിടിച്ച് ഉന്നതസ്ഥാനങ്ങള്‍ തരപ്പെടുത്തിക്കൊടുക്കുന്നതിലാവരുതു സര്‍ക്കാറിന്റെ ശ്രദ്ധ. ഇതൊക്കെ കാണുമ്പോള്‍ ജനം എന്താണു കരുതേണ്ടത്.
ഈ അധികാരാരോഹണം ബംഗാളിലേതുപോലെ അവസാനത്തേതാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ബാധ്യത സി.പി.എമ്മിനുണ്ട്. കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗീയതക്കെതിരേയും അഴിമതിക്കെതിരേയും ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കെല്‍പ്പുള്ള ഏകരാഷ്ട്രീയപ്രസ്ഥാനം സി.പി.എം ആണെന്ന വിശ്വാസത്തിന്റെ കടയ്ക്കലാണു മഴുവീണിരിക്കുന്നത്. പഴയ സി.പി.എമ്മിലേയ്ക്കാണു തിരിച്ചുപോക്കെങ്കില്‍ ബി.ജെ.പി മുന്നണി സ്വപ്നംകാണുന്ന കാലം വന്നേയ്ക്കുമോയെന്നു പേടിക്കേണ്ടിരിക്കുന്നു. ആദിവാസികളും പട്ടികജാതിക്കാരും അടിസ്ഥാന സൗകര്യങ്ങളില്ലാതെ നരകിക്കുമ്പോള്‍, തൊഴിലും ഭൂമിയുമില്ലാതെ ആയിരക്കണക്കിനാളുകള്‍ തെണ്ടുമ്പോള്‍, മരുന്നും ഭക്ഷണവുമില്ലാതെ നിരവധിപേര്‍ കഷ്ടപ്പെടുമ്പോള്‍ അതിലൊന്നും ശ്രദ്ധിക്കാതെ സ്വന്തക്കാര്‍ക്കു സ്ഥാനമാനങ്ങള്‍ നേടാന്‍ ഓടിനടക്കുന്ന 'കമ്യൂണിസ്റ്റ്മന്യ'ന്മാര്‍ പാര്‍ട്ടിക്കും നാടിനും നാശം വിതയ്ക്കുകയാണു ചെയ്യുക. ഇങ്ങനെ തുടരുകയാണെങ്കില്‍ ഇനിയൊരു തിരിച്ചുവരവു സാധ്യമാകാത്തവണ്ണം ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ജനം തിരസ്‌കരിക്കുമെന്നതിനു സംശയമില്ല. ഇന്നത്തെ ബംഗാള്‍ നാളത്തെ കേരളമായിക്കൂടെന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."